ബാഴ്സലോണ: കളിമണ്‍ കോര്‍ട്ടില്‍ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനത്തിലൂടെ മുന്‍ ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാലിന്റെ മുന്നേറ്റം. കഴിഞ്ഞയാഴ്ച മോണ്ടെകാര്ലോയില് കിരീടം നേടിയ നദാല്‍, ബാഴ്സലോണ ഓപ്പണ്‍ ടെന്നീസ് കിരീടം സ്വന്തമാക്കി തുടരെ രണ്ടാം തവണ വിജയരഥമേറി. ബാഴ്സലോണയിലെ ജയത്തോടെ കളിമണ്‍ കോര്‍ട്ടില്‍ 49 കിരീടങ്ങളെന്ന ഗ്വില്ലെര്‍മോ വിലാസിന്റെ നേട്ടത്തിനൊപ്പമെത്തി സ്പാനിഷ് താരം.
കളിമണ്‍ കോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ കിരീടമെന്ന വിലാസിന്റെ റെക്കോഡ് പങ്കിട്ട് ചരിത്രത്തിന്റെ ഭാഗവുമായി നദാല്‍. ഒരു കിരീടംകൂടി നേടിയാല്‍ കളിമണ്‍ കോര്‍ട്ടിലെ ചക്രവര്‍ത്തിയാകും ഈ മുന്‍ ഒന്നാം നമ്പര്‍ താരം.
കഴിഞ്ഞ രണ്ടുവട്ടവും ചാമ്പ്യനായ ജപ്പാന്റെ കെയ് നിഷികോരിയെ തുടര്‍ച്ചയായ സെറ്റില്‍ കീഴടക്കിയാണ് നദാല്‍ ജേതാവായത്, സ്കോര്‍: 6-4, 7-5. ബാഴ്സലോണയില്‍ സ്പാനിഷ് താരത്തിന്റെ ഒമ്പതാം കിരീടമാണിത്.
പരിക്കും ഫോമില്ലായ്മയും മൂലം ഏറെ വലഞ്ഞ നദാലിന്റെ തിരിച്ചുവരവിന്റെ സൂചനകളാണ് കളിമണ്‍ കോര്‍ട്ടിലെ തുടര്‍ കിരീടങ്ങള്‍. മോണ്ടെകാര്ലോയില് ജയിച്ച് ഒരാഴ്ചയ്ക്കു ശേഷം ശക്തരായ എതിരാളികളെ മറികടന്ന് ബാഴ്സലോണയിലും മെഡല്‍ ചാര്‍ത്താനായത് അടുത്ത രണ്ടു മാസത്തിനിടെ നടക്കുന്ന ഫ്രഞ്ച് ഓപ്പണ്‍, വിംബ്ള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ഏറെ ആത്മവിശ്വാസം നല്‍കും നദാലിന്, പ്രത്യേകിച്ച് പാരീസിലെ കളിമണ്‍ പ്രതലത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: