1997-98 വർഷം ഒമ്പതാം പഞ്ചവത്സര പദ്ധതി കാലയളവിൽ ഇടതുപക്ഷ സർക്കാർ വിഭാവന ചെയ്ത് നടത്തി ലോകശ്രദ്ധ പിടിച്ചുപറ്റിയ ‘ജനകീയാസൂത്രണവും’ തുടർന്നുവന്ന വലതുപക്ഷ സർക്കാർ തുടർന്നുപോന്ന ‘കേരള വികസനവും’, കേരളത്തിന് ഒരു ‘പുതിയ വികസന സംസ്കാരം’ ഒരുപക്ഷേ ലോകത്തിൽ തന്നെ ആദ്യമായി വാർത്തെടുത്തു. വികസനമെന്നാൽ നിർമ്മാണപ്രവർത്തനമാണെന്നും അത് കരിങ്കല്ല്, ഇഷ്ടിക, ചെമ്മണ്ണ്, മണൽ, കമ്പി ഉപയോഗിച്ചായിരിക്കണമെന്നും അത് കരിങ്കല്ല്, ഇഷ്ടിക, ചെമ്മണ്ണ്, മണൽ, കമ്പി ഉപയോഗിച്ചായിരിക്കണമെന്നും ജനപ്രതിനിധികൾക്ക് നിർബന്ധമുണ്ടായിരുന്നു. നിർമാണം അവർ നേരിട്ട് നടത്തുന്ന കേന്ദ്രീകൃത വികസനമായിരിക്കണമെന്നും ത്രിതല പഞ്ചായത്ത്, നഗര, കോർപ്പറേഷനുകളിൽ വരുന്ന ഏകദേശം കാൽലക്ഷം ജനപ്രതിനിധികൾക്ക് അവരുടെ ബിനാമികളെ കൊണ്ട് നടത്തിക്കണമെന്ന ആവശ്യവും ഇടത്, വലത്, സർക്കാരുകളെക്കൊണ്ട് അംഗീകരിപ്പിച്ചു.
കേരള വികസനത്തെപ്പറ്റി ചിന്തിക്കുമ്പോൾ മനസ്സിലേക്ക് കടന്നുവരുന്നത് ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് ആരംഭിച്ച രണ്ട് വികസനങ്ങളുമായി ബന്ധപ്പെട്ടതാണ്. ആദ്യത്തേത്, രണ്ടാം ലോകമഹായുദ്ധം മൂർച്ഛിച്ചപ്പോൾ അത് കൊൽക്കത്ത നഗരത്തിൽ നടത്തിയ ഒരു വികസനമാണ്. ജാപ്പനീസ് പട്ടാളക്കാർ ബർമ കുന്നുകളും കടന്ന് മണിപ്പൂരിലേക്ക് നീക്കം ആരംഭിച്ചു. അത് തടയാൻ എയർഫോഴ്സിന്റെ സ്ക്വാഡ്രെൻ കൊൽക്കത്തയിൽ എത്തി. വരുന്നവർ വരുന്നവർ അവരുടെ പോർവിമാനങ്ങളുമായി മുന്നോട്ടുനീങ്ങും. ഇക്കൂട്ടർക്ക് ശമ്പളം, ബത്ത എന്നിവ കൂടാതെ പറക്കുന്ന മണിക്കൂറുകൾക്ക് ഫ്ളൈയിങ്സോണും ലഭിക്കുന്നു. എന്നാൽ ബിൽ തയ്യാറാക്കുന്ന ബംഗാളി ബാബുമാർക്ക് ഒരു അലവൻസോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല.
ഉച്ചയൂണിന് വട്ടം ഇരുന്നപ്പോൾ അവർ ഒരു വികസനം മെനഞ്ഞെടുത്തു. കൂട്ടത്തിൽ പ്രായം ചെന്ന ചാറ്റർജിദായാണ് നിർദ്ദേശം മുന്നോട്ടുവച്ചത്. കൊൽക്കത്ത നഗരം ജനസാന്ദ്രതകൊണ്ടും പൊതു ചന്ത, കശാപ്പുശാലകൾകൊണ്ട് നിറഞ്ഞതാണെന്നും അതുമൂലം പരുന്ത്, കഴുകൻ, മറ്റുപക്ഷികൾ, ചെറു യുദ്ധവിമാനങ്ങളുടെ ചിറകിൽ അടിച്ച് അപകടസാധ്യത ഉണ്ടാകാം അതുകൊണ്ട് ഡംഡം എറോഡ്രോമിന് പകരം നഗരത്തിന് വെളിയിൽ എയർഫോഴ്സിനുവേണ്ടി മറ്റൊന്നു പണിയണമെന്ന അവരുടെ നിർദ്ദേശം എല്ലാ അംഗങ്ങളും അംഗീകരിച്ചു. ഈ നിർദ്ദേശം അടുത്ത ദിവസം തന്നെ ഫയലിൽ മേശപ്പുറത്ത് വച്ചു. അതുവായിച്ച എയർവൈസ്മാർഷൽ ഹൗളെ അംഗീകരിച്ച് സ്ഥലം കണ്ടെത്താൻ ഫയലിൽ കൂടെ നിർദ്ദേശം നൽകി.
അടുത്തദിവസം തന്നെ 24, പർഗാനായിലെ 400 ഏക്കർ നെൽവയൽ കണ്ടെത്തി ബംഗാളി ആധാരം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി എയർവെയ്സ് ചീഫ് നൽകി. അദ്ദേഹം അത് അംഗീകരിച്ചു. അടുത്തദിവസം ആ കസേരയിൽ എത്തിയ എയർവെയ്സ് ചീഫ് ഐ.എച്ച്.ആർ. വിൽസൺ തന്റെ മുൻഗാമിയുടെ ഉത്തരവ് അതേപടി അംഗീകരിച്ച് വസ്തു വാങ്ങുവാനും തുടർന്ന് പണി നടത്തുവാനും യുദ്ധകാലാടിസ്ഥാനത്തിൽ പണം അനുവദിച്ചു.
പണി തുടർന്നുകൊണ്ടേയിരുന്നു. ബാബുമാർ ഫയലിൽ പണിതീർത്ത് ഉദ്ഘാടനവും നടത്തി. യുദ്ധകാലത്ത് ഇത് പരിശോധിക്കുവാനും മറ്റും സമയവും മേലധികാരികളും എവിടെ. എംഇഎസ് ഉദ്യോഗസ്ഥരും ബാബുമാരും എല്ലാം ഭംഗിയായി നടത്തി തൃപ്തിയടഞ്ഞു. യുദ്ധം ഏതാണ്ട് അവസാനിക്കുന്ന ലക്ഷണം കണ്ടപ്പോൾ ബാബുമാരും എഞ്ചിനീയർമാരും പരിഭ്രാന്തരായി. എയർഫോഴ്സ് ആഡിറ്റ് ആന്റ് അക്കൗണ്ട്സ് ഉദ്യോഗസ്ഥർ അതും ഭാരതീയ ഓഡിറ്റിന് വരും. വീണ്ടും ഒരു ബുദ്ധി ഇക്കൂട്ടരുടെ തലച്ചോറിൽ ഉദിച്ചു. ഈ എയ്റോഡ്രോം പണിഞ്ഞത് ചതുപ്പുനിലമായിരുന്നതിനാൽ ടാർ ചെയ്ത റൺവേ ആണെങ്കിലും വേഗത്തിൽ പോർവിമാനങ്ങൾ നിലത്തിറങ്ങുമ്പോൾ ടയർ താഴാനുള്ള സാധ്യതയേറെയാണ്. ആയതിനാൽ ഈ വിമാനത്താവളം പൊളിച്ചുമാറ്റണമെന്ന് അഭ്യർത്ഥിച്ച് കത്തു നൽകി.
യുദ്ധത്തിൽ പങ്കെടുത്ത് അവശനായെത്തിയ ചീഫ് ‘യെസ്’ എന്ന് ഫയലിൽ എഴുതുക മാത്രമല്ല ചെയ്തത് പൊളിച്ചുമാറ്റാനുള്ള പണവും അനുവദിച്ചു. അന്നത്തെ രൂപയുടെ മൂല്യം കണക്കാക്കണം. ഏതായാലും ഫയലിൽ ഒരു നിർമാണം നടത്തി ഫയലിൽ കൂടിത്തന്നെ പൊളിച്ചുമാറ്റി പ്രശ്നം അവിടെ അവസാനിപ്പിച്ചു. ബംഗാളിൽ നടന്ന ആ വികസനമായിരിക്കാം കേരളത്തിലെ സഖാക്കൾക്ക് ജനകീയ ആസൂത്രണത്തിന് പ്രചോദനമായതെന്നുവേണം കരുതാൻ.
രണ്ടാമത്തെ വികസനം ഭാരതത്തിൽ സ്വാതന്ത്ര്യം കിട്ടിയതിനുശേഷവും നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ പ്രൊവിൻസ് എന്നായിരുന്നു ഭാരതത്തിന്റെ വടക്കുകിഴക്കൻ മേഖല അറിയപ്പെട്ടിരുന്നത്. ചൈനീസ് മുന്നേറ്റത്തിന് ശേഷമാണ് പൂർവോത്തര സംസ്ഥാനം രൂപപ്പെട്ടത്. എൻഇഎഫ്എ നിലനിന്നിരുന്ന കാലം മുതൽ മധ്യതിരുവിതാംകൂറിൽ നിന്നുള്ളവരായിരുന്നു ആ മേഖലകളിലെ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ഹിമാലയൻ മലനിരകളുടെ താഴ്ന്ന കുന്നുകൾ അതും ബർമ കുന്നുകളോട് ചേർന്നുകിടക്കുന്ന ഗാരോ, കാസി, ജയന്ത്യ ഹിൽസ് എന്ന നിമ്നോന്നത മേഖലയാണ്. ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന ചിറാപുഞ്ചി ഉൾപ്പെട്ട മലനിരയിൽ ആയിരക്കണക്കിന് കിലോമീറ്റർ റോഡ് പുതുതായി പണിയാനും ടാർ ചെയ്യുവാനും ഫൈനാൻഷ്യൽ ഇയർ തീരാറാകുമ്പോൾ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കുന്നത് ഒരു സ്ഥിരം അഭ്യാസമാണ്.
കുറേദൂരം മാത്രം നിർമാണം നടത്തി മുഴുവൻ പണിയുടേയും ബിൽ പാസ്സാക്കി പണം എഴുതിയെടുക്കുന്നു. ഫെബ്രുവരി മാസം തന്നെ ആരംഭിക്കുന്ന അതേവർഷം ടാർ ചെയ്ത റോഡും ചെയ്യാത്തിടത്തെ റോഡും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി എന്ന് എഴുതി എല്ലാവർഷവും ഖജനാവ് കാലിയാക്കി പോന്നിരുന്നു. അതിന്റെ മറ്റൊരു പതിപ്പാണ് കേരളത്തിലെ ജനകീയാസൂത്രണം, കേരള വികസനം എന്നുവേണം കരുതാൻ. കഴിഞ്ഞ 30 വർഷമായി ഏകദേശം ആറ് പഞ്ചവത്സര പദ്ധതിയിൽ കൂടെ ഏകദേശം 1,30,000 തിരഞ്ഞെടുത്ത ജനപ്രതിനിധികൾ ഖജനാവ് അടിച്ചുമാറ്റി ലക്ഷപ്രഭുക്കളും കോടിപതികളുമായി മാറി. ആ പണമാണ് തെരഞ്ഞെടുപ്പടുക്കുമ്പോൽ സീറ്റിനായി ബാഗിൽ നിറച്ച് ഇറങ്ങുന്നതെന്നുവേണം കരുതാൻ.
ചില വികസന മാതൃകകൾ
ആലുവയ്ക്ക് അടുത്ത് കടുങ്ങല്ലൂർ പഞ്ചായത്തിലെ കിഴക്കേ കടുങ്ങല്ലൂരിൽ ഒമ്പതാം പദ്ധതിയിൽ കാൽക്കോടി രൂപ അടങ്കലിൽ മൂന്ന് ഏക്കർ നെൽവയൽ നികത്തി ഒരു കിണറും ചെറിയ ഓഫീസും വിശാലമായ കുളങ്ങളും നിർമ്മിച്ച് മത്സ്യക്കുഞ്ഞുങ്ങളെ വളർത്തി വിൽക്കുന്ന ഒരു പ്രൊജക്ട് എറണാകുളം ജില്ലാ പഞ്ചായത്ത് ഫണ്ടുകൊണ്ട് ആരംഭിച്ചു. രണ്ടുമാസംപോലും കഴിയുന്നതിനുമുമ്പ് പദ്ധതി ഉപേക്ഷിച്ചു.
പത്താം പദ്ധതി കാലയളവിൽ അതിനോടുചേർന് 1.75 കോടി രൂപ അടങ്കലിൽ ഒരു മൂന്നുനില കെട്ടിടം പണിതു. അന്നത്തെ നിർമ്മാണച്ചെലവ് കണക്കിലെടുത്ത് ഒരു ജനകീയ കമ്മറ്റി രൂപീകരിച്ചിരുന്നെങ്കിൽ 40 ലക്ഷത്തിന് തീരുമായിരുന്നു. പണി തീർന്നനാൾ മുതൽ അടഞ്ഞുകിടന്ന കെട്ടിടത്തിൽ 11-ാം പദ്ധതിയിൽ ഒരു ഫിഷറീസ് ഓഫീസ് ആരംഭിച്ചു.
പന്ത്രണ്ടാം പദ്ധതിയിൽ ഏഴ് ഏക്കർ നെൽവയൽ കൂടി നികത്തി എന്നുമാത്രമല്ല നിലവിലുണ്ടായിരുന്ന കുളങ്ങളും മൂടി ‘കാവിൽ എന്ന പേരിൽ പുതിയ ഒരു പ്രോജക്ട് ആരംഭിച്ചു.
പ്രോജക്ട് റിപ്പോർട്ടിൽ 244 പേർക്ക് ജോലി കാണിച്ചിരുന്നു. എന്നാൽ ലഭിച്ചത് കേവലം നാല് പേർക്ക്. മത്സ്യക്കുഞ്ഞുങ്ങളെ വിദേശത്തേക്ക് കയറ്റിയയ്ക്കും എന്നത് പൊള്ളയായിരുന്നു. കേവലം 10 ചട്ടിയിൽ മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്ന ഒരു സംരംഭമായി ഒതുങ്ങി.
ഇങ്ങനെ, കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ കടലാസു പദ്ധതി വഴി എത്രായിരം കോടി രൂപയാണ് വെട്ടിച്ചതെന്നോർക്കണം. ഇടത്, വലതുപക്ഷ പാർട്ടികൾക്ക് വോട്ടുബാങ്ക് നിലനിർത്താൻ വേണ്ടി ചെലവഴിക്കുന്ന ഈ പദ്ധതികൾ ജനോപകാരപ്രദമായ പദ്ധതികളല്ലെന്നും ഓർക്കണം.
ഇത് വോട്ടർമാർ തിരിച്ചറിഞ്ഞ് തുടങ്ങി. അതാണ് വംഗനാട്ടിൽ സഖ്യമില്ലാത്ത സഖ്യവും കേരളത്തിൽ ബിജെപിക്കെതിരെ അസഹിഷ്ണുതയുടെ പേരിൽ രണ്ടുകൂട്ടരും ഒന്നായി വോട്ട് ചെയ്ത് കേരളത്തിൽ ബിജെപിയെക്കൊണ്ട് അക്കൗണ്ട് തുറപ്പിക്കില്ല എന്ന് വീമ്പിളക്കുന്നതും. ഇവിടെ തോൽക്കുന്നത് ബുദ്ധിരാക്ഷസന്മാരെന്ന് അഭിമാനിക്കുന്ന നമ്മൾ മലയാളികളാണ്. ഫൈവ് സ്റ്റാറും ബിവറേജും നിലനിർത്തി വോട്ട് ബാങ്ക് തങ്ങളുടെ ചൊൽപ്പടിയിൽ നിർത്തുന്നു. ഇതോടൊപ്പം മതം, ജാതി, ഉപജാതി പറഞ്ഞ് വർഗീയതയുടെ ഉമ്മാക്കി കാട്ടി വോട്ടറെ ഭയപ്പെടുത്തി വോട്ട് വാങ്ങി ഭരണത്തിലേറി, ദളിതരേയും ആദിവാസികളെയും മേലാളരെയും കീഴാളരെയും ഭയപ്പെടുത്തി അഞ്ച് വർഷം മാറിമാറി അധികാരത്തിലേറി രണ്ടുകൂട്ടരും പണം സമ്പാദിക്കുന്നു. കനാലുകൾ വീതി കുറച്ച് ഫാം റോഡ് വെട്ടി പാടം നികത്തിയും ജനപ്രതിനിധികൾ ബ്രോക്കർ പണി ചെയ്ത് പണം സമ്പാദിക്കുന്നു.
വികസനത്തിന്റെ പേരിലുള്ള ഈ നിർമാണങ്ങൾ കേരളത്തെ മറ്റൊരു ചെന്നൈയാക്കും. എറണാകുളം ജില്ലയുടെ മാത്രം 718.90 ചതുരശ്ര കി. മീറ്റർ പ്രദേശം വർഷാവർഷം നാനോയുടെ ചെപ്പേട്ടിൽപ്പെട്ട് പ്രളയഭീഷണി നേരിടേണ്ടിവരും. മഴുകൊണ്ട പരശുരാമൻ കടലിൽനിന്നെടുത്ത പ്രദേശം മഴുവാൽ സമുദ്രത്തിൽ താണുപോകില്ലെന്നാരറിഞ്ഞു.
(ലേഖകന്റെ ഫോൺ: 9446047648)
പ്രതികരിക്കാൻ ഇവിടെ എഴുതുക: