കൊച്ചി: മയക്കു മരുന്നു ലഹരിയില്‍ പത്തുവയസുകാരനെ നടുറോഡില്‍ യുവാവ് കുത്തിക്കൊന്നു. എറണാകുളം പുല്ലേപ്പടി ചെറുകരയത്ത് ലൈന്‍ റോഡില്‍ പറപ്പിള്ളി ജോണിന്റെ മകന് റിസ്റ്റി ജോണ്‍ (റിച്ചി-10) യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഏഴിന് കടയില്‍ നിന്ന് പാലും വാങ്ങി വീട്ടിലേക്ക് തിരികെ വരുമ്പോള്‍ അയല്‍വാസിയായ പൊന്നാശേരി വീട്ടില്‍ അജി ദേവസ്യ (40) റിസ്റ്റിയെ അരുംകൊല ചെയ്യുകയായിരുന്നു. പോലീസ് പിടിയിലായ ഇയാള്‍ മയക്കുമരുന്നിന് അടിമയും മാനസിക വിഭ്രാന്തിക്കാരനുമാണെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച റിസ്റ്റിയുടെ ആദ്യകുര്‍ബാന സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് നാടിനെ നടുക്കിയ സംഭവം. വീട്ടില്‍ നിന്നും റെയില്‍വേ പാളം കഴിഞ്ഞുള്ള ഇടവഴിയില്‍ വെച്ചാണ് അജി റിസ്റ്റിയെ കുത്തിയത്. കഴുത്തിലും മുഖത്തുമായി 17ഓളം കുത്തേറ്റ റിസ്റ്റി സംഭവസ്ഥലത്ത് കുഴഞ്ഞുവീണു. വസ്ത്രങ്ങള്‍ കഴുകിക്കൊണ്ടിരുന്ന പറയന്തറ ആനിയാണ് സംഭവം ആദ്യംകണ്ടത്.
റോഡിന് ഇരുവശവും വീടുകളുണ്ടായിരുന്നുവെങ്കിലും ആ സമയത്ത് ആരുംതന്നെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റിരുന്നില്ല. കുട്ടിയെ കെട്ടിപ്പിടിച്ചശേഷം കത്തിക്ക് കുത്തുന്നതും കുട്ടി താഴെ വീഴുന്നതും കണ്ട ആനി നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ആകെ 27 മുറിപ്പാടുകള്‍ മൃതദേഹത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിന് ശേഷം അജി തിരിച്ച് പോയി. നാട്ടുകാര്‍ വിവരമറിയിച്ചതോടെ സ്ഥലത്തെത്തിയ പൊലീസ് അജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ഥലത്ത് നിന്നും കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തു.
ആളുകളുടെ നിലവിളികേട്ട് അമ്മ ലിനിയും ജ്യേഷ്ഠന് ഏയ്ബിളും ഓടിയെത്തി. കുട്ടിയുടെ കഴുത്തില്‍ തറച്ചിരുന്ന കത്തി ലിനി തന്നെ ഊരിമാറ്റി. പെട്ടെന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്റ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേഷ്, സെന്‍ട്രല്‍ സിഐ വിജയകുമാര്‍ തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന്ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ചു. നിരവധി പേര് റിസ്റ്റിയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. സംസ്കാരം ഇന്ന് രാവിലെ 10ന് ബ്രോഡ്വേ സെന്റ്മേരീസ് ബസിലിക്ക പള്ളിയില്‍.
എറണാകുളം സെന്റ് ആല്‍ബര്‍ട്സ് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന റിസ്റ്റി അഞ്ചിലേക്ക് പ്രവേശിച്ചിരുന്നു. സഹോദരന് ഏയ്ബിള് ജോണും ഇതേ സ്കൂളില്‍ ഏഴാം ക്ലാസിലേക്ക് ജയിച്ചിരുന്നു. അച്ഛന് ജോണ്‍ കെഎസ്ആര്ടിസിസ്റ്റാന്ഡില് ഓട്ടോറിക്ഷ ഡ്രൈവറാണ്. ലിനിക്ക് നോട്ട്ബുക്ക് ബയന്റിങ്ങാണ് തൊഴില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: