ബെംഗളൂരു: എബി ഡിവില്ലിയേഴ്‌സിനൊക്കൊണ്ടും വിരാട് കോഹ്‌ലിയെക്കൊണ്ടും തോറ്റു. ഇങ്ങനെ റണ്ണടിച്ചുകൂട്ടിയാല്‍ എതിരാളികള്‍ എന്തുചെയ്യും. വരും മത്സരങ്ങളില്‍ എതിരാളികള്‍ക്കുള്ള ഒരു മുന്നറിയിപ്പുകൂടിയാണ് ഡിവില്ലിയേഴ്‌സിന്റെയും കോഹ്‌ലിയുടെയും ഫോം. ബുധനാഴ്ച നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളര്‍മാരാണ് ഇരുവരുടെയും ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞത്.
മത്സരത്തില്‍ സണ്‍റൈസേഴ്‌സ് 45 റണ്‍സിന്റെ തോല്‍വിയും ഏറ്റുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് നേടി. ഈ സീസണില്‍ ആദ്യമായാണ് ഒരു ടീം 200ലേറെ റണ്‍സ് നേടുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് അതിവേഗത്തില്‍ 58 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറിലൂടെ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ബാംഗ്ലൂര്‍ ബൗളര്‍മാര്‍ മികച്ച നിയന്ത്രണത്തോടെ പന്തെറിയുകയും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തുകയും ചെയ്തതോടെ വിജയം റോയല്‍ ചലഞ്ചേഴ്‌സിന് സ്വന്തമായി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിന്റെ (1) വിക്കറ്റ് ആദ്യം തന്നെ നഷ്ടമായി. ഭുവനേശ്വറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. സ്‌കോര്‍ ഒന്നിന് ആറ് റണ്‍സ്. ഗെയ്‌ലിന്റെ പുറത്താകല്‍ മറ്റൊരു വെടിക്കെട്ടിന് മുമ്പുള്ള ചെറിയൊരു ശാന്തത മാത്രമായിരുന്നു. രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന കോഹ്‌ലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് 14.3 ഓവറില്‍ അടിച്ചുകൂട്ടിയത് 157 റണ്‍സ്.
കോഹ്‌ലി 51 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സറുമടക്കം 75 റണ്‍സും ഡിവില്ലിയേഴ്‌സ് 42 പന്തില്‍ 7 ഫോറും ആറ് സിക്‌സറുമടക്കം 82 റണ്‍സുമെടുത്തു. തുടര്‍ന്ന് എട്ട് പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളുടെ സഹായത്തോടെ 19 റണ്‍സെടുത്ത് ഷെയ്ന്‍ വാട്‌സണും 19-ാം ഓവറില്‍ വെടിക്കെട്ട് നടത്തി 10 പന്തില്‍ 35 റണ്‍സെടുത്ത് സര്‍ഫ്രാസ് ഖാനും സണ്‍റൈസേഴ്‌സ് ബൗളര്‍മാരെ തകര്‍ത്തെറിഞ്ഞു. ഭുവനേശ്വര്‍കുമാര്‍ എറിഞ്ഞ 19-ാം ഓവറില്‍ അഞ്ച് ഫോറും ഒരു സിക്‌സറുമടക്കം 28 റണ്‍സാണ് സര്‍ഫ്രാസ് അടിച്ചുകൂട്ടിയത്. മുസ്താഫിസൂര്‍ റഹ്മാന്‍ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സും നേടിയതോടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് സ്‌കോര്‍ 227-ല്‍ എത്തിയത്.
ബംഗ്ലാദേശ് താരം മുസ്തഫിസൂര്‍ റഹ്മാനൊഴികെ ഹൈദരാബാദ് ടീമിനുവേണ്ടി പന്തെടുത്തവര്‍ക്കെല്ലാം തല്ല് കണക്കിന് കിട്ടി. കൂട്ടത്തില്‍ ഏറ്റവും കിട്ടിയത് കരണ്‍ ശര്‍മ്മക്കായിരുന്നു. നാല് ഓവറില്‍ ശര്‍മ വഴങ്ങിയത് 57 റണ്‍സാണ്. മുസ്തഫിസൂര്‍ റഹ്മാന്‍ നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടു നല്‍കി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 55 റണ്‍സ് നല്‍കി രണ്ട് വിക്കറ്റുകള്‍ േനടി.
ഡിവില്ലിയേഴ്‌സും സര്‍ഫ്രാസും നിര്‍ത്തിയേടത്തുനിന്നാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ തുടങ്ങിയത്. ബെംഗളൂരു ബൗളര്‍മാരെ കടന്നാക്രമിച്ചതോടെ സ്‌കോര്‍ കുത്തനെ ഉയര്‍ന്നു. എന്നാല്‍ ശിഖര്‍ ധവാന്‍ (8), ഹെന്റിക്വസ് (19), നമന്‍ ഓജ (0), ദീപക് ഹൂഡ (6) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ ഒന്നിന് 86 എന്ന കരുത്തുറ്റ നിലയില്‍ നിന്ന് അഞ്ചിന് 101 എന്ന നിലയില്‍ തകര്‍ന്നു.
25 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറിയം 5 കൂറ്റന്‍ സിക്‌സറുമടക്കം 58 റണ്‍സെടുത്ത വാര്‍ണറെ വാട്‌സണ്‍ മില്‍ൂനെയുടെ കൈകളിലെത്തിച്ചതാണ് കളിയില്‍ വഴിത്തിരിവായത്. പിന്നീട് ഇയോണ്‍ മോര്‍ഗനും (18 പന്തില്‍ പുറത്താകാതെ 22), ആശിഷ് റെഡ്ഡി (18 പന്തില്‍ 32), കരണ്‍ ശര്‍മ്മ (17 പന്തില്‍ 26) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും കാര്യമുണ്ടായില്ല. റോയല്‍ ചലഞ്ചേഴ്‌സിന്‌വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍, ഷെയ്ന്‍ വാട്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. ഡിവില്ലിയേഴ്‌സ് മാന്‍ ഒാഫ് ദി മാച്ച്.
















