ഇരിക്കൂര്‍: പടിയൂര്‍ പഞ്ചായത്തിലെ ചുവന്നകോട്ടകളില് വികസനാത്മക പരിവര്‍ത്തന സന്ദേശവുമായി മട്ടന്നൂര്‍ നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ഥി ബിജു ഏളക്കുഴി പര്യടനം നടത്തി. ഇതിനോടകം പഞ്ചായത്തിലെ രണ്ടാംഘട്ട പര്യടനം പൂര്‍ത്തീകരിച്ചു. രാവിലെ കല്ല്യാട് നിന്നാരംഭിച്ച വോട്ടഭ്യര്‍ത്ഥന പെരുമാണ്ണില് സമാപിച്ചു. ബ്ലാത്തൂര്‍, മുച്ചേരി, മണ്ണേരി കോളനികളിലും തിരൂര്‍, കൊശവന്‍വയല്‍, ആലത്തുംപറമ്പ്, ഊരത്തൂര്‍, പടിയൂര്‍, ചടച്ചിക്കുണ്ടം, കല്ലുവയല്‍ തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാനാര്‍ഥി എത്തി. കോളനിയിലെ ദുരവസ്ഥ കോളനിവാസികള്‍ നേരിട്ട് സ്ഥാനാര്‍ഥിയെ അറിയിച്ചു. പണിയില്ലാതെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ നേരത്തെ ജയിച്ചു പോയവര്‍ അവഗണിച്ചതിന്റെ നേര്‍ചിത്രമാണ് കോളനിവാസികള്‍ അറിയിച്ചതും ബിജെപി സാരഥിക്കും സഹ പ്രവര്‍ത്തകര്‍ക്കും നേര്കാഴ്ചയില് കാണാന്‍ സാധ്യമായതും. വോട്ടുവാങ്ങി ജയിച്ചുപോയവര്‍ ഒരു തിരിഞ്ഞുനോട്ടം ഞങ്ങളിലൂടെ ഉണ്ടായതില്ല എന്ന യാഥാര്‍ത്ഥ്യത്തില്‍ നിലയുറച്ച കോളനിവാസികള്‍ നാട്ടില്‍ വികസനാത്മക പരിവര്‍ത്തനം ആവശ്യമാണെന്നും ഞങ്ങള്‍ ബിജെപിയെ സഹായിക്കും എന്ന ആത്മബലവും കോളനി വാസികള്‍ സ്ഥാനാര്‍ഥിക്ക് നല്കി. കിസാന്‍ സംഘ് സംസഥാന ജനറല്‍സെക്രട്ടറി കെ.വി.സഹദേവന്, ആര്‍എസ്എസ് താലൂക്ക് ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.രാജേഷ്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജി.ഊരത്തൂര്‍, ജനറല്‍സെക്രട്ടറി എം.ബാബുരാജ്, ഷിജു ഏളക്കുഴി, കെ.സുനില്‍കുമാര്‍, പി.വി.പ്രിയേഷ്, തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: