ബെംഗളൂരു: ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കിന്റെ മിന്നും സെഞ്ചുറി ഐപിഎല്ലില്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിന് സമ്മാനിച്ചത് തകര്‍പ്പന്‍ ജയം. നായകന്‍ വിരാട് കോഹ്‌ലിയും (79), എ.ബി. ഡിവില്ലേഴ്‌സും (55) തകര്‍ത്തടിച്ചപ്പോള്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡി കോക്കിന്റെ (108) ഒറ്റയാള്‍ പോരാട്ടം ദല്‍ഹിക്ക് ജയം സമ്മാനിച്ചു. സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ – 191/5 (20), ദല്‍ഹി ഡെയര്‍ഡെവിള്‍സ് – 192/3 (19.1).
48 പന്തില്‍ ഏഴു ഫോറും മൂന്നു സിക്‌സറും സഹിതമാണ് വിരാട് 79 റണ്‍സെടുത്തത്. 33 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സറും സഹിതം ഡിവില്ലേഴ്‌സിന്റെ ഇന്നിങ്‌സ്. 19 പന്തില്‍ രണ്ട് ഫോറും മൂന്നു സിക്‌സറും സഹിതം 33 റണ്‍സ് നേടിയ ഷെയ്ന്‍ വാട്‌സണും ബാംഗ്ലൂരിനെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നതിനു തുണയായി. തുടക്കത്തില്‍ പതറിയെങ്കിലും അവസാനം റണ്‍നിരക്ക് നിയന്ത്രിക്കാന്‍ ദല്‍ഹി ബൗളര്‍മാര്‍ക്കായതും മത്സരഫലത്തില്‍ നിര്‍ണായകം. നാലോവറില്‍ 34 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റെടുത്ത മുഹമ്മദ് ഷാമിയാണ് ദല്‍ഹി ബൗളര്‍മാരില്‍ മികച്ചുനിന്നത്.
വലിയ പ്രതീക്ഷയൊന്നുമില്ലാതെയിറങ്ങിയ ദല്‍ഹിയുടെ വിധി ഡി കോക്ക് മാറ്റിയെഴുതി. 48 പന്തില്‍ നൂറ് തികച്ച ഡി കോക്ക് 51 പന്തില്‍ 15 ഫോറും മൂന്നു സിക്‌സറും സഹിതം 108 റണ്‍സെടുത്തു. ഇദ്ദേഹം പുറത്താകുമ്പോഴേക്കും ദല്‍ഹി ജയമുറപ്പിച്ചിരുന്നു. ഈ സീസണിലെ ആദ്യ സെഞ്ചുറിയാണ് ഡി കോക്ക് കുറിച്ചത്. 42 പന്തില്‍ ആറു ഫോറും ഒരു സിക്‌സറും സഹിതം പുറത്താകാതെ 54 റണ്‍സെടുത്ത കരുണ്‍ നായരും ജയത്തില്‍ പ്രധാന പങ്കുവഹിച്ചു.
















