കോഴിക്കോട്: കോഴിക്കോട് നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തി മറ്റൊരു തീപ്പിടിത്തം കൂടി. മിഠായ്ത്തെരുവിലും പരിസര പ്രദേശങ്ങളിലുമാണ് തീപ്പിടിത്തം സാധാരണ ഉണ്ടാകാറെങ്കിലും ഇന്നലെ തീപ്പിടിച്ചത് പാവമണി റോ ഡിലെ ലുലു ഗോള്‍ഡ് ജ്വല്ലറിയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് ജ്വല്ലറിയുടെ മൂന്നാം നിലയില്‍ നിന്ന് തീ ഉയരുന്നത്. ജ്വല്ലറിയുടെ മൂന്നാം നില പൂര്‍ണ്ണമായും കത്തിച്ചാമ്പലായി. നാലാം നിലയിലേക്കും തീപടര്‍ന്നു.
രണ്ട് പെട്രോള്‍ പമ്പുകള്‍, ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റ്, പോലീസ് ക്ലബ്, പോലീസ് ക്വാര്‍ട്ടേഴ്സുകള്‍, സ്വകാര്യ ഫ്ളാറ്റ് സമുച്ചയം, ഒരു സിനിമാ തിയേറ്റര്‍, നിരവധി വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയെല്ലാം തീപ്പിടിച്ച ജ്വല്ലറിക്ക് സമീപമുള്ളതാണെന്നത് നഗരത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ കാരണമായി.
തീപ്പിടിച്ച കെട്ടിടത്തിനകത്ത് ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടെന്ന് അറിഞ്ഞതോടെ രക്ഷാപ്രവര്‍ത്തകരും പോലീസും കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ പുറത്തെത്തിക്കാനുള്ള ശ്രമമായി പിന്നീട്.
വൈകീട്ട് നാലോടെ കെട്ടിടത്തിന്റെ ഒരു ഭാഗം തുരന്ന് അകത്ത് കടന്നാണ് 14.2 കിലോഗ്രാമുള്ള അഞ്ച് ഗ്യാസ് സിലിണ്ടറുകള്‍ ഉദ്യോഗസ്ഥര്‍ പുറത്തേക്കെത്തിച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വൈകീട്ട് ആറോടെ തീ നിയന്ത്രണ വിധേയമാക്കാനായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തീയുടെ ഉത്ഭവസ്ഥാനം കണ്ടെത്താനായത്. അതോടൊപ്പം സ്വര്‍ണ്ണപണിക്കാരന്റെ മുറിയിലുണ്ടായിരുന്ന മൂന്ന് ചെറിയ ഗ്യാസ് സിലിണ്ടറുകളും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഗ്യാസ് സിലിണ്ടറുകള്‍ മുഴുവന്‍ പുറത്തെത്തിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് പകുതി ആശ്വാസമായത്. കടയ്ക്കകത്തെ ഗ്യാസ് സിലിണ്ടറുകള്‍ തീയും ചൂടുംകൊണ്ട് പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ കോഴിക്കോട് നഗരം തന്നെ കത്തിചാമ്പലാകുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: