മാഡ്രിഡ്: ക്ലബ് ഫുട്‌ബോൡലെ പ്രതാപികളായ ബാഴ്‌സലോണയ്‌ക്ക് തുടരെ മൂന്നാം തോല്‍വി. ലയണല്‍ മെസി കരിയറിലെ 500ാം ഗോള്‍ നേടിയ കളിയില്‍ മുന്‍ ചാമ്പ്യന്‍ വലന്‍സിയയാണ് ലാ ലിഗയില്‍ ബാഴ്‌സയെ വീഴ്‌ത്തിയത് (2-1). ബാഴ്‌സയുടെ തോല്‍വി ലീഗിലെ കിരീട പോരാട്ടം ഫിനിഷിങ് ലൈനിലേക്ക് നീട്ടി. കഴിഞ്ഞ കളിയില്‍ ഗ്രെനേഡയെ മടക്കമില്ലാത്ത മൂന്നു ഗോളിനു തുരത്തി അത്‌ലറ്റികോ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ ബാഴ്‌സയ്‌ക്കൊപ്പമെത്തി. 33 കളികളില്‍ 76 പോയിന്റുണ്ട് ഇരു ടീമുകള്‍ക്കും. എന്നാല്‍, ഗോള്‍ ശരാശരി ബാഴ്‌സയെ ഒന്നാമത് നിലനിര്‍ത്തുന്നു. 75 പോയിന്റുമായി റയല്‍ മാഡ്രിഡ് തൊട്ടുപിന്നാലെ. ഗോളടിച്ചുകൂട്ടുന്നതില്‍ മുന്‍നിരക്കാരേക്കാള്‍ മികവു കാട്ടുന്നു റയല്‍. ഗോള്‍ശരാശരിയില്‍ ഏറെ മുന്നിലാണ് മാഡ്രിഡിലെ കരുത്തര്‍.
നൗകാംപിലെ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡില്‍നിന്നു തുടങ്ങിയ തിരിച്ചടി, ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡില്‍നിന്നും ഏറ്റുവാങ്ങി. ഇന്നലെ വലന്‍സിയയും ചാമ്പ്യന്മാരെ നിലംപരിശാക്കി. 26ാം മിനിറ്റില്‍ ഇവാന്‍ റാക്കിറ്റിക്കിന്റെ സെല്‍ഫ് ഗോളിലാണ് വലന്‍സിയ ആദ്യം ലീഡെടുത്തത്. ഗ്വില്‍ഹെര്‍മി സിക്വെയ്‌രയുടെ ഗോള്‍ശ്രമം തടയാനുള്ള റാക്കിറ്റിന്റെ ശ്രമം സ്വന്തം വലയിലാണ് അവസാനിച്ചത്. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ സാന്റി മിന രണ്ടാം ഗോളും നേടി. ഇടവേളയ്‌ക്കു ശേഷം 63ാം മിനിറ്റിലാണ് ലയണല്‍ മെസി ബാഴ്‌സയുടെ ആശ്വാസം കണ്ടെത്തുന്നത്. ഇടതു വിങ്ങില്‍നിന്ന് ജോര്‍ഡി ആല്‍ബ നല്‍കിയ പാസ് പിഴവൊന്നും കൂടാതെ വലയില്‍ നിക്ഷേപിച്ചു മെസി. കരിയറിലെ അഞ്ഞൂറാം ഗോള്‍. സമനിലയ്‌ക്കായി ആഞ്ഞുപൊരുതിയെങ്കിലും മെസി, നെയ്‌മര്‍, സുവരാസ് അടങ്ങിയ ലോകോത്തര താരങ്ങള്‍ക്ക് വലന്‍സിയ പ്രതിരോധം ഭേദിക്കാനായില്ല.
സ്വന്തം മൈതാനത്ത് കോക്കെ (15), ഫെര്‍ണാണ്ടോ ടോറസ് (59), ഏയ്ഞ്ചല്‍ കൊറയ (83) എന്നിവരുടെ ഗോളുകളിലാണ് അത്‌ലറ്റികോ ജയിച്ചു കയറിയത്. സെവിയ്യ സമനിലയില്‍ കുരുങ്ങി. ഡിപോര്‍ട്ടീവോ ല കൊരുണയാണ് സെവിയ്യയെ പിടിച്ചുനിര്‍ത്തിയത്. അേേതസമയം, നാലാം സ്ഥാനത്തുള്ള വിയ്യ റയലിന് തോല്‍വി. റയൊ വല്ലെക്കാനോ 2-1ന് വിയ്യറയലിനെ കെട്ടുകെട്ടിച്ചു.
ആഴ്‌സണലിന് കുരുക്ക്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ ആഴ്‌സണലിന് സമനില. ക്രിസ്റ്റല്‍ പാലസിനോടാണ് പീരങ്കിപ്പട കുരുങ്ങിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ അലക്‌സി സാഞ്ചസിലൂടെ മുന്നിലെത്തിയ ആഴ്‌സണലിനെ 81ാം മിനിറ്റില്‍ യാനിക് ബൊളെയ്‌സിലൂടെ പിടിച്ചുകെട്ടി ക്രിസ്റ്റല്‍. ജയിച്ചിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താമായിരുന്നു ആഴ്‌സണലിന്. 33 കളികളില്‍ ഇരു ടീമുകള്‍ക്കും 60 പോയിന്റ് വീതം. ഗോള്‍ശരാശരിയില്‍ സിറ്റി
മൂന്നാമത്. മിലാന് ജയം
റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ എസി മിലാന് ജയം. സാംപ്‌ദോറിയയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി മിലാന്‍. 71ാം മിനിറ്റില്‍ കാര്‍ലോസ് ബക്കയാണ് വിജയ ഗോള്‍ നേടിയത്. 33 കളികളില്‍ 52 പോയിന്റുമായി ആറാം സ്ഥാനത്താണ് മിലാന്‍.
തകര്‍പ്പന്‍ ജയത്തോടെ യുവന്റസ് കിരീടത്തിലേക്കുള്ള ദൂരം കുറച്ചു. പലെര്‍മോയെ മടക്കമില്ലാത്ത നാലു ഗോളിനാണ് നിലവിലെ ചാമ്പ്യന്മാര്‍ വീഴ്‌ത്തിയത്. സാമി ഖദീര, പോള്‍ പോഗ്ബ, യുവാന്‍ ക്വര്‍ഡാഡോ, സിമോണ്‍ പാദോയിന്‍ എന്നിവര്‍ യുവന്റസിനായി ലക്ഷ്യം കണ്ടു. 33 കളികളില്‍ 79 പോയിന്റുണ്ട് ടീമിന്. മറ്റു മത്സരങ്ങളില്‍ ഫിയൊന്റീന 3-1ന് സസ്സൗലോയെയും ലാസിയോ 2-0ന് എംപോളിയെയും തോല്‍പ്പിച്ചു. ഉഡിനീസ്-ചീവോ മത്സരം ഗോള്‍രഹിത സമനിലയില്‍.
ബൊറൂസിയയ്‌ക്ക് ജയം
ഡോര്‍ട്ട്മുണ്ട്: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് തകര്‍പ്പന്‍ ജയം. അഡ്രിയാന്‍ റാമോസിന്റെ ഇരട്ട ഗോള്‍ മികവില്‍ ഹാംബര്‍ഗിനെ മടക്കമില്ലാത്ത മൂന്നു ഗോളിനു കീഴടക്കി ബൊറൂസിയ. ക്രിസ്റ്റ്യന്‍ പ്യുലിസിച്ചിലൂടെയാണ് ബൊറൂസിയ സ്‌കോറിങ് തുടങ്ങിയത്. 30 കളികളില്‍ 71 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബൊറൂസിയ.
മൊണാക്കോ രണ്ടാമത്
പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ മൊണാക്കോ രണ്ടാം സ്ഥാനത്തേക്കു കയറി. ഒളിംപിക് മാഴ്‌സലെയെ ഒന്നിനെതിരെ രണ്ടു ഗോളിനു കീഴടക്കി മൊണാക്കോയുടെ മുന്നേറ്റം. ബെര്‍നാഡോ സില്‍വ (47), ആന്ദ്രിയ റാഗ്ഗി (75) എന്നിവര്‍ ജേതാക്കളുടെ സ്‌കോറര്‍മാര്‍. ഇഞ്ചുറി ടൈമില്‍ മിക്കി ബാറ്റ്ഷുവായി മാഴ്‌സലെയുടെ ആശ്വാസം. 34 കളികളില്‍ 58 പോയിന്റായി മൊണാക്കൊയ്‌ക്ക്. 56 പോയിന്റുമായി ഒളിംപിക് ലിയോണ്‍ തൊട്ടുപിന്നാലെ. പാരീസ് സെന്റ് ജര്‍മന്‍ കിരീടം ഉറപ്പിച്ച ലീഗില്‍ രണ്ടാം സ്ഥാനത്തിനായാണ് ഇനി പോരാട്ടം.
















