മാനന്തവാടി : ക്വാറിക്ക് സമീപത്തെ ഷെഡ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു. മാനന്തവാടി ഒണ്ടയങ്ങാടി എടപ്പെട്ടി റോഡിലെ കരിങ്കല്‍ ക്വാറിക്ക് സമീപത്തെ ഷെഡ്ഡില്‍ നിന്നാണ് മാനന്തവാടി പൊലീസ് അരച്ചാക്കോളം അമോണിയം നൈട്രേറ്റ് നിരവധി ഡിറ്റനേറ്ററുകള്‍ എന്നിവ കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകീട്ട് എസ്ഐ വിനോദ് വലിയാറ്റൂരും സംഘവും നടത്തിയ പരിശോധനയിലാണ് ഉഗ്രവീര്യമുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഡിറ്റനേറ്ററുകള്‍ പൊലീസ് നിര്‍വ്വീര്യമാക്കി. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്ഫോടക വസ്തുക്കള്‍ പാറപൊട്ടിക്കുന്നതിനായി സൂക്ഷിച്ചതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. ഇതേസമയം തിരഞ്ഞെടുപ്പ് വേളയില്‍ അനധികൃതമായി സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതിനെ പൊലീസ് ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുട്ടിലില്‍ നിന്നും കല്‍പ്പറ്റ പൊലീസ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയിരുന്നു. കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്ഫോടക വസ്തുക്കളുടെ സൂക്ഷിപ്പിനും ഉപയോഗത്തിനും നിയന്ത്രണമുണ്ട്. ദുരന്തദിവസത്തില്‍ വയനാട്ടിലെ ക്വാറികളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും അളവില്‍ കവിഞ്ഞതോ അനധികൃതമായതോ ആയ സോഫടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: