കാഞ്ഞങ്ങാട്: സിപിഎം നേതാവ് പി. ജയരാജന് നെടുമങ്ങാട്ട് നടത്തിയ പ്രസ്താവന മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയ ആസൂത്രിതമായ കൊലപാതകങ്ങളുടെ തുറന്നുപറച്ചിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കാഞ്ഞങ്ങാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കതിരൂര്‍ മനോജ്, അരിയില്‍ ഷുക്കൂര്‍, ഫസല്‍ വധക്കേസുകളിലെല്ലാം സിബിഐ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് ജയരാജന്റെ പ്രസ്താവനയോടെ ബോധ്യമായി. താന്‍ പിണറായി വിജയനോടു ചോദിച്ച 10 ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരിക്കാനാണ് അദ്ദേഹം ആലപ്പുഴയിലെ പ്രസ് മീറ്റ് ഒഴിവാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ ഭരണ തുടര്‍ച്ചയ്ക്കുള്ള സാധ്യത ഉരുത്തിരിഞ്ഞുവരികയാണ്. സിപിഎമ്മിലെ അഭിപ്രായ വ്യത്യാസം ഇടതു മുന്നണിയുടെ തകര്‍ച്ചയിലേക്കാണ് നയിക്കുന്നത്. സിപിഎം അനൈക്യത്തിന്റെ പാതയിലാണ്. ഇടതു മുന്നണിയിലെ അനൈക്യവും ശൈഥില്യവും വി.എസിന്റെയും പിണറായിയുടെയും അഭിപ്രായ വ്യത്യാസങ്ങളിലൂടെ തെളിയിക്കപ്പെടുകയാണ്. അഭിപ്രായ വ്യത്യാസത്തിന്റെ നീര്‍ച്ചുഴിയിലുള്ള ഈ പാര്‍ട്ടിക്കെങ്ങനെ നല്ലഭരണം കാഴ്ച്ചവയ്ക്കാനാകുമെന്നും ചെന്നിത്തല ചോദിച്ചു.
സര്‍ക്കാരിന്റെ മാത്രമല്ല പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തലാകും തെരഞ്ഞെടുപ്പ്. അഞ്ചു വര്‍ഷം ഏറ്റവും ദുര്‍ബലമായ പ്രതിപക്ഷത്തെയാണ് കേരളം കണ്ടത്. പ്രതിപക്ഷം ഇപ്പോള്‍ ആശയക്കുഴപ്പത്തിന്റെ നടുവിലാണ്. അധികാരമോഹത്തിന്റെ വലയില്‍പെട്ടാണ് വി.എസ് ഓരോ ദിവസവും പ്രസ്താവനകളിറക്കുന്നതെന്നും യുഡിഎഫിനെതിരെയുള്ള ആരോപണങ്ങളുടെ പുകമറ പാഴ്വേലയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: