കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ കളക്ടറുടെയും സിറ്റി പോലീസ് കമ്മീഷണറുടേയും മൊഴിയെടുത്തേക്കുമെന്ന് സൂചന. കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തിന് ഇവരുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിലാണ് കേസന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘം. വരും ദിവസങ്ങളില്‍ ഇവരുടെ ഓഫീസുകളിലേത്തി മൊഴി രേഖപ്പെടുത്താനാണ് സംഘം ആലോചിക്കുന്നത്.
അതേസമയം കേസന്വേഷണത്തിന്റെ ഭാഗമായി ജില്ലാ കളക്ട്രേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നുവെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കളക്ട്രേറ്റിലെ സിസിടിവി ക്യാമറകള്‍ കഴിഞ്ഞ ആറുമാസമായി തകരാറിലായിരുന്നുവെന്നും അതിനാലാണ് ദൃശ്യങ്ങള്‍ ലഭിക്കാത്തതെന്നുമാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നിലും ഇരുവശങ്ങളിലും ഘടിപ്പിച്ച ക്യാമറകളാണ് കഴിഞ്ഞദിവസം രാത്രി സംഘം പരിശോധിച്ചത്. കളക്ടറുടെ ഓഫീസിനുള്ളില്‍ ക്യാമറയില്ലായെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്.
ക്യാമറകളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന കളക്ട്രേറ്റിലെ ഓഫീസിലും സംഘം പരിശോധന നടത്തി. അവിടുത്തെ ടെക്നീഷ്യന്‍മാരോട് ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ക്യാമറകള്‍ തകരാറിലാണെന്ന വിവരം അധികൃതരെ ധരിപ്പിച്ചുവെന്നും ഇവര്‍ ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞു. പരവൂര്‍ പുറ്റിങ്ങല്‍ ദേവീ ക്ഷേത്രഭാരവാഹികള്‍ നിരോധന ഉത്തരവ് ലഭിച്ചതിന് ശേഷം കളക്ട്രേറ്റിലെത്തി കളക്ടറെയോ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ കണ്ടോയെന്ന് അറിയുവാന്‍ വേണ്ടിയാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചത്.
എന്നാല്‍ വിവരങ്ങള്‍ യാതൊന്നും കിട്ടാത്ത സാഹചര്യത്തില്‍ ഇനി കളക്ട്രേറ്റിലെ രജിസ്റ്ററുകള്‍ പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.
അതേസമയം കമ്മീഷണര്‍ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവിടെയും ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാണ്. പരവൂര്‍ വെടിക്കെട്ടപകടത്തിന്റെ അനുമതി കാര്യങ്ങളില്‍ വ്യക്തത വരുത്താണ് ഉദ്യോഗസ്ഥര്‍ ഇത്തരം അന്വേഷണത്തിലേക്ക് നീങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: