ആലത്തൂര്‍: ദേശീയപാതയില്‍ വാഹന പരിശോധനയ്ക്കിടെ ആലത്തൂരില്‍നിന്നും കുഴല്‍പ്പണം പിടികൂടി. ആലത്തൂര്‍ ഡിവൈഎസ്പിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു ഇന്നലെ രാവിലെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ടൊയോട്ട കാറില്‍ രേഖകളില്ലാതെ കടത്തികൊണ്ടുവരികയായിരുന്ന 58,39,500 രൂപ പിടിച്ചെടുത്തത്.
ആയിരം, അഞ്ഞൂറ് എന്നിവയുടെ കെട്ടുകളായി മുന്‍സീറ്റുകളുടെ ഇടയിലുള്ള ഹാന്‍ഡ് ബ്രേക്കിന്റെ അടിയില്‍ പ്രത്യേകം നിര്‍മിച്ച രഹസ്യഅറയിലാണ് പണം സൂക്ഷിച്ചിരുന്നത്.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന പെരിന്തല്‍മണ്ണ ആക്കപറമ്പ് സ്വദേശി നൗഷാദ് ബാബു (32), കരിങ്കല്ലത്താണി സ്വദേശി മന്‍സൂര്‍ അലി (35) എന്നിവരെ കസ്റ്റഡിയിലെടുത്തു. സേലത്തുനിന്നും മലപ്പുറത്തേക്ക് കൊണ്ടുവരികയായിരുന്നു പണമെന്ന് പ്രതികള്‍ മൊഴി നല്കി. ഡിെൈവസ്പി സി. കെ. രാമചന്ദ്രന്, സ്ക്വാഡ് അംഗങ്ങളും എസ്പിഒമാരുമായ പ്രജിത്ത്, ജയകുമാര്‍, സുജിത്ത്, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് കുഴല്‍പണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: