തിരുവനന്തപുരം: ആറന്മുള സമരനായകനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വട്ടിയൂര്‍ക്കാവില്‍ നിന്നുമാണ് അദ്ദേഹം ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥിയായി താമര ചിഹ്നത്തില്‍ മത്സരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് നൂറുകണക്കിന് പ്രവര്‍ത്തകരുടെയും ആറന്മുളയിലെ അമ്മമാരുടെയും അകമ്പടിയോടെയാണ് കുമ്മനം രാജശേഖരന് പത്രികസമര്‍പ്പിക്കാന്‍ തിരുവനന്തപുരം കളക്ടറേറ്റിലെത്തിയത്. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ടി. ഉണ്ണികൃഷ്ണനാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാനസെക്രട്ടറി സി. ശിവന്‍കുട്ടി, വക്താവ് അഡ്വ ജെ.ആര്. പദ്മകുമാര്‍, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് സി.ആര്. സുദര്ശനന്, പിഎസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. പൊന്നപ്പന്, ബിജെപി നേതാക്കളായ അഡ്വ എസ്. സുരേഷ്, പി.ജി. ശിവശങ്കരന്‍നായര്‍, കൗണ്‍സിലര്‍മാരായ വി.ജി. ഗിരികുമാര്‍, ഹരിശങ്കര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
രണ്ടുസെറ്റ് പത്രികയാണ് കുമ്മനം രാജശേഖരന് സമര്‍പ്പിച്ചത്. സി.ആര്. സുദര്ശനന്, പി.ജി. ശിവശങ്കരന്‍നായര്‍ എന്നിവരാണ് പിന്താങ്ങിയത്. പത്രിക സമര്‍പ്പിച്ച ശേഷം രാജ്യത്തിന്റെ ഭരണഘടനയ്ക്ക് അനുസൃതമായി അഖണ്ഡതയും പരമാധികാരവും നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുമെന്നുമുള്ള അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ അദ്ദേഹം ഏറ്റുചൊല്ലി. പടിഞ്ഞാറെക്കോട്ടയിലെ അനന്തസായി ബാലസദനത്തിലെ കുട്ടികള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി സ്മൃതിമണ്ഡപം, വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമ, കവടിയാറിലെ വിവേകാനന്ദ സ്മൃതി മണ്ഡപം എന്നിവിടങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കാനെത്തിയത്.
കുമ്മനം രാജശേഖരന് ജയിച്ചുവരേണ്ടത് ഭൂരഹിതരായ ആദിവാസികളുടെയും പട്ടികജാതിക്കാരുടെയും ആവശ്യമാണെന്ന് അദ്ദേഹത്തിന് പിന്തുണയുമായെത്തിയ ആറന്മുളയിലെ അമ്മമാര്‍ പറഞ്ഞു. ആറന്മുള വിമാനത്താവളത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടതിനാല്‍ കുടില്‍ കെട്ടി സമരം നടത്തിയിരുന്നവരാണ് ഇവര്‍. കേരളത്തിലെ നെല്‍കൃഷി സംരക്ഷിക്കാന്‍ കുമ്മനത്തെ ജയിപ്പിക്കണം. അദ്ദേഹം ജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. ആറന്മുളയില് ജനദ്രോഹകരമായ വിമാനത്താവളം വരില്ലെന്ന കുമ്മനത്തിന്റെ ഉറപ്പാണ് തങ്ങളെ മുന്നോട്ടു നയിച്ചത്. കേരളത്തിലെ ഭൂരഹിതരുടെ ശക്തിയും ബലവും കുമ്മനം രാജശേഖരനാണെന്നും അവര്‍ പറഞ്ഞു.
ആറന്മുളക്കാരായ ലീലാമണി, ഭാരതി, ഉഷ, കാര്‍ത്യായനി, സരസമ്മ, വത്സലാകേശവന്, ജഗദമ്മ, അമ്മുക്കുട്ടി ശ്രീധരന്, കുഞ്ഞുമോള്‍ കുഞ്ഞമ്മ തുടങ്ങിയവരാണ് കുമ്മനത്തെ അനുഗ്രഹിക്കാനെത്തിയത്. ഈ അമ്മമാരുടെ അനുഗ്രഹം തന്നെ വിജയിപ്പിക്കുമെന്ന് കുമ്മനം പറഞ്ഞു. തലമുറകളായി ഇവര്‍ കാത്തുസൂക്ഷിച്ച കിടപ്പാടവും കൃഷിസ്ഥലവുമാണ് കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തീറെഴുതിയത്. ഈ പാവങ്ങളുടെ കണ്ണുനീരാണ് ആറന്മുള സമരത്തിന്റെ പ്രേരകശക്തി. പത്രിക സമര്‍പ്പണത്തിന് ഇവരുടെ സാന്നിധ്യം ഉണ്ടായത് തനിക്ക് അഭിമാനമേകുന്നുവെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: