മാഡ്രിഡ്: റൊണാള്‍ഡോ വാക്കുപാലിച്ചു… റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍. രണ്ടാം പാദത്തില്‍ ജര്‍മ്മന്‍ ക്ലബ് വോള്‍വ്‌സ്ബര്‍ഗിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ സെമിയിലേക്ക് കുതിച്ചത്. ആദ്യപാദത്തില്‍ 2-0ന്റെ തോല്‍വി ഏറ്റുവാങ്ങിയശേഷം റൊണാള്‍ഡോ കഴിഞ്ഞ ദിവസം ആരാധകരോടു പറഞ്ഞിരുന്നു… മാജിക്ക് രാത്രിക്കുവേണ്ടി കാത്തിരിക്കാന്‍.
തന്റെ തകര്‍പ്പന്‍ ഹാട്രിക്കിലൂടെ ഈ വാക്കുകള്‍ റൊണാള്‍ഡോ അക്ഷരംപ്രതി ശരിവെക്കുകയും ചെയ്തു. ഇതോടെ ഇരുപാദങ്ങളിലുമായി 3-2ന്റെ തകര്‍പ്പന്‍ വിജയവുമായാണ് റയല്‍ മാഡ്രിഡ് സെമിയിലേക്ക് കുതിച്ചത്. ആദ്യപാദത്തില്‍ 2 ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷം രണ്ടാം പാദത്തില്‍ തിരിച്ചടിച്ച് മുന്നേറുന്ന മൂന്നാമത്തെ ടീമെന്ന ബഹുമതിയും റയലിന് സ്വന്തം. 2013-ല്‍ ബാഴ്‌സലോണ എസി മിലാനെതിരെയും 2014-ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒളിമ്പിയാക്കോസിനെതിരെയുമാണ് മുമ്പ് ഇത്തരത്തില്‍ വിജയം നേടിയത്. പിഎസ്ജിയെ കീഴടക്കി മാഞ്ചസ്റ്റര്‍ സിറ്റിയും അവസാന നാലില്‍ ഇടംപിടിച്ചു.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്ന റയല്‍ മാഡ്രിഡ് തുടക്കം മുതലേ ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. ആദ്യ മിനിറ്റില്‍ത്തന്നെ മാഴ്‌സെല്ലോ-ബെന്‍സെമ കൂട്ടുകെട്ട് വോള്‍വ്‌സ്ബര്‍ഗ് ബോക്‌സില്‍ അപകടം സൃഷ്ടിച്ചെങ്കിലും ഓഫ് സൈഡ് കെണിയില്‍ അകപ്പെട്ടു. ആറാം മിനിറ്റില്‍ സെര്‍ജിയോ റാമോസിന്റെ ഹെഡ്ഡര്‍ ക്രോസ്ബാറില്‍ത്തട്ടി തെറിച്ചു.
15-ാം മിനിറ്റില്‍ റൊണാള്‍ഡോ ഗോളടിക്ക് തുടക്കമിട്ട. മൈതാനമധ്യത്തില്‍ നിന്ന് പിടിച്ചെടുത്ത പന്തുമായി കുതിച്ചുകയറിയ ശേഷം കാര്‍വജാല്‍ നീട്ടി നല്‍കിയ ക്രോസ് ബോക്‌സിനുള്ളില്‍ ക്രിസ്റ്റിയാനോയുടെ കാലുകള്‍ക്ക് പാകത്തില്‍ കിട്ടി. വോള്‍ഫ്‌സ്ബുര്‍ഗ് ഗോളി ഡിഗോ ബെനഗ്ലിയോയെ സാക്ഷിയാക്കി ക്രിസ്റ്റിയാനോ ആദ്യവെടിയുതിര്‍ത്തതോടെ സാന്റിയാഗോ ബെര്‍ണാബ്യൂ സ്‌റ്റേഡിയം ആവേശത്തില്‍ പൊട്ടിത്തെറിച്ചു. രണ്ട് മിനിറ്റ് കഴിഞ്ഞില്ല, അതിന് മുമ്പേ വീണ്ടും ക്രിസ്റ്റിയാനോ നിറയൊഴിച്ചു. ഇത്തവണ ഹെഡ്ഡറിലൂടെ. ടോണി ക്രൂസ് എടുത്ത കോര്‍ണറിന് ബുള്ളറ്റ് വേഗത്തില്‍ തലവെച്ച ക്രിസ്റ്റിയാനോക്ക് പിഴച്ചില്ല. പന്ത് നിലത്ത് തട്ടിയശേഷം വലയില്‍. (2-0). പിന്നീട് 27, 33 മിനിറ്റുകളില്‍ വോള്‍വ്‌സ്ബര്‍ഗിന്റെ ലൂയിസ് ഗുസ്താവോയുടെ ഷോട്ടുകള്‍ റയല്‍ ഗോളി കെയ്‌ലര്‍ നവാസ് രക്ഷപ്പെടുത്തി. ഇതിനിടെ 29-ാം മിനിറ്റില്‍ കരിം ബെന്‍സേമയുടെ ഷോട്ട് വോള്‍വ്‌സ്ബര്‍ഗ് ഗോളി രക്ഷപ്പെടുത്തി. ആദ്യപകുതി പിരിയുമ്പോള്‍ റയല്‍ 2-0ന് മുന്നില്‍.
രണ്ടാം പകുതിയിലും ക്രിസ്റ്റിയാനോയും സംഘവും രചിച്ച തിരക്കഥയ്‌ക്ക് മാറ്റമുണ്ടായില്ല. റൊണാള്‍ഡോ-ബെയ്ല്‍-ബെന്‍സേമ ത്രയം എണ്ണയിട്ട യന്ത്രം കണക്കെ എതിര്‍ബോക്‌സിലേക്ക് ആക്രമണങ്ങള്‍ മെനഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ 77-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ എണ്ണം പറഞ്ഞ ഫ്രീകിക്കിലൂടെ തന്റെ ഹാട്രിക്കും റയലിന്റെ ഗോള്‍ പട്ടികയും പൂര്‍ത്തിയാക്കി. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയുടെ 16-ാം ഗോളാണിത്. ചാമ്പ്യന്‍സ് ലീഗിലെ 36 നോക്കൗട്ട് മത്സരത്തില്‍ നിന്ന് 34 ഗോളുകളും റൊണാള്‍ഡോ നേടി.
ജയത്തോടെ തുടര്‍ച്ചയായ ആറാം തവണയും ചാമ്പ്യന്‍സ് ലീഗ് സെമി പ്രവേശനം എന്ന റെക്കോര്‍ഡും റയലിന് സ്വന്തം. എവേ മത്സരത്തില്‍ പരാജയപ്പെട്ടശേഷം കഴിഞ്ഞ അഞ്ചു പ്രവാശ്യവും റയലിന് സ്വന്തം തട്ടകത്തില്‍ ജയിക്കാനായിരുന്നില്ല. ഈ നാണക്കേടും ടീമിനു മായിച്ചുകളയാനായി.
മാഞ്ചസ്റ്റര്‍ സിറ്റി-പിഎസ്ജി
ലണ്ടന്‍: പിഎസ്ജിക്കെതിരായ രണ്ടാം പാദത്തില്‍ നേടിയ 1-0ന്റെ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി സെമിയിലെത്തി. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലാദ്യമായാണ് സിറ്റി അവസാന നാലില്‍ ഇടംപിടിക്കുന്നത്. സ്വന്തം ഗ്രൗണ്ടായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കെവിന്‍ ഡി ബ്രൂയിനാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 76-ാം മിനിറ്റിലായിരുന്നു ഗോള്‍.
ആദ്യ പാദത്തില്‍ ഇരുടീമും 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ സെമിയില്‍ ഇടംനേടുന്ന പത്താമത്തെ ടീമാണ് സിറ്റി. സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്തു. ഇരുപാദങ്ങളിലുമായി 3-2ന്റെ വിജയമാണ് സിറ്റി കരസ്ഥമാക്കിയത്.
ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ പിഎസ്ജിയുടെ കൈയിലായിരുന്നു പന്ത് ഏറെ സമയമെങ്കിലും ഗോളടിക്കാന്‍ സിറ്റി അനുവദിച്ചില്ല. ജോ ഹാര്‍ട്ടിന്റെ തകര്‍പ്പന്‍ സേവുകളും സിറ്റിയുടെ രക്ഷയ്‌ക്കെത്തി. ഇബ്രാഹിമോവിച്ചിന്റെ രണ്ട് തകര്‍പ്പന്‍ ഫ്രീകിക്കുകളടക്കം നിരവധിതവണയാണ് ജോ ഹാര്‍ട്ട് സിറ്റിയുടെ രക്ഷക്കെത്തിയത്. കളിയുടെ 29-ാം മിനിറ്റിലാണ് അഗ്യൂറോ പെനാല്‍റ്റി പുറത്തേക്കടിച്ച് നഷ്ടപ്പെടുത്തിയത്.
പിഎസ്ജിയുടെ ഗോള്‍മെഷീന്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചും മറ്റൊരു സൂപ്പര്‍ താരം എഡിസണ്‍ കവാനിയും നിറംമങ്ങിയതും അവര്‍ക്ക് തിരിച്ചടിയായി. ആദ്യ പകുതിയില്‍ ഇരുകൂട്ടരും ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍മാത്രം വീണില്ല.
രണ്ടാം പകുതിയില്‍ ഹാര്‍ട്ടിന്റെ സമയോചിത ഇടപെടലുകളാണ് സിറ്റിക്ക് രക്ഷയായത്. ഇരുകൂട്ടരും ആക്രമിച്ചുകളിച്ചതോടെ എപ്പോള്‍ വേണമെങ്കിലും ഗോള്‍ വീഴാമെന്ന അവസ്ഥയായി. ഒടുവില്‍ 76-ാം മിനിറ്റില്‍ മത്സരത്തിലെ ഏക ഗോള്‍ പിറന്നു.
ഫെര്‍ണാണ്ടോ നല്‍കിയ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന കെവിന്‍ ഡി ബ്രൂയിന്‍ പായിച്ച തകപ്പന്‍ വലംകാലന്‍ ഷോട്ട് മുഴുനീളെ പറന്ന ഗോളിയെയും മറികടന്ന് വലയില്‍ കയറി. ഇടയ്‌ക്ക് രണ്ട് തവണ പിഎസ്ജി സിറ്റി വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി. അവസാന മിനിറ്റുകളില്‍ സമനിലക്കായി പിഎസ്ജി പൊരുതിയെങ്കിലും സിറ്റി പ്രതിരോധവും ഗോളി ജോ ഹാര്‍ട്ടും ഉറച്ചുനിന്നതോടെ അവരുടെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു.
















