തിരുവനന്തപുരം: കുടിവെള്ളം, കൃഷി, ഭൂരഹിതര്‍ക്ക് ഭൂമി, തൊഴില്‍, അടിസ്ഥാനസൗകര്യവികസനം എന്നിവയ്ക്ക് പ്രാധാന്യം നല്കി എന്‍ഡിഎയുടെ നയരേഖ ഉടന്‍ പുറത്തിറക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ഓരോ നിയോജകമണ്ഡലത്തിനും അനുയോജ്യമായ പ്രത്യേകം പ്രകടനപത്രികകളായിരിക്കും ഉണ്ടാവുക. കേരളത്തില്‍ സമഗ്രമായ മാറ്റം വരുത്തുന്ന സാമൂഹ്യനീതി ഉറപ്പാക്കുന്ന വിധത്തിലായിരിക്കും നയരേഖയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം വലിയ മാറ്റത്തിന് കാതോര്‍ത്തിരിക്കുന്ന ചരിത്ര മുഹൂര്‍ത്തമാണിത്. ഇവിടെയും രാഷ്ട്രീയ കാലാവസ്ഥ മാറിവരികയാണ്. സിപിഎമ്മും കോണ്‍ഗ്രസും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. പശ്ചിമബംഗാളില്‍ രണ്ടുപേരും ചേര്‍ന്ന് മുന്നണിയായി പരസ്യബാന്ധവത്തില് ഏര്‍പ്പെട്ടിരിക്കുകയാണ്. സിപിഎമ്മിനും കോണ്‍ഗ്രസിനും ഒരേ നയവും ഒരേ സമീപനവും ഒരേ കാഴ്ചപ്പാടുമാണ്. വികലമായ കാലഹരണപ്പെട്ട ഈ നയമാണ് കേരളത്തെ പിന്നോട്ടടിച്ചത്. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഇവരുടെ കൈവശം ഒരു പരിഹാരവുമില്ല. 44 നദികളുള്ള കേരളത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നത് ഭരണപരാജയത്തിന്റെ തെളിവാണ്. 140 മണ്ഡലങ്ങളിലും എന്‍ഡിഎ സജീവവും സക്രിയവും ഊര്‍ജസ്വലവുമാണ്. എന്‍ഡിഎ മുന്നണിയെ ബദല്‍ രാഷ്ട്രീയ സംവിധാനമായി നിരീക്ഷകരും വിലയിരുത്തുന്നു. പരിവര്‍ത്തനത്തിന് കേരളം പാകമായെന്നാണ് സൂചന. വട്ടിയൂര്‍ക്കാവില്‍ ബിജെപി വിജയിക്കുമെന്ന് സുനിശ്ചിതമാണ്. കുടിവെള്ളമില്ലാതെ മാലിന്യസംസ്കരണമില്ലാതെ അഴുക്കുചാലുകളില്ലാതെ ഇവിടെ ജനം പൊറുതിമുട്ടുകയാണ്. മണ്ഡലത്തിലൂടെ ഒഴുകുന്ന കിള്ളിയാര്‍ സമ്പൂര്‍ണമായും മലീമസമായി. മണ്ഡലത്തിന്റെ വികസനത്തിന് ശരിയായ മാസ്റ്റര്‍ പ്ലാനില്ല. കടുത്ത വികസനമുരടിപ്പ് നേരിടുന്ന വട്ടിയൂര്‍ക്കാവ് നിവാസികള്‍ മാറ്റം ആഗ്രഹിക്കുന്നു. ഇത് ബിജെപിയുടെ വിജയത്തിന് വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: