‘കല്‍പ്പറ്റ :മരങ്ങള്‍ ഭൂമിക്ക് വേണ്ടി’ എന്ന സന്ദേശവുമായി ലോക ഭൗമദിനം ആചരിക്കുമ്പോള്‍ വോട്ടോര്മയ്ക്ക് ഒരു മരം ‘ഓര്‍മമരം’ എന്ന സന്ദേശവുമായി നാടിന്റെ പച്ചപ്പും കാലാവസ്ഥയും തിരിച്ചുപിടിക്കാന്‍ ജനാധിപത്യത്തിന്റെ കുട ചൂടുകയാണ് വയനാട് ജില്ല. അടുത്ത അഞ്ച് വര്‍ഷത്തില്‍ ഭൗമദിനം അതിന്റെ അമ്പതാം വാര്‍ഷികത്തിലേക്കടുക്കുമ്പോള്‍ 780 കോടി മരം നടുകയാണ് ലോക ഭൗമ ദിനത്തിന്റെ ലക്ഷ്യം. അതേസമയം, എല്ലാ വോട്ടര്‍മാര്‍ക്കും മരത്തെകള്‍ നല്കി പത്ത് ലക്ഷം മരത്തെകള്‍ വോട്ടെടുപ്പ് ദിനമായ മേയ് 16 മുതല്‍ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് വരെ നീളുന്ന കാലയളവില്‍ നട്ടുപിടിപ്പിക്കുകയാണ് വയനാട് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ പറഞ്ഞു.എന്തുകൊണ്ട് മരം നടണം? നാം നേരിട്ടനുഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ തടുക്കാന്‍ മരങ്ങള്‍ സഹായിക്കുന്നു. മരങ്ങള്‍ അന്തരീക്ഷത്തില്‍ അമിതമായുള്ളതും ഹാനികരവുമായ കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുക്കുന്നു. ഒരു ശരാശരി കാര്‍ 26000 മൈല്‍ സഞ്ചരിക്കുമ്പോള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്സൈഡിനെ, ഒരേക്കറിലെ പൂര്‍ണവളര്‍ച്ചയെത്തിയ മരങ്ങള്‍ ഒരു വര്‍ഷം കൊണ്ട് ആഗിരണം ചെയ്യുന്നുവെന്നാണ് കണക്ക്.ശുദ്ധവായു ശ്വസിക്കുവാന്‍ മരങ്ങള്‍ നമുക്ക് സഹായകമാവുന്നു. മരങ്ങള്‍ ഗന്ധങ്ങളും നൈട്രജന്‍ ഓക്സൈഡുകള്‍, അമോണിയ, സള്‍ഫര്‍ ഡയോക്സൈഡ്, ഓസോണ്‍ പോലുള്ള മലിന വാതകങ്ങളും ആഗിരണം ചെയ്യുകയും ഇലകളിലും മരത്തൊലിയിലും തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നു.മരങ്ങള്‍ സമൂഹത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തികവും പാരിസ്ഥിതികവുമായ സുസ്ഥിരത കൈവരിക്കാന്‍ സഹായിക്കുകയും ഭക്ഷണം, ഊര്‍ജം, വരുമാനം എന്നിവ പ്രദാനം ചെയ്യുകയും ചെയ്യുന്നു.ഇവിടെ മരം നടുന്നതിലൂടെ നാം ഭാവിയുടെ പ്രതീക്ഷകള്‍ കെടാതെ കാക്കുകയും ജനാധിപത്യത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: