കൊല്ലം: ചവറയില്‍ ബേബിജോണ്‍ ഇക്കുറി ബിജെപിക്കൊപ്പമാണ്. കേരളാ കിസിഞ്ജര്‍ സാക്ഷാല്‍ ബേബിജോണിന്റെ കരുത്തുണ്ട് ഈ പുതിയ ബേബിജോണിന്. മന്ത്രി ഷിബുബേബിജോണിന്റെ അനന്തരവനാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനറായി ചവറയില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
അനാദികാലം തെറ്റിദ്ധരിപ്പിച്ച് ന്യൂനപക്ഷങ്ങളെ അകറ്റിനിര്‍ത്തി ബിജെപിയെ തടയാനാകുമെന്ന പിണറായിയുടെയും സുധീരന്റെയും സ്വപ്നം നിയമസഭാ തെരഞ്ഞെടുപ്പോടെ തകര്‍ന്നടിയുമെന്ന് ബേബിജോണ്‍ പറയുന്നു. ഇരുമുന്നണികളുടെയും അഴിമതിയും അക്രമവും കണ്ടുസഹികെട്ട ജനത ഇത്തവണ വികസനാത്മകരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപി മുന്നണിക്ക് അനുകൂലമായി വോട്ട് ചെയ്യും. ബിജെപി കൊടുങ്കാറ്റുപോലെ കേരളരാഷ്ട്രീയത്തില്‍ വളരുമെന്ന് ഉറപ്പാണ്.
അതോടെ മുന്നണികള്‍ അപ്രസക്തവും ഓര്‍മയുമായി മാറുമെന്നും ബേബിജോണ്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. ആര്എസ്പിയില് നിന്നും ഏറെ കാലമായി അകലം പാലിക്കുന്ന ബേബിജോണ്‍ കഴിഞ്ഞദിവസമാണ് ചവറയില്‍ നടന്ന പൊതുയോഗത്തില്‍ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചത്.
ന്യൂനപക്ഷങ്ങളെ ബിജെപിയില്‍ നിന്നും അകറ്റിനിര്‍ത്തുക എന്ന ലക്ഷ്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരമ്മപെറ്റ മക്കളെ പോലെയാണ്. ഉത്തരേന്ത്യക്കാര്‍ മുഖവിലക്കെടുക്കാത്ത അവിടത്തെ സംഭവങ്ങള്‍ ബിജെപിക്കെതിരെ അനാവശ്യമായി പ്രയോഗിക്കുന്ന ഇവര്‍ യഥാര്‍ത്ഥത്തില്‍ കുടിവെള്ള ദൗര്‍ലഭ്യവും തൊഴിലില്ലായ്മയും പട്ടികജാതിക്കാരുടെ ഭൂപ്രശ്നവും അടക്കമുള്ള സംസ്ഥാനത്തെ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ്.
ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങളാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടത്. രാജ്യത്ത് കാണാനേ കിട്ടുന്നില്ലെന്ന് അവര്‍ ആക്ഷേപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പരവൂര്‍ ദുരന്തം ഉണ്ടായി പതിനൊന്നാം മണിക്കൂറില്‍ കൊല്ലത്തെത്തി വന്നുനിന്നത് ഇവര്‍ക്ക് മുന്നിലാണ്. രാജ്യത്തിന്റെ മുഴുവന്‍ ഐക്യദാര്‍ഢ്യവും ദുരന്തത്തില്‍പെട്ടവര്‍ക്ക് നല്‍കാനെത്തിയ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ പോലും വിവാദമാക്കാനും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാനുമാണ് ഇവിടെ ശ്രമിച്ചത്.
ഭാരതത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബിജെപി. അതൊരു വര്‍ഗീയപാര്‍ട്ടിയല്ല. ആയിരുന്നെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ ഒരിക്കലും അവരെ അധികാരത്തില്‍ എത്തിക്കില്ല. സിപിഎമ്മിന്റെ ഇത്തരം തട്ടിപ്പ് പ്രചാരണം കേരളത്തിനുപുറത്ത് പോയിട്ടുള്ള വിദ്യാഭ്യാസമുള്ള മലയാളികള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനാകും.
ലോകം തന്നെ ഉറ്റുനോക്കുന്ന വിധത്തില്‍ വളര്‍ന്നുകഴിഞ്ഞ പ്രധാനമന്ത്രിയെയും ബിജെപിയെയും അവഹേളിക്കാനല്ലാതെ അതിന്റെ ആയിരത്തിലൊന്ന് പ്രവര്ത്തിച്ചുകാണിക്കാത്തവരാണ് പിണറായി വിജയന്റെയും സുധീരന്റെയും പാര്‍ട്ടികള്‍. അഴിമതിയിലും അക്രമരാഷ്ട്രീയത്തിലും വിരാജിച്ച് എന്നും ഭരണത്തില്‍ മാറിമാറി കഴിയാമെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. ആശയസംവാദങ്ങള്‍ക്ക് പകരം ആമാശയപ്രശ്നമായതിനാലാണ് പല ഘടകകക്ഷി നേതാക്കളും ഇവരുടെ കാട്ടികൂട്ടലുകള്ക്കൊപ്പം ചേരുന്നത്.
ഇരുമുന്നണികളുടെയും ഭരണത്തില്‍ യുവാക്കളാകെ അസ്വസ്ഥരാണ്. അവരുടെ പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. രാജ്യത്തോടൊപ്പം കേരളവും വികസനപന്ഥാവിലെത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യും. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ പല പദ്ധതികളുടെയും പ്രയോജനം ജനങ്ങള്‍ക്ക് നല്‍കാതെ അവരെ കബളിപ്പിച്ച് ഇടതുവലതുനേതാക്കള് വഞ്ചിക്കുകയാണ്.
തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ പോലെ വ്യക്തിപ്രഭാവമുള്ള നേതാവിനെ അവതരിപ്പിച്ചതിലൂടെ ബിജെപി ന്യൂനപക്ഷങ്ങള്‍ക്കും സ്വീകാര്യമായിട്ടുണ്ട്.
ലോകരാജ്യങ്ങള്‍ മുഴുവന്‍ ചവറ്റുകൊട്ടയിലെറിഞ്ഞ ഇടതുപക്ഷരാഷ്ട്രീയം നാടിന് ഗുണമുണ്ടാക്കുന്നതല്ലെന്ന് അനുഭവത്തിലൂടെ എനിക്ക് പറയാനാകും.
കേരളത്തില്‍ ആറ് പതിറ്റാണ്ട് ഭരിച്ചിട്ടും പുരോഗതി ഉണ്ടാക്കാതിരുന്ന ഇരുമുന്നണികളും ഇത്തവണ അതിന്റെ ശിക്ഷ അനുഭവിക്കുമെന്നും ബിജെപിയെ തടയാന്‍ സിപിഎമ്മും കോണ്‍ഗ്രസും ആയുധമാക്കുന്ന ന്യൂനപക്ഷ വോട്ടര്‍മാര്‍ തിരിച്ചറിവിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
നീണ്ടകര സ്വദേശിയായ ബേബിജോണ്‍ കുടുംബസമേതം കൊല്ലം കഴ്സണ് റോഡിലുള്ള സിന്ധൂര്‍ ഫഌറ്റിലാണ് ഇപ്പോള്‍ താമസം.
ചവറ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തിച്ചുവരികയാണ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: