അടൂര്‍: അടൂരില്‍ അടരാടാന്‍ യുവത്വത്തിന്റെ ഊര്‍ജ്ജവുമായി എത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി.സുധീര്‍ മണ്ഡലത്തില്‍ നിറയുന്നു. ഇടതുവലത് മുന്നണികളിലെ സ്ഥാനാര്‍ത്ഥികളേക്കാള്‍ പ്രായത്തില്‍ ഇളപ്പമാണെങ്കിലും ജനകീയപ്രശ്നങ്ങളില്‍ ഇടപെട്ടു നടത്തിയ പോരാട്ടങ്ങളില്‍ ഏറെ മുമ്പിലാണ് സുധീര്‍. പ്രചരണത്തിന്റെ ആദ്യഘട്ടം പിന്നിട്ടപ്പോഴേക്കും ശക്തമായ ത്രികോണമത്സരത്തിന്റെ ചൂടുംചൂരും മണ്ഡലത്തിലുടനീളം ദൃശ്യമാക്കാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞു.
അടൂരിന്റെ സമഗ്രവികസനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സുധീറിന്റെ പ്രചരണം. കുടിവെള്ളം പോലും കിട്ടാക്കനിയാകുന്ന പട്ടികജാതി-വര്‍ഗ്ഗ കോളനികള്‍.ജനസംഖ്യയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഗണ്യമായ പ്രാതിനിധ്യം ഉണ്ടായിട്ടും ഇവിടെ ഇവര്‍ക്ക് അനുവദിച്ച ഫണ്ടുകള്‍ കാര്യമായി ചിലവഴിക്കാന്‍ പോലം കഴിഞ്ഞിട്ടില്ല എന്ന യാഥാര്‍ത്ഥ്യം മണ്ഡലത്തില്എത്തുന്നവര്ക്ക് മനസ്സിലാകും. ഇപ്പോഴും സാരിത്തലപ്പ്കൊണ്ട് മറച്ചുകെട്ടിയ വീടുകള്‍, വീട്ടിലുള്ളവര്‍ മരിച്ചാല്‍ മൃതദേഹം സംസ്ക്കരിക്കാന്‍ അടുക്കള പൊളിക്കേണ്ട സ്ഥിതി. ഇത്തരത്തില്‍ ദുരിതങ്ങളുടെ കഥകളാണ് പട്ടികജാതി വിഭാഗങ്ങള്‍ക്ക് പറയാനുള്ളത്.വോട്ട് ചെയ്ത് വിജയിപ്പിച്ചുവിട്ടവരെ തങ്ങളുടെ ഇല്ലായ്മകളും വല്ലായ്മകളും പരിദേവനങ്ങളും അറിയാനോ മനസ്സിലാക്കാനോ പിന്നീട് കണ്ടിട്ടില്ലെന്നാണ് ഇവിടെയുള്ളവരുടെ പരാതി. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ വിവിധ ഇടങ്ങളില്‍ പര്യടനം നടത്തിയ പി.സുധീറിന് മുന്നില്‍ നാട്ടുകാര്‍ ഇത്തരം പരാതികളുടെ കെട്ടഴിച്ചു. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന ഉറപ്പാണ് എന്‍ഡിഎയുടെ പ്രവര്ത്തനകരുത്ത്.
നിലവിലെ ജനപ്രതിനിധിയായ ചിറ്റയം ഗോപകുമാര്‍ തന്നെയാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി ഇവിടെ മത്സര രംഗത്തുള്ളത്. സംവരണ മണ്ഡലമായ അടൂരിന്റെ വികസനത്തിന് പുതുതായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന ആക്ഷേപമാണ്. എല്‍ഡിഎഫിനെ ഇവിടെ വലയ്ക്കുന്നത്. ജെഎസ്എസില്‍ നിന്നു കോണ്‍ഗ്രസിലെത്തി സ്ഥാനാര്‍ത്ഥിയായ കെ.കെ.ഷാജുവാണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. ഷാജുവിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോണ്‍ഗ്രസിനുള്ളിലെ അസംതൃപ്തി തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്ന് യുഡിഎഫുകാര്‍തന്നെ പറയുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ലോക്സഭാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് വന്‍ തോതില്‍ വോട്ട് വര്‍ദ്ധിച്ചത് എന്‍ഡിഎയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിലെത്തുമ്പോഴേക്കും ബിജെപിയുടെ വോട്ടുകള്‍ക്ക് നൂറുശതമാനത്തിലേറെ വര്‍ദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപിയുടെ ജനപിന്തുണ പതിന്മടങ്ങ് വര്‍ദ്ധിച്ചു. ബിഡിജെഎസിന്റെ പിന്തുണയും മണ്ഡലത്തിലെ കെപിഎംഎസ് അടക്കമുള്ള സംഘടനകളുടെ ബലവുംകൂടി ചേരുമ്പോള്‍ എന്‍ഡിഎയ്ക്ക് മണ്ഡലത്തില്‍ ശക്തമായ വേരോട്ടമാണുള്ളത്. അതുകൊണ്ടുതന്നെ പ്രചരണത്തിന്റെ ആദ്യഘട്ടം പിന്നിട്ടപ്പോഴേക്കും അടൂരില്‍ ത്രികോണ മത്സരമെന്ന ചിത്രവും തെളിഞ്ഞു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അഡ്വ. പി. സുധീര്‍ ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തുകയും എബിവിപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറുകയും ചെയ്തു. എബിവിപിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠനാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 2007 ല്‍ വയനാട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ പഠനാവകാശ സംരക്ഷണയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടു. 2010 മുതല്‍ 13 വരെ യുവമോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും അതിന് ശേഷം 2016 വരെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ച അഡ്വ.പി.സുധീര്‍ നിലവില്‍ പട്ടികജാതി മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റാണ്.
ആറന്മുള വിമാനത്താവളത്തിനെതിരേ യുവമോര്‍ച്ച നടത്തിയ സമരമടക്കം നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയാവുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശിയായ സുധീര്‍ ഉദയഗിരി കൊച്ചുപുതുവീട്ടില് പ്രഭാകരന്റെയും അംശുപതിയുടെയും മകനായി 1981 മെയ്് 10 ന് ജനിച്ചു. 2014ല്‍ മാവേലിക്കര ലോക്സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. ഭാര്യ വി. രാജേശ്വരിയും അഭിഭാഷകയാണ്. മകന്: എസ്. ഭഗത് (മൂന്നര).
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ചിറ്റയം ഗോപകുമാര്‍ 1965 മെയ് 30ന് കൊല്ലം പനയം വില്ലേജില്‍ ചിറ്റയം കാട്ടുവിള പുത്തന്‍വീട്ടില്‍ ടി. ഗോപാലകൃഷ്ണന്റെയും ടി. കെ ദേവയാനിയുടെയും മകനായി ജനിച്ചു. ബാലവേദി, വിദ്യാര്‍ഥി, യുവജന രംഗങ്ങളിലൂടെ പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്ന ചിറ്റയം ഗോപകുമാര്‍ കര്‍ഷക തൊഴിലാളി, കശുവണ്ടി തൊഴിലാളി, ചെത്ത്, മദ്യ വ്യവസായ തൊഴിലാളി ട്രേഡ് യൂനിയനുകളുടെ വിവിധ ഭാരവാഹിത്വങ്ങള്‍ വഹിക്കുന്നു.1995-ല്‍ കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റായി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് ആയിരുന്നു. 2011-ല്‍ അടൂര്‍ എംഎല്‍എ ആയി. ഭാര്യ ഷെര്‍ളി ഭായി ഹൈക്കോടതി കോര്‍ട്ട് ഓഫിസര്‍ ആണ്. മക്കള്‍: അമൃത (തിരുവനന്തപുരം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ എം.എ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി), അനൂജ (പ്ലസ് ടു).
യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ഷാജു പുന്നപ്ര വയലാര്‍ സ്വാതന്ത്ര്യ സമര സേനാനി പരേതനായ കെ.എ കറുത്തയുടെയും ലക്ഷ്മിയുടെയും മകനായി 1963 ഫെബ്രുവരി അഞ്ചിന് ജനിച്ചു. ഡിവൈഎഫ്ഐ ജില്ലാനേതാവായിരിക്കെ ഗൗരിയമ്മയ്ക്കൊപ്പം സിപിഎം വിട്ട് ജെഎസ്എസ് ആയി. 2013ല്‍ ജെഎസ്എസ് പിളര്‍ന്നപ്പോള്‍ രാജന് ബാബു വിഭാഗത്തിനൊപ്പം പോയി. പിന്നീട് രാജന്‍ബാബുവിനെയും കൈവിട്ട്് കോണ്‍ഗ്രസില്‍ ചേര്‍ന്നു.കോണ്‍ഗ്രസ്സായി ചുരുങ്ങിയകാലത്തിനിടയില് അടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തു. ഭാര്യ: സീമ. മക്കള്‍: ശരത് ബാബു, സീതാലക്ഷ്മി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: