കൊച്ചി: ഇരവിപുരത്തെ ഇടതു സ്ഥാനാര്‍ത്ഥി എം. നൗഷാദിനെ കൊലക്കേസില്‍ പ്രതിചേര്‍ത്ത നടപടി സ്റ്റേ ചെയ്തതു റദ്ദാക്കണമെന്ന ഹര്‍ജി മധ്യവേനലവധിക്കു ശേഷം പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റി. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കൊല്ലം പട്ടത്താനം സുരഭി നഗറില്‍ പുളിന്താനത്തു തെക്കേതില്‍ സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ 15 വര്‍ഷത്തിനുശേഷം നൗഷാദിനെ കോടതി പ്രതി ചേര്‍ത്തിരുന്നു.
ഇതിനെതിരെ നൗഷാദ് ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സന്തോഷിന്റെ ഭാര്യ ശോഭ നല്കിയ ഹര്‍ജി ജസ്റ്റീസ് പി.വി. ആശയാണ് മധ്യവേനലവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റിയത്.
1997 നവംബര്‍ 24 ന് രാത്രിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിജയകുമാറിനൊപ്പം സൈക്കിളില്‍ പോകുമ്പോള്‍ പട്ടത്താനം മണിച്ചിത്തോടിനു സമീപം കാറിലെത്തിയ ഒരു സംഘം സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ മൂന്നു പ്രതികളെ കോടതി പിന്നീട് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസന്വേഷണം നടക്കുന്ന ഘട്ടത്തില്‍ വടക്കേവിള പഞ്ചായത്തംഗങ്ങളായിരുന്ന നൗഷാദിനെയും അനില്‍ കുമാറിനെയും പ്രതികളാക്കിയിരുന്നെങ്കിലും പിന്നീട് ഇവരെ ഒഴിവാക്കിയാണ് കുറ്റപത്രം നല്‍കിയത്.
എന്നാല്‍ ഈ കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി പിന്നീട് പിടിയിലായപ്പോള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ 2012 ല്‍ നൗഷാദിനെും അനില്‍കുമാറിനെയും കോടതി പ്രതിചേര്‍ത്തു. ഇതിനെതിരെ നൗഷാദ് നല്കിയ ഹര്‍ജിയില്‍ തീരുമാനം പുനഃപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചെങ്കിലും ഇരുവരെയും പ്രതി ചേര്‍ക്കാന്‍ വിചാരണക്കോടതി വീണ്ടും ഉത്തരവിട്ടു. തുടര്‍ന്നാണ് നൗഷാദ് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ നേടിയത്. ഹൈക്കോടതി സ്റ്റേ അനുവദിച്ചതു മൂലം കേസിലെ തുടര്‍നടപടികള്‍ അനന്തമായി നീളുമെന്നും ഇതൊഴിവാക്കാന്‍ സ്റ്റേ റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാരിയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: