കണ്ണൂര്‍: വേനല്‍ച്ചൂട് രൂക്ഷമാവുകയും നീരുറവകളും കിണറുകളും വറ്റിവരളുകയും ചെയ്തതോടെ ജില്ലയുടെ ഒട്ടുമിക്ക മേഖലകളിലും കുടിവെളള ക്ഷാമം രൂക്ഷമായി. വെളളത്തിനായി ജനം നെട്ടോട്ടത്തിലാണ്. പഞ്ചായത്ത്-റവന്യൂ വകുപ്പുകള്‍ക്ക് കുടിവെളള വിതരണത്തിന് നിര്‍ദ്ദേശമുണ്ടെങ്കിലും പലയിടങ്ങളിലും ഇതുവരെ കുടിവെളള വിതരണം കാര്യക്ഷമമായി ആരംഭിച്ചിട്ടില്ല. വിതരണം ചെയ്യുന്ന സ്ഥലങ്ങളിലാവട്ടെ ആവശ്യത്തിന് ജലം ലഭിക്കുന്നില്ലെന്നും പേരിനു മാത്രമേ വിതരണം ചെയ്യുന്നുളളൂവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഹോട്ടലുകളിലും ബേക്കറികളിലും ഹോസ്റ്റലുകളിലും ആശുപത്രികളിലും കുടിവെളളക്ഷാമം രൂക്ഷമായത് കടുത്ത പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ ഹോട്ടലുകള്‍ അടുത്തദിവസം അടച്ചു പൂട്ടേണ്ടിവരുന്ന സ്ഥിതിയാണുളളതെന്ന് ഹോട്ടലുടമകള്‍ പറയുന്നു. കഴിഞ്ഞ കാലങ്ങളില്‍ നിന്നും ഭിന്നമായി മൂന്നിലൊന്നു പോലും വേനല്‍മഴ ജില്ലയില്‍ ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. 39 ഡിഗ്രിയോളം ചൂടാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്.
മലയോര മേഖലകളിലുള്‍പ്പെടെ കിണറുകള്‍ മിക്കതും വറ്റിവരണ്ടു കൊണ്ടിരിക്കുകയാണ്. ആഴ്ചകള്‍ക്കു മുമ്പേ തോടുകളും മറ്റ് നീരുറവകളും വറ്റിയിരുന്നു. പൊതുസ്ഥലങ്ങളിലുളള കുഴല്‍ കിണറുകള്‍ക്കു മുന്നിലും മറ്റും പാത്രങ്ങളേന്തി നില്ക്കുന്നവരുടെ നീണ്ടനിര പതിവായിരിക്കുകയാണ്. വെളളത്തിനായി കിലോമീറ്ററുകളോളം കുടവുമേന്തി നടക്കുന്ന സ്ത്രീകളും പലയിടങ്ങളിലും കാണാവുന്നതാണ്. നിര്‍മ്മാണ മേഖലയിലെ പ്രവൃത്തികളേയും വെളളക്ഷാമം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മലയോരത്തെ പല ആദിവാസി കോളനികളിലും കുടിവെളളം ലഭ്യമാകാത്തത് കടുത്ത ദുരിതത്തിന് കാരണമായിട്ടുണ്ട്. ജലസേചന വകുപ്പിന്റെ പല പമ്പിംഗ് സെന്ററുകളിലും വെളളമില്ലാത്തതിനാല്‍ പമ്പിംഗ് മുടങ്ങിയിരിക്കുകയാണ്. ഇത് ജില്ലയിലെ പല മേഖലകളിലും പൈപ്പ് വഴിയുളള കുടിവെളള വിതരണം തടസ്സപ്പെടാന്‍ വഴിയൊരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ വേനല്‍മഴ വേണ്ട രീതിയില്‍ ലഭിക്കാതിരിക്കുകയും സര്‍ക്കാര്‍ വെളളം വിതരണത്തിന് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാതിരിക്കുകയും ചെയ്താല്‍ ജില്ലയിലെ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: