ഹൈദരാബാദ്: ഐപിഎല്ലില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു. അമ്പാട്ടി റായുഡുവിന്റെയും (54), ക്രുനാല്‍ പാണ്ഡ്യയുടെയും (49 നോട്ടൗട്ട്) പ്രകടനങ്ങളാണ് മുംബൈയെ താങ്ങിനിര്‍ത്തിയത്.
ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലിനെ (രണ്ട്) നഷ്ടമായതിന്റെ ആഘാതത്തില്‍നിന്ന് കരകയറാനായില്ല മുംബൈയ്‌ക്ക്. നായകന്‍ രോഹിത് ശര്‍മ (അഞ്ച്) റണ്ണൗട്ടാവുക കൂടി ചെയ്തതോടെ തീര്‍ത്തും പ്രതിസന്ധിയിലായി അവര്‍. റായുഡുവും പാണ്ഡ്യയും അഞ്ചാം വിക്കറ്റില്‍ 63 റണ്‍സ് ചേര്‍ത്തതില്‍ ആശ്വാസം കൊണ്ടു മുംബൈ.
റായുഡു 49 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സറും പറത്തിയപ്പോള്‍, ക്രുനാല്‍ 28 പന്തില്‍ മൂന്നു വീതം ഫോറും സിക്‌സറും പറത്തി. ജോസ് ബട്‌ലറും (11), പാര്‍ഥിവ് പട്ടേലുമാണ് (10) രണ്ടക്കം കണ്ട മറ്റുള്ളവര്‍. ഹൈദരാബാദിനായി ബരീന്ദര്‍ സ്രന്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍, ഭുവനേശ്വര്‍ കുമാര്‍, മുസ്തഫിസുര്‍ റഹീം എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
















