മൂവാറ്റുപുഴ: പുത്തന്‍വേലിക്കരയില്‍ 112ഏക്കര്‍ മിച്ചഭൂമി ഹൈടെക് ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ അനുമതി നല്‍കിയതിലെ അഴിമതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കിയ വിജിലന്‍സ് വ്യവസായ വകുപ്പിന്റെ പങ്ക് അന്വേഷിക്കാത്തതില്‍ കോടതിക്ക് അതൃപ്തി. കൂടുതല്‍ വ്യക്തമായ വിശദീകരണം നല്കാന് ത്വരിത പരിശോധന നടത്തിയ വിജിലന്‍സ് എസ്പിയോട് കോടതി ആവശ്യപ്പെട്ടു.
സന്തോഷ് മാധവന് ഇടനിലക്കാരനായി വില്‍പ്പന നടത്തിയ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ പുത്തന്‍വേലിക്കര വില്ലേജില്‍ 95.44 ഏക്കര്‍ നിലവും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കിലെ മടത്തുംപടി വില്ലേജില്‍ 32.41 ഏക്കര്‍ നിലവും സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്തിരുന്നു. ഇവിടെ ഐടിപാര്‍ക്ക് സ്ഥാപിക്കുവാന്‍ നല്കിയ അപേക്ഷ 1960-ലെ ഭൂപരിഷ്ക്കരണ നിയമത്തിലെ ഇളവ് അനുവദിച്ചുകൊണ്ട് കഴിഞ്ഞമാസം 2-ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് വിവാദമാകുകയും റവന്യൂവകുപ്പ് മന്ത്രി പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പൊതുപ്രവര്ത്തകന് ഗിരീഷ്ബാബു നല്കിയ ഹര്‍ജിയില്‍ ത്വരിതപരിശോധനയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം വിജിലന്‍സ് എസ്പി ജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണറിപ്പോര്‍ട്ട് കഴിഞ്ഞ 21-ന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മന്ത്രി അടൂര്‍പ്രകാശ് ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരല്ലെന്നും കേസെടുക്കാന്‍ തെളിവില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്. കേസ് വീണ്ടും ഇന്നലെ പരിഗണനയ്ക്കെടുത്തപ്പോള്‍ വ്യവസായ വകുപ്പിന്റെ നടപടിയെ പരാമര്ശിക്കാത്തതിലും ഹര്‍ജിക്കാരനുവേണ്ടി വാദിച്ച അഭിഭാഷകന് വിജിലന്‍സ് റിപ്പോര്‍ട്ടിനെ എതിര്‍ത്തു.
ഐടി വകുപ്പ് കേരള കണ്‍സര്‍വേഷന്‍ ഓഫ് പാഡി ലാന്‍ഡ് ആന്റ് വെറ്റ്ലാന്‍ഡ് ആക്ട് 2008-ലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ച് ആദ്യം തള്ളിയ പദ്ധതി പിന്നീട് വ്യവസായ വകുപ്പിന്റെ ശുപാര്‍ശയോടെ എങ്ങിനെ മന്ത്രിസഭയിലെത്തിയെന്ന് കോടതി ചോദിച്ചു. ഐടി പദ്ധതി തുടങ്ങുന്ന ഭൂമി തണ്ണീര്ത്തടമാകരുതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന നിബന്ധന.
പുത്തന്വേലിക്കരയിലേയും മടത്തുംപടിയിലേയും ഭൂമിക്ക് ഇതില്‍ ഇളവ് നല്‍കാനുള്ള സാഹചര്യമെന്താണെന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് പരാമര്‍ശമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. വ്യവസായ വകുപ്പിന്റെ ശുപാര്‍ശ എന്തായിരുന്നുവെന്നും ഇക്കാര്യങ്ങളില്‍ വ്യക്തതയും വിശദീകരണവും അനിവാര്യമാണെന്നും ജഡ്ജി പി.മാധവന് പറഞ്ഞു. അതിനാല്‍ വ്യവസായ വകുപ്പിന്റെകൂടി വിശദീകരണറിപ്പോര്ട്ട് മെയ് 2-ന് കേസ് പരിഗണിക്കുമ്പോള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: