കൊല്ലം: കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായുള്ള പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ആറ് ലക്ഷം രൂപ പ്രതിഫലം വാങ്ങിയ മുകേഷിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ വൈറലാകുന്നു. ജീവകാരുണ്യപ്രവര്ത്തനമായതിനാല് മറ്റ് താരങ്ങള്‍ സൗജന്യമായി അഭിനയിച്ച പരസ്യചിത്രമാണ് കൊല്ലത്തെ സിപിഎം സ്ഥാനാര്‍ത്ഥി കൂടിയായ മുകേഷ് വന്‍തുക കൈപ്പറ്റി അഭിനയിച്ചത്.
മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ്, പ്രിയദര്ശന്, പൃഥ്വിരാജ്, എം.ജി. ശ്രീകുമാര്‍, സുരാജ് വെഞ്ഞാറുമൂട്, കെ.എസ്. ചിത്ര, ദിലീപ്, അശോകന്, മേനക, ഭാഗ്യലക്ഷ്മി, ജയചന്ദ്രന്, കാവ്യാമാധവന്, കവിയൂര്‍ പൊന്നമ്മ, മധു, മനോജ് കെ. ജയന്, മുകേഷ്, ധനമന്ത്രി കെ.എം. മാണി എന്നിവരാണ് പരസ്യചിത്രത്തില്‍ അഭിനയിച്ചത്.
ഇവരില്‍ മുകേഷ് ഒഴികെയുള്ള മറ്റു നടന്മാരോ പ്രശസ്തവ്യക്തികളോ പ്രതിഫലം വാങ്ങാതെ സൗജന്യമായി അഭിനയിക്കുകയായിരുന്നു. മുകേഷ് പരസ്യചിത്രത്തിന് ആറുലക്ഷം രൂപ പ്രതിഫലം വാങ്ങിയെന്നാണ് സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്കിയ വിവരാവകാശ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടാണ് ഫേയ്സ് ബുക്കില്‍ വൈറലാകുന്നത്.
പ്രമുഖ നടന്മാര് മുഴുവനും കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി സൗജന്യമായി അഭിനയിച്ചപ്പോള്‍ പ്രതിഫലം വാങ്ങിയ മുകേഷിന്റെ നിലപാടാണ് എഫ്ബിയില്‍ ചോദ്യംചെയ്യപ്പെടുന്നത്. ഇത്തരമൊരാളെ ജനസേവകനായി എങ്ങനെ അംഗീകരിക്കുമെന്നും കൊല്ലത്തെ വോട്ടര്‍മാര്‍ ഫേസ്ബുക്കില്‍ പ്രതികരിക്കുന്നു. വരും ദിവസങ്ങളില്‍ ഇത് തെരഞ്ഞെടുപ്പില്‍ മുകേഷിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. തെളിവ് സഹിതമാണ് പോസ്റ്റ് പ്രചരിക്കുന്നത്.
നേരത്തെ രാത്രി 11 മണി കഴിഞ്ഞാല്‍ ഫോണ്‍ എടുക്കുന്നതിന് പ്രൈവറ്റ് സെക്രട്ടറിയെ നിയോഗിക്കുമെന്ന മുകേഷിന്റെ പ്രസ്താവനയും പാര്‍ട്ടി പ്രവര്‍ത്തകരുടെയിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: