മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിലെ കിരീടപോരാട്ടത്തില്‍ ബാഴ്സലോണയും മാഡ്രിഡും തമ്മിലുള്ള അങ്കം മുറുകുന്നു. തുടര്‍ തോല്‍വികളില്‍ നട്ടംതിരിഞ്ഞ ബാഴ്സലോണ വിജയവഴിയിലേക്ക് രാജകീയമായി തിരിച്ചെത്തി. ഡിപോര്‍ട്ടീവോ ല കൊരുണയെ എതിരില്ലാത്ത എട്ടു ഗോളുകള്‍ക്കു മുക്കി ബാഴ്സ. റയല്‍ മാഡ്രിഡ് 3-0ന് വിയ്യ റയലിനെ തകര്‍ത്തപ്പോള്‍, അത്ലറ്റികോ മാഡ്രിഡ് അത്ലറ്റിക് ക്ലബ്ബിനോട് കടന്നു കൂടി (1-0).
അവസാന നാലു കളികളില്‍ മൂന്നു തോല്‍വിയും ഒരു സമനിലയുമെന്ന നിലയില്‍ ജീവന്മരണ പോരിനിറങ്ങിയ ബാഴ്സലോണയ്ക്ക് ഉറുഗ്വെ സ്ട്രൈക്കര്‍ ലൂയി സുവാരസിന്റെ തകര്‍പ്പന്‍ പ്രകടനം തകര്‍പ്പന്‍ ജയം സമ്മാനിച്ചു. നാലു ഗോളുകള്‍ നേടിയ സുവരാസ് മൂന്നെണ്ണത്തിനു വഴിമരുന്നുമിട്ടു. ജയമില്ലെങ്കില്‍ ലീഗ് താഴേക്കിറങ്ങേണ്ടി വരുമെന്ന ചിന്ത മൈതാനത്ത് സര്‍വ്വവും മറന്ന് പോരാടാന്‍ ബാഴ്സയെ തുണച്ചു. ഡിപോര്‍ട്ടീവോ മൈതാനത്ത് സുവാരസിലൂടെയാണ് കറ്റാലന്മാര് സ്കോറിങ് തുടങ്ങിയത്.
11, 24 മിനിറ്റുകളില്‍ സുവാരസ് ലക്ഷ്യം കണ്ടു. ആദ്യ പകുതി ഈ രണ്ടു ഗോളില്‍ അവസാനിപ്പിച്ചു കറ്റാലന്‍ പട. രണ്ടാം പകുതിയില്‍ ഇവാന് റാക്കിറ്റിക്കിലൂടെയാണ് അവര്‍ സ്കോറിങ് തുടങ്ങിയത്, 47ാം മിനിറ്റില്‍. പിന്നീട് 53, 64 മിനിറ്റുകളില്‍ സുവാരസ് വീണ്ടും ലക്ഷ്യം കണ്ടു. ഇതോടെ അഞ്ചു ഗോള്‍ മുന്‍തൂക്കമായി ടീമിന്. 73, 79, 81 മിനിറ്റുകളില്‍ ലയണല്‍ മെസി, ബത്ര, നെയ്മര്‍ എന്നിവര്‍ കൂടി വല ചലിപ്പിച്ചതോടെ വന്‍ ജയവുമായി കരകയറി ലൂയി എന്റിഖിന്റെ ശിഷ്യര്‍.
വിയ്യറയലിനെതിരെ ബെര്‍ണാബുവില്‍ മികച്ച ജയം നേടി റയല്‍.
41ാം മിനിറ്റില്‍ കരിം ബെന്‍സമയിലൂടെ സ്കോറിങ് തുടങ്ങിയ മാഡ്രിഡ് ടീം ലൂക്കാസ് വാസ്ക്വെസ് (69), ലൂക്ക മോഡ്രിച്ച് (76) എന്നിവരിലൂടെ പട്ടിക തികച്ചു. എന്നാല്‍, അത്ലറ്റിക് ക്ലബ്ബിനെതിരെ അത്ലറ്റികോ മാഡ്രിഡ് കഷ്ടിച്ചു രക്ഷപ്പെട്ടു. 38ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസാണ് അത്ലറ്റികോയുടെ വിജയ ഗോള്‍ നേടിയത്.
34 കളികള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്സലോണയ്ക്കും അത്ലറ്റികോയ്ക്കും 79 പോയിന്റ് വീതം. ഗോള്ശരാശരിയല് ബാഴ്സ ഒന്നാമത്. മൂന്നാമതുള്ള റയല്‍ മാഡ്രിഡിന് 78 പോയിന്റ്. 60 പോയിന്റുള്ള വിയ്യറയല്‍ നാലാമത്.
ലീഗിലെ മറ്റൊരു കളിയില്‍ മലാഗയെ റയൊ വല്ലെക്കാനോ തളച്ചപ്പോള്‍ (1-1), സ്പോര്‍ട്ടിങ് ഗിജോണ്‍ സെവിയ്യയെ വീഴ്ത്തി (2-1). വലന്‍സിയ മടക്കമില്ലാത്ത നാലു ഗോളിന് ഐബറിനെ തുരത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: