കോട്ടയം: വികസന നായകനെന്ന വ്യാജപരിവേഷം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നേറുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ അഴിമതിയുടെ കഥക്കൂട്ടുകളുമായി എന്‍ഡിഎ. വിരലില്‍ എണ്ണാവുന്ന റോഡുകളും പാലങ്ങളും നിര്‍മ്മിച്ച തിരുവഞ്ചൂര്‍, മണ്ഡലത്തില്‍ വലിയ വികസനമാണ് കാഴ്ചവച്ചതെന്നാണ് യുഡിഎഫിന്റെ പ്രചാരണം. ഇത്തരം ഓരോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും ഒളിച്ചിരിക്കുന്ന അഴിമതിയുടെ മാലപ്പടക്കമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എം. എസ്. കരുണാകരന് പൊതുവേദികളില്‍ വിശദീകകരിക്കുന്നത്.
എംസി റോഡ് വികസനത്തിനായി സര്‍ക്കാര്‍ വിലനല്‍കി ഏറ്റെടുത്ത ഭൂമിയില്‍ പാതിയോളം ഭൂവുടമയ്ക്ക് വിട്ടുനല്‍കി സര്‍ക്കാരിന് ഉണ്ടാക്കിയ നഷ്ടം പൊതുജനമദ്ധ്യത്തില്‍ തുറന്നുകാട്ടി സ്ഥലം വീണ്ടെടുത്തായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി അങ്കത്തിന് തുടക്കം കുറിച്ചത്. വിപണിവിലയ്ക്ക് ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡിനടിയില്‍ കണ്ടെത്തിയ കിണറും അതില്‍നിന്നും സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് നിര്‍മ്മിച്ച മാന്‍ഹോളും പൊതുജനമദ്ധ്യത്തില്‍ അധികൃതര്‍ക്ക് കാട്ടികൊടുത്തതോടെ വികസന പരിവേഷം നഷ്ടമായ സങ്കോചത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
വളരെ വിഖ്യാതമായ കോട്ടയം കോറിഡോറിന്റെ നിര്‍മ്മാണത്തില്‍ കോടികളുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടാക്കിവച്ചതെന്നും എന്‍ഡിഎ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി തകര്‍ത്ത് ഏക്കറുകണക്കിന് നീര്‍ത്തടങ്ങള്‍ നികത്തി ഉണ്ടാക്കിയ കോറിറോഡിന്റെ നിര്‍മ്മാണത്തിലെ അപാകതമൂലം വാഹനങ്ങള്‍ക്ക് പാര്‍ക്കുചെയ്യാനുള്ള മൈതാനമായി അവശേഷിക്കുന്നു. ഈ പ്രദേശം ഇന്ന് സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രം കൂടിയാണ്. തുടക്കത്തില്‍ 23 മീറ്റര്‍ വീതിയുള്ള റോഡ് അവസാനിക്കുന്നത് മൂന്നരമീറ്റര്‍ വീതിയിലാണ്. വന്‍ വ്യവസായികളുടെ നീര്‍ത്തടങ്ങളുടെ മദ്ധ്യഭാഗത്തുകൂടി നിര്‍മ്മിച്ചുനല്‍കിയ റോഡിന്റെ ലക്ഷ്യം ഭൂമാഫിയയെ സഹായിക്കാനാണെന്നാണ് ആക്ഷേപം.
കോട്ടയം നഗരത്തിന്റെ മദ്ധ്യഭാഗത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന അശാസ്ത്രീയമായ ആകാശ നടപ്പാത ഒരു സ്വകാര്യ ബിസിനസ് മാളുകാരനെ സഹായിക്കാനാണെന്ന ആരോപണവും ശക്തമാണ്. ഇടുങ്ങിയ നഗരത്തില്‍ ആകാശ നടപ്പാത അശാസ്ത്രീയമാണെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങള്‍ പോലും മുഖവിലക്കെടുത്തില്ല. അശാസ്ത്രീയ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് പിന്നില്‍ കോടികളുടെ അഴിമതിയാണ് ലക്ഷ്യമിടുന്നതെന്നും എന്‍ഡിഎയുടെ ആരോപിച്ചു.
ഈ പ്രദേശത്ത് അടിപ്പാത നിര്‍മ്മിക്കുകയാണ് നഗരത്തിലെ കുരുക്കിന് ശമനമുണ്ടാക്കാനുള്ള ഏക പോംവഴിയെന്നാണ് വിദഗ്ധാഭിപ്രായം.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട പടിഞ്ഞാറന്‍ ബൈപ്പാസിന് പിന്നില്‍ ഒളിഞ്ഞിരുന്നത് ലക്ഷങ്ങളുടെ അഴിമതി കഥകളാണ്. കാര്‍ഷിക മേഖലയുടെ പരിപോഷണത്തിനെന്ന വ്യാജേന നടപ്പിലാക്കിയ 57കോടിയുടെ പദ്ധതി സമീപത്തെ ഭൂവുടമകളുടെ താത്പര്യ സംരക്ഷണാര്ത്ഥമാണെന്നാണ് ആരോപണം. പ്രദേശവാസികളുടെ എതിര്‍പ്പിനെ മറികടന്ന് പദ്ധതി പാതിവഴിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇത് യുഡിഎഫ് നേതൃത്വത്തെ ഒന്നടങ്കം വെട്ടിലാക്കിയിട്ടുണ്ട്. 33 കോടിമുടക്കി രണ്ട് പാലങ്ങള്‍ നിര്‍മ്മിക്കേണ്ടിവന്നത് പദ്ധതിയുടെ അശാസ്ത്രീയതയായി ചൂണ്ടിക്കാട്ടുന്നു.
കോട്ടയം നഗരത്തില്‍ പ്രവേശിക്കാതെ മൂന്നര കിലോമീറ്റര്‍ ലാഭത്തില്‍ തിരുവാതുക്കലെത്തി കുമരകം ഭാഗത്തേക്ക് ഭാരവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുമെന്ന പദ്ധതി ലക്ഷ്യവും നടപ്പായില്ല.
ഇത്തരത്തില്‍ ഓരോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേയും അശാസ്ത്രീയതയും അഴിമതിയും തുറന്നുകാണിച്ചുകൊണ്ടുള്ള പ്രചാരണമാണ് എന്‍ഡിഎ നടത്തുന്നത്. അഴിമതി ആരോപണങ്ങള്‍ പൊതുവെ സൗമ്യശീലക്കാരനായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രകോപിതനാക്കുന്നുണ്ട്. ഏതാനും ദിവസം മുമ്പാണ് നേതാവിനൊപ്പം പരിപാടി ചിത്രീകരിക്കാനായെത്തിയ ജനം ടിവി പ്രവര്‍ത്തകര്‍ക്കുനേരെ കൈയ്യേറ്റ ശ്രമമുണ്ടായത്. അഴിമതി ആരോപണങ്ങളെ താങ്കളെങ്ങനെ പ്രതിരോധിക്കുമെന്ന ചോദ്യമാണ് അന്ന് അദ്ദേഹത്തെ പ്രകോപിതനാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: