ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനപ്രകാരം പാചകവാതക സബ്സിഡി ഉപേക്ഷിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. മാര്‍ച്ച് അവസാനം വരെ 1,00,06,303 പേരാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ഗിവ് ഇറ്റ് അപ്പ് പദ്ധതിയുമായി സഹകരിച്ചത്. ഇതുവഴി ലാഭിച്ച 1,110 കോടി രൂപ ഉപയോഗിച്ച് 60 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷനുകളും നല്കി. രാജ്യത്തിന്റെ ഗാര്‍ഹികമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് കേന്ദ്രപദ്ധതി വഴിതെളിച്ചത്.
രാജ്യത്തെ 16.5 കോടി എല്‍പിജി ഉപഭോക്താക്കളില്‍ ഒരുകോടിയിലേറെപേര്‍ സബ്സിഡി വേണ്ടെന്നു വെച്ചതോടെ പാചകവാതകം അന്യമായ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വലിയൊരു വിഭാഗത്തിനാണ് പാചകവാതകം ലഭ്യമായിത്തുടങ്ങിയത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പ്രചാരണം ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബത്തിലെ സ്ത്രീകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന് നല്‍കുന്നതിനുള്ള പദ്ധതിയായ”പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ 8000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മൂന്നുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പദ്ധതി പ്രകാരം ഓരോ ബിപിഎല്‍ കുടുംബത്തിനും എല്‍പിജി കണക്ഷന് എടുക്കാന്‍ 1600 രൂപയുടെ സാമ്പത്തിക സഹായം ലഭിക്കും. സംസ്ഥാന സര്‍ക്കാരുമായി കൂടി ആലോചിച്ചായിരിക്കും അര്‍ഹരായ ബിപിഎല്‍ കുടുംബങ്ങളെ കണ്ടെത്തുക. 2019നുള്ളില്‍ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കും. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി. പാവപ്പെട്ട കുടുംബങ്ങളിലെ കോടിക്കണക്കിന് സ്ത്രീകള്‍ക്ക് ഗുണകരമായൊരു ക്ഷേമ പദ്ധതിയാണ് പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം നടപ്പാക്കുന്നത്.
പത്തുലക്ഷത്തിലധികം വാര്‍ഷിക വരുമാനമുള്ളവരുടെ സബ്സിഡി നിര്‍ബന്ധമായും റദ്ദാക്കുമെന്ന് കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞു. ഗ്യാസ് ഏജന്‍സിയില്‍ എഴുതി നല്‍കിയോ ഓണ്‍ലൈനിലൂടെയോ ഉപഭോക്താക്കള്‍ക്ക് സബ്സിഡി വേണ്ടെന്നു വെയ്ക്കാമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ സബ്സിഡിയോടു കൂടിയ എല്‍പിജി സിലിണ്ടര്‍ 419 രൂപയ്ക്കും സബ്സിഡി ഇല്ലാത്ത സിലിണ്ടര്‍ 509.50 രൂപയ്ക്കും ലഭിക്കും. 155 രൂപ മാത്രമാണ് ഒരു സിലിണ്ടറിലുണ്ടാകുന്ന വ്യത്യാസം. ഒരുവര്‍ഷം 14.2 കിലോയുടെ 12 സിലിണ്ടറുകളോ 5 കിലോയുടെ 34 ചെറിയ സിലിണ്ടറുകളോ സബ്സിഡിയോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: