ആലപ്പുഴ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മന്ത്രിയുടെ ഓഫീസും ആരോപണ വിധേയമായ പോലീസ് നിയമന തട്ടിപ്പുകേസിന്റെ അന്വേഷണം അട്ടിമറിച്ചു. സോളാര്തട്ടിപ്പിനെ വെല്ലുന്ന കേസ് അട്ടിമറച്ചിട്ടും പ്രതിപക്ഷത്തിനും മൗനം. തെരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ഇടതു- വലതു മുന്നണികള്‍ തമ്മില്‍ രഹസ്യധാരണ. ആഭ്യന്തര മന്ത്രിയുടെ അടുപ്പക്കാരനായ യൂത്ത്കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായതോടെയാണ് അന്വേഷണം നിലച്ചത്.
മുഖ്യപ്രതിയായ തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ വീട്ടില്‍ ശരണ്യ (23) ഹരിപ്പാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒന്നില്‍ നല്കിയ രഹസ്യമൊഴിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിലെത്തി കണ്ടിട്ടുണ്ടെന്നും, മന്ത്രിയുടെ ഓഫീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസലുമൊന്നിച്ചാണ് രമേശ് ചെന്നിത്തലയെ കണ്ടത്. പിടിയിലായശേഷം മന്ത്രിയുടെ പേര് പറയാതിരിക്കാന്‍ ക്രൈംബ്രാഞ്ച് എസ്പി ഭീഷണിപ്പെടുത്തി.
യുവാക്കള്‍ക്ക് പോലീസില്‍ ജോലി തരപ്പെടുത്തുന്നതിനായി ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെ സീല്‍ വെച്ച കത്തുകളാണ് ഉപയോഗിച്ചത്. എസ്ഐ സന്ദീപ് തന്നെ ലൈംഗീകമായി പലദിവസങ്ങളിലും പീഡിപ്പിച്ചതായും ശരണ്യ പരാതിപ്പെട്ടിരുന്നു. കസ്റ്റഡിയിലായ തന്നെ കേസുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും ഉന്നതരുടയും പേര് പറയാതിരിക്കുന്നതിനായി കായംകുളം ഡിവൈഎസ്പിയും ചില പോലീസുകാരും ക്രൂരമായി മര്‍ദ്ദിച്ചെന്ന വിവരവും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.
പോലീസിലെ വിവിധ തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ശരണ്യയും ഹരിപ്പാട് സ്വദേശി രാജേഷും കോടികള്‍ തട്ടിയെടുത്തുവെന്നാണ് കേസ്. അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, കനകക്കുന്ന്, കായംകുളം, കരിലക്കുളങ്ങര, ഹരിപ്പാട് സ്റ്റേഷനുകളിലായി 30 പരാതികളാണ് ലഭിച്ചത്. തട്ടിപ്പു നടത്തിയ സംഘത്തിലെ സൂത്രധാരനും ആഭ്യന്തരമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള ആളുമായ യൂത്ത് കോണ്‍ഗ്രസ് നേതാവ് തൃക്കുന്നപ്പുഴ പാനൂര്‍ തറയില്‍ വീട്ടില്‍ നൈസലി(27)നെകഴിഞ്ഞ നവമ്പര്‍ മാസം അവസാനമാണ് അറസ്റ്റുചെയ്തത്.
പിന്നീട് അന്വേഷണം മുന്നോട്ടു പോയിട്ടില്ല. പ്രധാന പ്രതി ശരണ്യ (23)യുമായി അടുത്തബന്ധമാണ് ഇയാള്‍ക്കുള്ളത്. ക്രൈംബ്രാഞ്ച് എസ്പി പ്രതീഷ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ആഭ്യന്തര മന്ത്രിയുടെ ഓഫീസും മന്ത്രിയും സംശയനിഴലിലായതാണ് കേസിന്റെ അന്വേഷണത്തിന് അകാലചരമമുണ്ടായത്. ശരണ്യ കോടതിയില്‍ നല്കിയ മൊഴിയില്‍ പേരുണ്ടായിരുന്നതിനെ തുടര്‍ന്ന് തൃക്കുന്നപ്പുഴ എസ്ഐ സന്ദീപിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. സന്ദീപിനെ പിന്നീട് ചോദ്യം ചെയ്യലിനും വിധേയനാക്കിയിരുന്നു.
സിപിഎം, കോണ്‍ഗ്രസ് പ്രമുഖര്‍ ആരോപണ വിധേയരായ തട്ടിപ്പും കേസുകള്‍ അട്ടിമറിക്കുന്നതില്‍ ഇരുപാര്‍ട്ടികളിലെയും ഒരു വിഭാഗം ഒത്തുകളിക്കുകയാണെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: