ദക്ഷിണാഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ മലയാളി എഞ്ചിനിയര്‍ കൊല്ലപ്പെട്ടു. ദേശീയ ഡാം സുരക്ഷാ അതോറിറ്റി അംഗവും ഡാം ഡിസൈനിങ് കമ്മിറ്റി അംഗവുമായ എന്‍. ശശിയാണ് കൊല്ലപ്പെട്ടത്. കൊല്ലം പുനലൂര്‍ തൊളിക്കോട് സ്വദേശിയാണ്.
ദേശീയ ഡാം സുരക്ഷാ അതോറിറ്റി അംഗവും ഡാം രൂപകല്‍പ്പനാ സമിതി അംഗവുമായ എന്‍ ശശി പുതിയ ഡാമിന്റെ ജോലിയുമായി ബന്ധപ്പെട്ടാണ് ദക്ഷിണാഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ എത്തിയത്.
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്കോസ് എന്ന കമ്പനിയിലെ പ്രൊജക്റ്റ് മാനേജരായിരുന്നു ഇദ്ദേഹം. ഈ കമ്പനിയാണ് മൊസാംബിക്കിലെ ഹിമോയോയില് പുതുതായി ഡാം നിര്‍മ്മിക്കുന്നത്. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്ത് ശനിയാഴ്ച നടന്ന കവര്‍ച്ചക്കിടെയാണ് ഇദ്ദേഹം മരിച്ചത്.
ഇവരുടെ താമസ സ്ഥലം വളഞ്ഞ കവര്‍ച്ചാ സംഘം ശശി ഉള്‍പ്പെടെയുളളവരെ കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചാ സംഘം തിരികെ പോയ ശേഷം കെട്ടുകളഴിച്ച് ഓരോരുത്തരെയായി കൂടെയുണ്ടായിരുന്നവര്‍ രക്ഷപെടുത്തുന്നതിനിടെ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് കമ്പനി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേരും കൊല്ലപ്പെട്ടിട്ടുണ്ട്.
ജലവിഭവ വകുപ്പില്‍ നിന്ന് ചീഫ് എഞ്ചിനിയറായി വിരമിച്ച ഇദ്ദേഹത്തിന് 64 വയസായിരുന്നു. മൃതദേഹം മൊസാംബിക്കില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. ഒരു വര്‍ഷം മുമ്പാണ് ഇദ്ദേഹം നാട്ടിലെത്തി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: