നെടുമങ്ങാട്: പുഷ്പാര്‍ച്ചനയ്ക്കെത്തിയ സിപിഐ സ്ഥാനാര്‍ത്ഥി സി. ദിവാകരന് മുന്‍ എംഎല്‍എയുടെ മകനെ വീട്ടില്‍ കയറി അവഹേളിച്ചു. നെടുമങ്ങാട് നിന്ന് ആദ്യമായി നിമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട എംഎല്‍എയും ദീര്‍ഘനാള്‍ എംഎല്‍എയും ആയിരുന്ന എന്‍.എന്‍. പണ്ടാരത്തിന്റെ മകന് സതീഷ് മോഹന്‍ പണ്ടാരമാണ് ഇന്നലെ സിപിഐ നെടുമങ്ങാട് സ്ഥാനാര്‍ത്ഥി സി. ദിവാകരന് വീട്ടില്‍കയറി അപഹാസ്യമായ രീതിയില്‍ പെരുമാറിയെന്ന പാരാതി ഉന്നയിച്ചത്.
ബിജെപിയില്‍ പ്രവര്‍ത്തിക്കാനുള്ള അവകാശം നിനക്ക് ആരുതന്നുവെന്ന് ചോദിച്ച് ദിവാകരന് കുടുംബാംഗങ്ങളെയും സതീഷ് പണ്ടാരത്തിനെയും ഒന്നടങ്കം ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു. ഈ തരംതാണ നടപടിയില്‍ സതീഷിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധം അറിയിച്ചു.
എന്‍.എന്‍. പണ്ടാരത്തിന്റെ സ്മൃതിസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്താനെത്തിയതായിരുന്നു സി. ദിവാകരന്. എന്നാല്‍ അച്ഛനോട് കാട്ടിയ ക്രൂരതകള്‍ മറച്ചുപിടിച്ച് തെരെഞ്ഞെടുപ്പടുത്തപ്പോള് വോട്ടുനേടാനായി തങ്ങളുടെ വീട്ടില്‍ കയറിയ സിപിഎം നേതാവിനെ പുഷ്പാര്‍ച്ചനയ്ക്ക് സതീഷ് അനുവദിച്ചില്ല. ഇതില്‍ കുപിതനായ ദിവാകരന് നിന്നെ പിന്നെ കണ്ടോളാം എന്ന് ഭീഷണിമുഴക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. ദിവാകരന് തന്റെ കുടുംബത്തിന്റെ മുന്നില്‍ വച്ച് നികൃഷ്ടമായി അവഹേളിക്കുകയായിരുന്നുവെന്ന് സതീഷ് മോഹന്‍ പണ്ടാരത്തില്‍ പറഞ്ഞു.
ഹിന്ദുമഹാമണ്ഡലത്തെ പ്രതിനിധീകരിച്ച് 1952 ല്‍ നിയമസഭയിലെത്തിയ ആളാണ് എന്‍.എന്‍. പണ്ടാരത്തില്‍. ദീര്‍ഘനാള്‍ നായമസഭാ അംഗമായിരുന്ന ഇദ്ദേഹം നെടുമങ്ങാട് താലൂക്കാശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ നിര്‍മ്മിക്കുകയും ധാരാളം റോഡുകള്‍ നിര്‍മ്മിച്ച് സഞ്ചാരയോഗ്യമാക്കുകയും ചെയ്ത വ്യക്തിയാണ്. പണ്ടാരത്തില്‍ ദീര്‍ഘനാള്‍ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. അവസാന നാളില്‍ ബിജെപി യുമായി സഹകരിച്ചുപോന്നു. തന്നോടും കുടുംബാംഗങ്ങളോടും സിപിഐ കാണിച്ച ക്രൂരമായ അവഗണനയെ പറ്റി എന്‍.എന്‍. പണ്ടാരം വളരെ വേദനയോടെ നിരന്തരം പറയുമായിരുന്നു. തനിക്ക് പൊതുജീവിതം തന്ന ഹിന്ദുമഹാമണ്ഡലത്തിന്റെ നവരൂപമായ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന അച്ഛന്റെ ആവശ്യമാണ് ഇപ്പോള്‍ താന്‍ നിര്‍വ്വഹിച്ചത്. താന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ കോപിഷ്ടനായാണ് സിപിഎം സ്ഥാനാര്‍ത്ഥി സി. ദിവാകരന് തന്നെയും കുടുംബത്തെയും അപഹാസ്യരാക്കിയതെന്ന് സതീഷ് മോഹന്‍ പണ്ടാരത്തില്‍ പറഞ്ഞു.
മുന്‍ എംഎല്‍എ എന്‍.എന്‍. പണ്ടാരത്തിന്റെ വീട്ടില്‍ കയറി മകന് സതീഷ്മോഹന്‍ പണ്ടാരത്തിനെ ഭീഷണിപ്പെടുത്തിയ സിപിഐ സ്ഥാനാര്‍ത്ഥി സി. ദിവാകരന്റെ നടപടിയെ ബിജെപി ശക്തമായി അപലിപിച്ചു. പരാജയഭീതി പൂണ്ട സിപിഐയുടെ ഇത്തരം പ്രവണതയ്ക്കെതിരെ ബിജെപി പ്രതിഷേധിക്കുന്നതായി മണ്ഡലം പ്രസിഡന്റ് ബാലമുരളി, ജനറല്‍ സെകട്ടറി പൂവത്തൂര്‍ ജയന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: