ന്യൂദല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന് മാസിമിലാനോ ലത്തോറെക്ക് സെപ്തംബര്‍ 30 വരെ ഇറ്റലിയില്‍ കഴിയാന്‍ സുപ്രീം കോടതി അനുമതി നല്കി. ഈ കാലയളവിനുള്ളില്‍ ലത്തോറെ ഭാരതത്തിലേക്ക് മടങ്ങി വരുമെന്ന് ന്യൂദല്‍ഹിയിലെ ഇറ്റാലിയന്‍ സ്ഥാനമതി സുപ്രീംകോടതിക്ക് രേഖാമൂലം എഴുതി നല്‍കണമെന്ന് നിര്‍ദ്ദേശം നല്കി.
ലത്തോറയെ സ്വന്തം രാജ്യത്ത് ഒരു വര്‍ഷം താമസിപ്പിക്കണമെന്ന ഇറ്റലിയുടെ അപേക്ഷ സുപ്രീംകോടതി തള്ളി.
കടല്‍ക്കൊല കേസ് വിചാരണ നടത്താന്‍ ഇന്ത്യക്കാണ് അധികാരമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു. കേസ് ഇനി സെപ്റ്റംബര്‍ 20ന് കോടതി വീണ്ടും പരിഗണിക്കും. 2014 ആഗസ്തില്‍ പക്ഷാഘാതം വന്നതിനെത്തുടര്‍ന്നാണ് ലത്തോറക്ക് നാട്ടില്‍ പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.
നാലുമാസത്തേക്ക് നല്കിയ കാലാവധി ഇറ്റലിയുടെ അപേക്ഷയില്‍ സുപ്രീംകോടതി നീട്ടിനല്‍കുകയായിരുന്നു. നേരത്തേ ജനുവരി 15നകം തിരിച്ചുവരണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. ഈ സമയപരിധി മൂന്നര മാസത്തേക്കു കൂടി നീട്ടി ഏപ്രില്‍ 30 വരെ സാവകാശം അനുവദിച്ചിരുന്നു. കടല്‍ക്കൊല കേസിലെ രണ്ടാമത്തെ പ്രതി സല്‍വതോര്‍ ഗിറോണ്‍ ദല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണ് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: