തൃശൂര്‍: കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോര് പറഞ്ഞുതീര്‍ക്കാനെത്തിയ ഉമ്മന്‍ചാണ്ടി മടങ്ങിയത് തോറ്റ് നിരാശനായി. യുഡിഎഫിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന തൃശൂര്‍ ജില്ലയിലെ കോട്ടയില്‍ വിള്ളലുകള്‍ വീണത് തിരിച്ചറിഞ്ഞാണ് അടിയന്തിരമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് തൃശൂരിലെത്തിയത്. ഗ്രൂപ്പുകളും ഗ്രൂപ്പുകള്‍ക്കുള്ളിലെ ഗ്രൂപ്പുകളും വിഘടിച്ച് നില്ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ യുഡിഎഫിന് ദയനീയ പരാജയം നേരിടേണ്ടിവരുമെന്ന് മനസ്സിലാക്കിയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മിന്നല്‍ സന്ദര്‍ശനം. എന്നാല്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും നിലപാടില്‍ അയവ് വരുത്താന്‍ പ്രമുഖ ഗ്രൂപ്പ് നേതാക്കള്‍ ആരും തയ്യാറായിട്ടില്ല.
സീറ്റ് നിഷേധിച്ചതില്‍ സി.എന്‍.ബാലകൃഷ്ണന്, തേറമ്പില്‍ രാമകൃഷ്ണന് എന്നിവര്‍ അതൃപ്തരാണ്. ടി.എന്‍. പ്രതാപനും നിലവിലെ സാഹചര്യത്തില്‍ അതൃപ്തിയുണ്ട്.
ഡിസിസി പ്രസിഡണ്ടിന്റെ ചുമതല ഉമ്മന്‍ചാണ്ടി വിഭാഗക്കാരനായ പി.എ. മാധവന് നല്‍കിയതിലും പ്രമുഖ നേതാക്കള്‍ക്കെല്ലാം അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പ് ലക്ഷ്യമിട്ട് ഉമ്മന്‍ചാണ്ടിതന്നെ നേരിട്ട് രംഗത്തെത്തിയത്. പുതുക്കാട് സീറ്റില്‍ താന്‍ നിര്‍ദ്ദേശിച്ചയാളെ പരിഗണിക്കാഞ്ഞതില്‍ കെ.പി. വിശ്വനാഥനും നീരസത്തിലാണ്. തെരഞ്ഞെടുപ്പില്‍ ഇതെല്ലാം തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം.
സിറ്റിങ് സീറ്റുകള്‍ പലതും ഇക്കുറി നഷ്ടമായേക്കും. തൃശൂര്‍, മണലൂര്‍ സീറ്റുകളില്‍ എന്‍ഡിഎ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. വടക്കാഞ്ചേരിയില്‍ സി.എന്‍. ബാലകൃഷ്ണന് പകരം പുതുമുഖമായ അനില്‍ അക്കരയെ നിര്‍ത്തിയതോടെ കോണ്‍ഗ്രസ്സിന്റെ നില പരുങ്ങലിലായി. പ്രമുഖ നേതാക്കളെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് വിട്ടുനില്‍ക്കുന്നത് തുടരുകയാണ്. അനുനയിപ്പിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമവും പാളിയതോടെ ഇനിയെന്ത് എന്ന അനിശ്ചിതത്വത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
ബാര്‍: ഉരുണ്ടുകളിച്ച്
മുഖ്യമന്ത്രി
തൃശൂര്‍: ബാര്‍ നയത്തില്‍ ഉരുണ്ട് കളിച്ച് ഉമ്മന്‍ചാണ്ടി. തൃശൂര്‍ പ്രസ്സ് ക്ലബ്ബില്‍ നടത്തിയ മുഖാമുഖത്തില്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച മന്ത്രിസഭാതീരുമാനത്തെ ന്യായീകരിച്ച മുഖ്യമന്ത്രി യുഡിഎഫിന്റെ മദ്യനയത്തില്‍ അവ്യക്തതയില്ലെന്ന് പറഞ്ഞൊഴിഞ്ഞു. സോളാര്‍, ബാര്‍കോഴ അഴിമതി കേസുകള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. തെളിവില്ല എന്ന പഴയ പല്ലവി ആവര്‍ത്തിക്കുക മാത്രം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: