കോഴിക്കോട്: പാവമണി റോഡിലെ ലുലു ഗോള്‍ഡിലുണ്ടായ തീപ്പിടിത്തത്തില്‍ പണയംവെച്ചാണ് ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മുന്നില്‍വന്ന പ്രതിസന്ധികളെല്ലാം അതിജീവിച്ചാണ് അഞ്ചര മണിക്കൂര്‍ നേരംകൊണ്ട് തീ പൂര്‍ണ്ണമായും അണക്കാനായത്. പലസമയങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പിന്നോട്ട് മാറേണ്ടി വന്നു. രണ്ടു ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവിധ ഫയര്‍സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സേനാംഗങ്ങളാണ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.
നാല് നിലകളുള്ള ജ്വല്ലറിയുടെ മൂന്നാം നിലയിലെ സ്വര്‍ണ്ണപണിക്കാരന്റെ മുറിയില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്തതാണ് തീപ്പിടിത്തത്തിന് കാരണമായത്. തീ പടരുന്നത് കണ്ടയുടന്‍ ജീവനക്കാര്‍ ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കെട്ടിടം മുഴുവന്‍ പുകയില്‍ മുങ്ങുകയായിരുന്നു.
സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്സ് സംഘത്തിന് കറുത്ത പുക തിങ്ങി നിറഞ്ഞതിനാല്‍ തീപിടിച്ച മൂന്നാം നിലയിലേക്ക് കയറാന്‍ സാധിച്ചില്ല. അതേസമയം തീ താഴത്തെ നിലയിലേക്ക് പടരുന്നത് തടയാന്‍ ഫയര്‍ഫോഴ്സ് സംഘത്തിന് സാധിച്ചു.
നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞതോടെ തീപ്പിടിത്തത്തിന്റെ ഗൗരവം കൂടി. ജീവന് അവഗണിച്ച് വളരെ കരുതലോടെയാണ് പിന്നീട് ഫയര്‍ ഫോഴ്സ് സേനാംഗങ്ങള്‍ തങ്ങളുടെ ജോലി തുടര്‍ന്നത്.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായേക്കാവുന്ന വലിയ അപകടം ഒഴിവാക്കുക എന്നതായിരുന്നു ഫയര്‍ഫോഴ്സിന്റെ ലക്ഷ്യം. കെട്ടിടത്തില്‍ പുക തിങ്ങിനിറഞ്ഞതിനാല്‍ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ഗ്യാസ് സിലിണ്ടറുകള്‍ കണ്ടെത്താന്‍ ഏറെ പണിപ്പെടേണ്ടി വന്നു.
നാലോടെ കെട്ടിടത്തിന്റെ ഒരു ഭാഗം തുരന്ന് അകത്ത് കടന്നാണ് ഉദ്യോഗസ്ഥര്‍ 14.2 കിലോഗ്രാമുള്ള അഞ്ച് ഗ്യാസ് സിലിണ്ടറുകള്‍ പുറത്തേക്കെത്തിച്ചത്.
വൈകീട്ട് ആറോടെ തീ നിയന്ത്രണ വിധേയമാക്കിയപ്പോഴാണ് സ്വര്‍ണ്ണപണിക്കാരന്റെ മുറിയിലുണ്ടായിരുന്ന മൂന്ന് ചെറിയ ഗ്യാസ് സിലിണ്ടറുകള്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. എന്നാല്‍ ഇതിനെക്കുറിച്ച് കടയുടെ അധികൃതര്‍ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചിരുന്നില്ല. തീയും ചൂടുംകൊണ്ട് ഈ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ വന്‍ ദുരന്തമായിമാറുമായിരുന്നു.
ഫയര്‍ഫോഴ്സ് അസി സ്റ്റന്റ് ഡിവിഷണല്‍ ഓഫീ സര് അരുണ്‍ ഭാസ്ക്കര്‍, സ്റ്റേ ഷന് ഓഫീസര്‍മാരായ പനോ ത്ത് അജിത്ത്കുമാര്‍, ബിശ്വാസ്, സി.കെ. ബാസത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: