ജീവിതത്തിലെ ഏറ്റവും വലിയ കര്‍ത്തവ്യം പൂര്‍ത്തിയാക്കിയശേഷം ആത്മനിര്‍വൃതിയോടെയായിരിക്കും പലരും പടിയിറങ്ങുക. എന്നാല്‍ സ്വന്തം കുഴിമാടം അതും തന്റെ ശിഷ്യന്മാര് നിര്‍മ്മിച്ചതു കണ്ടപ്പോള്‍ ചങ്കുപൊട്ടിയാണ് ഒരു അധ്യാപിക പടിയിറങ്ങിയത്. ഒപ്പം ആര്‍ക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടാകരുതെന്ന പ്രാര്‍ത്ഥനയും.
അധ്യാപനം എന്ന മഹത്തരമായ ജോലി നിറവേറ്റി പടിയിറങ്ങുമ്പോള്‍ ഏതൊരാളും ആഗ്രഹിക്കുക തന്റെ മക്കള്‍ നല്ലനിലയില്‍ എത്തണം എന്നായിരിക്കും. അതുമാത്രമാണ് ഡോ.ടി.എന്‍.സരസുവും ആഗ്രഹിച്ചത്. എന്നാല്‍ അതിന് വിലങ്ങു തടിയായത് ഒരു അധ്യാപകസംഘടനയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവരെയോര്‍ത്ത് പുച്ഛമാണ് ടീച്ചര്‍ക്ക് തോന്നിയത്. കുട്ടികളെ നേര്‍വഴിക്ക് നയിക്കേണ്ട അധ്യാപകര്‍ കുട്ടികളെ ഗുണ്ടകളാക്കുന്ന കാഴ്ച്ചയാണ് പാലക്കാട് ഗവ.വിക്ടോറിയ കോളേജില്‍ നടക്കുന്നത്.
127 വര്‍ഷത്തെ മഹത്തായ പാരമ്പര്യമുള്ള നിരവധി മഹത് വ്യക്തികളെ വാര്‍ത്തെടുത്ത കോളേജാണ് പാലക്കാട് ഗവ.വിക്ടോറിയ കോളേജ്. എന്നാല്‍ ഇന്ന് 127 വര്‍ഷത്തെ പാരമ്പര്യം ഒറ്റയടിക്ക് തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. അതിനു കാരണം വികസനമുടക്കികളായ ഇടതുപക്ഷം തന്നെയാണ്. മഹദ് വ്യക്തികളെ വാര്‍ത്തെടുത്ത വിക്ടോറിയ കോളേജിന്ന് ഒരു കൂട്ടം ഗുണ്ടകളെ വാര്‍ത്തെടുത്തിരിക്കുകയാണ് ഇടതുപക്ഷ അധ്യാപക സംഘടനയായ എകെജിഎസ്ടി.
അധ്യാപനം ജീവിതവും ജീവനുമാക്കുന്നതിന് മുമ്പ് ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ അറിഞ്ഞുതന്നെയാണ് വളര്‍ന്നത്. ആത്മവിശ്വാസവും കഠിനദ്ധ്വാനവുമാണ് ഈ നിലയിലെത്തിച്ചത്. തിരുവല്ല വെണ്ണിക്കുളം നാരായണന്റെയും കുട്ടിയുടെയും ആറുപെണ്മക്കളില് പഠിക്കുവാന്‍ മിടുക്കിയായിരുന്നു സരസു. കോഴഞ്ചേരി സെന്റ്.തോമസ് കോളേജില്‍ നിന്ന് പിജിയും കൊച്ചി കുസാറ്റില്‍ നിന്ന് പിഎച്ച്ഡിയും നേടിയ സരസുവിന്റെ സ്വപ്നം അധ്യാപികയാവുക എന്നതായിരുന്നു. ആ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടു. 1987ല്‍ പാലക്കാട് വിക്ടോറിയ കോളേജില്‍ സുവോളജി അധ്യാപികയായി നിയമനം ലഭിച്ചു. സരസുവിന്റെ അധ്യാപന ജീവിതം ആരംഭിച്ചത് വിക്ടോറിയയില്‍ നിന്നായിരുന്നു.
”എന്റെ ജീവിതവും ജീവനും ഈ കോളേജിന് വേണ്ടിയായിരുന്നു”, ഈ വാക്കില്‍ തന്നെയുണ്ട് കോളേജിനോടുള്ള ടീച്ചറുടെ ആത്മാര്‍ത്ഥത. അവസാനം അവര്‍ക്ക് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ ശവക്കല്ലറയും പണിതുകൊടുത്തു. എന്‍സിസി ഓഫീസറായിരുന്ന ടീച്ചര്‍ അല്പം സ്ട്രിക്ട് ആയിരുന്നെങ്കിലും കുട്ടികള്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു. ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായിരിക്കണം അതിന് യാതൊരുവിധ വിട്ടുവീഴ്ച്ചയുമില്ലായിരുന്നു. നല്ലൊരു സുഹൃത്തും, അധ്യാപികയും എന്നതിനപ്പുറവും മാതൃവാത്സല്യവും അവര്‍ കുട്ടികള്‍ക്ക് നല്കി. അതുകൊണ്ടുതന്നെ വിദേശത്തു നിന്നുപോലും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ വിളിക്കാറുണ്ടെന്ന് പറയുമ്പോള്‍ ടീച്ചറും കുട്ടികളും തമ്മിലുള്ള ആത്മബന്ധം മനസ്സിലാക്കാം.
ഇതിനിടക്ക് എപ്പോഴോ ടീച്ചര്‍ ഇടതുപക്ഷ അധ്യാപകസംഘടനായ എകെജിഎസ്ടിയില് അംഗമായി. എന്നാല്‍ അവരുടെ ആശയങ്ങളും പ്രവര്‍ത്തികളുമായി ഒത്തുപോകാന്‍ കഴിയില്ലെന്നു മനസ്സിലായ ടീച്ചര്‍ അതില്‍ നിന്നും രാജിവച്ചു. അന്നു തുടങ്ങിയ വൈരാഗ്യമാണ് വിരമിച്ചപ്പോള്‍ ശവക്കല്ലറയുണ്ടാക്കിയതില് കലാശിച്ചത്.
2013ല്‍ ട്രാന്‍സ്ഫര്‍ ലഭിച്ച് കൊടുങ്ങല്ലൂര്‍ കെകെടിഎം കോളേജിലേക്ക് പോയി. അവിടെനിന്ന് പ്രിന്‍സിപ്പലായി പ്രമോഷന് ലഭിച്ച് തൃത്താല കോളേജിലേക്ക്. എന്നാല്‍ അധ്യാപനം തുടങ്ങിയ കോളേജില്‍ തന്നെയായിരിക്കണം വിരമിക്കലും എന്ന അതിയായ മോഹത്തോടെയായിരുന്നു വിക്ടോറിയയിലേക്കുള്ള ടീച്ചറുടെ അടുത്ത വരവ്. എന്നാല്‍ പോകുമ്പോള്‍ ലഭിച്ച ബഹുമാനവും സ്നേഹവുമായിരുന്നില്ല തിരിച്ചുവന്നപ്പോള്‍ ലഭിച്ചത്. 2015 ജൂലൈ 30ന് വിക്ടോറിയ കോളേജ് പ്രിന്‍സിപ്പലായി ചാര്‍ജ്ജ് എടുത്തദിവസം തന്നെ എസ്എഫ്ഐയിലെ ചിലവിദ്യാര്‍ത്ഥികള്‍ അപമര്യാദയായി പെരുമാറി. ഇവിടെ നിന്നു തുടങ്ങിയ പ്രശ്നങ്ങളാണ് ഇന്നും ടീച്ചറെ വേട്ടയാടുന്നത്.
സംഘടനാപ്രവര്‍ത്തനത്തിന് പ്രധാന്യം നല്കി കുട്ടികളെ ഗുണ്ടകളാക്കുകയാണ് എകെജിഎസ്ടി ചെയ്യുന്നത്. ഈ സംഘടനയില്‍പ്പെട്ട അധ്യാപകര്‍ സംഘടനക്ക് പ്രാധാന്യം നല്കി, പഠിപ്പിക്കല്‍ കുറവായിരുന്നു. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്നവര്‍ അവരുടെ ശത്രുക്കളായി. സംഘടന ചുമതലയുള്ള ഒരു അധ്യാപകനായിരുന്നു പഞ്ചിംഗ് നോഡല്‍ ഓഫീസര്‍. എന്നാല്‍ അത് കൃത്യമായി ചെയ്യാതിരുന്നതിന്റെ പേരില്‍ പല പ്രശ്നങ്ങളും ഉണ്ടായി. തുടര്‍ന്ന് മറ്റ് അധ്യാപകരുടെ പരാതിയിന്മേല് കൗണ്‍സില്‍യോഗത്തില്‍ കാരണം ചോദിച്ചപ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് കത്തു നല്‍കുകയും ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തു. ഇത് കൂടുതല്‍ ശത്രുതയിലേക്ക് നയിച്ചു. ഇതു സംബന്ധിച്ച് തിരുവനന്തപുരത്തെ ഡയറക്ടര്‍ ഓഫ് കോളേജിയേറ്റ് എഡ്യുക്കേഷന്‍ ടീച്ചര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
താന്‍ വരുന്നതിനു മുമ്പുതന്നെ എസ്എഫ്ഐയുടെ ഗുണ്ടായിസമായിരുന്നു കോളേജില്‍. കോളേജ് യൂണിയന് ഉദ്ഘാടന ദിവസം അടിയുണ്ടാവുകയും അധ്യാപകരായ സ്റ്റാഫ് അഡൈ്വസര്‍, രണ്ട് ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറിമാര്‍, മാഗസീന് സ്റ്റാഫ് എഡിറ്റര്‍ എന്നിവരോട് വിശദീകരണം ആവശ്യപ്പെടുകയുണ്ടായി. എകെജിഎസ്ടിയുടെ മെമ്പര്‍മാരായ ഇവര്‍ കളിയാക്കുന്ന തരത്തിലായിരുന്നു വിശദീകരണം നല്‍കിയത്.
താന്‍ വിക്ടോറിയ കോളേജ് പ്രിന്‍സിപ്പലായി വരാതിരിക്കാന്‍ എകെജിഎസ്ടി ശ്രമിച്ചിരുന്നതായി ഡോ. ടി. എന്‍. സരസു പറയുന്നു. എന്നാല്‍ ടീച്ചറുടെ മികവ് മനസ്സിലാക്കിയ അധികൃതര്‍ സംഘടനയുടെ ആവശ്യം തള്ളി. ഇതിനായി വലതുപക്ഷത്തെയും ഇവര്‍ കണ്ടിരുന്നു. ടീച്ചറെക്കുറിച്ച് കോളേജില്‍ അപവാദം പറഞ്ഞുപരത്തുകയും വിക്ടോറിയയെ ഓട്ടോണമസ് ആക്കുവാന് സര്‍ക്കാര്‍ നിയോഗിച്ച ആളാണെന്നു പറഞ്ഞുണ്ടാക്കി, ഇതിനെതിരെ പ്രവര്‍ത്തിക്കുവാന്‍ എസ്എഫ്ഐക്കാരെ സംഘടന നിയോഗിച്ചു. കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നു കോളേജ്. എസ്എഫ്ഐയുടെ ചൊല്‍പ്പടിക്ക് വഴങ്ങിയായിരുന്നു ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍. ഇത് നിര്‍ത്തലാക്കിയതോടെ പിന്നീട് ടീച്ചറിനെതിരെ ഗുണ്ടായിസം തുടങ്ങി. ഇതിന് വളംവച്ചുകൊടുത്തത് എകെജിഎസ്ടിയാണ്.
അധ്യാപകര്‍ പുസ്തകത്തില്‍ അറ്റന്റന്‍സ് ഒപ്പിടുന്നത് നിര്‍ത്തലാക്കി പഞ്ചിങ് സംവിധാനമാക്കി. ഇത് സംഘടന അംഗീകരിച്ചിരുന്നില്ല. കാരണം എറണാകുളത്തെ കോളേജില്‍ നിന്നും പണിഷ്മെന്റ് ട്രാന്‍സ്ഫറായി വന്ന സംഘടന ചുമതലയുള്ള ഒരു അധ്യാപകന് ഒപ്പിട്ടു പോവുകപതിവായിരുന്നു. ഇതിന്മേല് ലഭിച്ച പരാതി പരിശോധിച്ചാണ് പഞ്ചിങ് സംവിധാനം നടപ്പാക്കിയതെന്നും ടീച്ചര്‍പറയുന്നു.
എ സോണ്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ പരിശീലനം ആരംഭിച്ചിരുന്നു. ക്ലാസ് മുടിക്കിയായിരുന്നു എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പരിശീലനം. രാത്രി ഒമ്പത് മണിക്കു ശേഷം പരിശീലനം പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിരിക്കെ അത് ലംഘിക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചു. പാലക്കാട്ടെ വിവിധ കോളേജുകള്‍ എ സോണ്‍ നടത്തുവാന്‍ താല്പര്യമില്ലെന്ന് അറിയിച്ചപ്പോള്‍, സരസുടീച്ചര്‍ താല്പര്യം അറിയിച്ച് കത്തയച്ചതു മൂലമാണ് എ സോണ്‍ വിക്ടോറിയയില്‍ നടത്തിയത്. കോളേജിന്റെ വികസനത്തിനും നന്മക്കുംവേണ്ടി ടീച്ചര്‍ അഹോരാത്രം പ്രയത്നിച്ചിട്ടുണ്ട്.
അടുത്തിടെ കൗണ്‍സിലിന്റെ തീരുമാനപ്രകാരം പരീക്ഷ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓഫീസ് അടച്ചിടുകയും പരീക്ഷ നടത്തുവാന്‍ അനുവദിക്കില്ലെന്നും അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ചോദ്യപേപ്പര്‍ വലിച്ചുകീറുകയും പരീക്ഷ തടസ്സപ്പെടുത്തുകയും അധ്യാപകരെ തെറി വിളിക്കുകയും ചെയ്തു. മറ്റുകുട്ടികളുടെ അവകാശമാണ് എസ്എഫ്ഐ തകര്‍ത്തത്.
അധ്യാപികയുടെ കാലുവെട്ടുമെന്നും, തെറിവിളിക്കുകയും ചെയ്യുന്ന എസ്എഫ്ഐയുടെ നേതാക്കന്മാര്ക്കെതിരെ അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചിരുന്നു. എന്നാല്‍ കമ്മീഷനു വച്ച അധ്യാപകനെ ഭീഷണിപ്പെടുത്തി റിപ്പോര്‍ട്ട് മാറ്റി എഴുതിക്കുകയായിരുന്നു എകെജിഎസ്ടിക്കാര്. മാത്രവുമല്ല കൗണ്‍സില്‍ യോഗത്തില്‍ നടക്കുന്ന കാര്യങ്ങളെല്ലാം എസഎഫ്ഐക്കാര്ക്ക് ചോര്‍ത്തികൊടുക്കുകയും പതിവാണ്.
പാര്‍ട്ടി വളര്‍ത്തുന്ന ഗുണ്ടകളാണ് എസ്എഫ്ഐക്കാര്‍. പഠിക്കുവാന്‍ മിടുക്കനായ മകനെ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഒരു എസ്എഫ്ഐ പ്രവര്‍ത്തകന്റെ മാതാപിതാക്കള്‍ പാര്‍ട്ടി ഓഫീസ് കയറിയിറങ്ങിയത് അടുത്തിടെയാണ്. എന്നാല്‍ മകനെ പാര്ട്ടിവളര്ത്തിക്കോളും എന്നായിരുന്നു നേതാക്കന്മാരുടെ മറുപടി. മാസങ്ങള്‍ക്ക് മുമ്പ് പിഎംജി സ്കൂളിലെ പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ച കേസിലെ പ്രതികളാണ് ഇവരില്‍ പലരും.
തന്നോട് 26 വര്‍ഷത്തെ പഴംപുരാണം നിര്‍ത്താന്‍ ആദ്യംപറഞ്ഞത് എകെജിഎസ്ടിയാണ്. അടുത്തിടെ ശമ്പളത്തിനായി അധ്യാപകരുടെ സാലറി ബില്‍ ട്രഷറിയില്‍ നല്കിയപ്പോള് തിരിച്ചയച്ചു. പഞ്ചിങ് ഓഫീസറായിരുന്ന അധ്യാപകന് മനപൂര്‍വ്വം റിപ്പോര്‍ട്ടില്‍ തെറ്റുവരുത്തിയതായിരുന്നു കാരണം. ഇതുമൂലം 70 അധ്യാപകരുടെ ശമ്പളം വൈകി. തുടര്‍ന്ന് തനിക്കെതിരെ എകെജിഎസ്ടി സമരംചെയ്തു. എന്നാല്‍ ഇതുസംബന്ധിച്ച് ഡിസിക്ക് തെളിവു സഹിതം പരാതി നല്‍കിയിട്ടുണ്ടെന്ന് ടീച്ചര്പറഞ്ഞു. എകെജിഎസ്ടിയിലെ മൂന്നോ നാലോ അധ്യാപകരാണ് കോളേജിലെ പ്രശ്നങ്ങള്‍ക്ക് കാരണം. ഇവരുടെ വാക്കുകേട്ടാണ് എസ്എഫ്ഐക്കാര്‍ കോളേജില്‍ അഴിഞ്ഞാടുന്നത്. താന്‍ വന്നപ്പോള്‍ അത് നടക്കില്ല എന്നത് അവരെ കൂടുതല്‍ ചൊടിപ്പിച്ചു. തനിക്കെതിരെ ഫെയ്സ്ബുക്കില്‍ അപവാദം എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് എസ്എഫ്ഐ നേതാക്കന്മാര്ക്കെതിരെ സൈബര്‍ സെല്ലില്‍ സരസു ടീച്ചര്‍ പരാതി നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് 31, സ്വന്തം കുഴിമാടം കണ്ട ദിവസം…
വിരമിക്കല്‍ ദിവസമായ മാര്‍ച്ച് 31ന് ഭര്‍ത്താവുമൊത്ത് കാറില്‍ രാവിലെ കോളേജില്‍ എത്തിയതായിരുന്നു. ഗെയ്റ്റിനടുത്ത് ഒരു കുഴിമാടവും റീത്തും പ്ലക്കാര്‍ഡില്‍ 26 വര്‍ഷത്തെ പഴമ്പുരാണം അവസാനിപ്പിക്കുക എന്ന് എഴുതിവച്ചിരിക്കുന്നതും കണ്ടു. ഒരു വിദ്യാര്‍ത്ഥിയോട് ചോദിച്ചപ്പോള്‍ അത് ടീച്ചറുടെ കുഴിമാടമാണെന്നാണ് പറഞ്ഞത്. അതുകേട്ടതും വല്ലാത്തൊരു മാനസികാവസ്ഥയായി. ഓഫീസിലെത്തി പോലീസിനെ വിളിച്ചു. പോലീസെത്തുമ്പോഴേക്കും പ്രിയടീച്ചറുടെ ശവകല്ലറ കണ്ടു നില്ക്കുവാന് കഴിയാതിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ അത് തകര്‍ത്ത് കളയുകയായിരുന്നു. ജീവിതത്തില്‍ ആദ്യമായി തകര്‍ന്നുപോയ നിമിഷം.
ഇത് ഇടതുപക്ഷ അധ്യാപകസംഘടനയുടെയും വിദ്യാര്‍ത്ഥികളുടെയും ഗുണ്ടായിസവും ആഭാസവുമാണ്. കുഴിമാടം നിര്‍മ്മിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ അന്നു തന്നെ എസ്പിക്ക് പരാതി നല്‍കിയിരുന്നു. പരാതിയിന്മേല് 15 എസ്എഫ്ഐക്കാര്‍ക്കെതിരെ കേസെടുക്കുകയും നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ”എന്റെ ജീവിതവും ജീവനും ഈ കോളേജിന് വേണ്ടിയാണ് ചെലവഴിച്ചത്. അവസാനം എനിക്ക് അവര്‍ ശവക്കല്ലറയും പണിതു തന്നു. എന്നിലെ അധ്യാപികയ്ക്ക് ജന്മം നല്‍കിയത് ഇവിടെയാണ്. ഇവിടെ തന്നെ ശവസംസ്കാരവും അവര്‍ നടത്തി. ഇത്രയും നല്ലൊരു യാത്രയയപ്പ് ആര്‍ക്കും കിട്ടിക്കാണില്ല” ഡോ. സരസു പറയുന്നു. സെന്റോഫിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നതായും ആയതിനാല്‍ അതു വേണ്ടെന്നു വയ്ക്കുകയും ചെയ്തെന്നു ടീച്ചര്‍ പറഞ്ഞു.
വിക്ടോറിയക്കു വേണ്ടി ചെയ്തത്…
ഫയലുകള്‍ മാത്രം ഒപ്പിട്ടു പോകുന്ന പ്രിന്‍സിപ്പല്‍ ആയിരുന്നില്ല ഡോ. ടി.എന്‍. സരസു. ജോലി ചെയ്താല്‍ ഭക്ഷണം കഴിക്കുകയെന്നതാണ് പോളിസി. കേരള സര്‍വ്വീസ് റൂള്‍ അനുസരിച്ചുള്ള അച്ചടക്കം കോളേജില്‍ നടക്കുന്നുണ്ടോ എന്നു കൂടി ശ്രദ്ധിച്ചിരുന്നു. ഇത് എകെജിഎസ്ടിയിലെ അംഗങ്ങളെ ചൊടിപ്പിച്ചു. കോളേജിന്റെ വികസനവും കുട്ടികള്‍ക്ക് മികച്ച രീതിയിലുള്ള വിദ്യാഭ്യാസവും നല്‍കുക എന്നതായിരുന്നു ലക്ഷ്യം. സര്‍ക്കാര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയുണ്ടെന്നും ടീച്ചര്‍ വിശ്വസിക്കുന്നു. അതുമാത്രമാണ് ചെയ്തത്. ഇവര്‍ക്കെതിരെ ഇടതുപക്ഷ അധ്യാപക സംഘടന പരാതി നല്‍കിയിരുന്നു. പരാതി തെറ്റാണെന്ന് ഡിസി തെളിയിച്ചു. തുടര്‍ന്ന് ഏറ്റവും നല്ല പ്രിന്‍സിപ്പലെന്ന് ഡിസി ഡയറക്ടര്‍ കോളേജിലെ വിസിറ്റേഴ്സ് ബുക്കിലെഴുതിയതും ടീച്ചര്‍ ഓര്‍ക്കുന്നു.
കോളേജിന് രണ്ടര കോടിരൂപയുടെ പ്ലാന്‍ ഫണ്ട് ലഭിച്ചിരുന്നു. അത് പൂര്‍ണ്ണമായും കോളേജിന്റെ വികസനത്തിന് വിനിയോഗിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് ബ്ലോക്ക് നിര്‍മ്മിക്കുവാന്‍ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ സ്ഥലം നോക്കാന്‍ ബന്ധപ്പെട്ടവര്‍ പലവട്ടം വന്നിട്ടും ഈ സംഘടന അനുയോജ്യമായ സ്ഥലം കാണിച്ചിരുന്നില്ല. സരസു ടീച്ചര്‍ വന്നതിനു ശേഷം സ്ഥലം കാണിക്കുകയും ഇപ്പോള്‍ കെട്ടിടത്തിന്റെ തറക്കലിടല്‍ നടന്നിരിക്കുകയാണ്. ആവശ്യത്തിനും അനാവശ്യത്തിനും സമരം നടത്തുന്ന സംഘടനകളാണ് ഇടതുപക്ഷ സംഘടനകള്‍. കോളേജില്‍ മുടങ്ങിക്കിടക്കുന്ന ഒട്ടേറെ വികസന പദ്ധതികളുണ്ട്.
ഇവ നേടിയെടുക്കുന്നതിലൊന്നും അവര്‍ക്ക് താത്പര്യമില്ല. കോളേജിന്റെ വികസനത്തിന് വേണ്ടി സര്‍ക്കാര്‍ അനുവദിച്ച കോടിക്കണക്കിന് രൂപ പി.ഡബ്ലിയു.ഡിയില്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുകയാണ്. അതിനു വേണ്ടി ശബ്ദമുയര്‍ത്താന്‍ പോലും വികസനവിരോധികളായ ഇടതുപക്ഷ സംഘടനകള്‍ തയ്യാറിയില്ല.
എട്ടുമാസം കൊണ്ട് ചെയ്യാന്പറ്റിയ എല്ലാകാര്യങ്ങളും കോളേജിനുവേണ്ടി ചെയ്തിട്ടുണ്ട്. കോളേജിനു മുന്‍വശത്തുള്ള പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു, ഗാന്ധിജിയുടെ ഫോട്ടോയില്ലാത്ത ഏക സര്‍ക്കാര്‍ സ്ഥാപനമായിരുന്നു ഇത്. ചുമതലയേറ്റതും ഗാന്ധിജിയുടെ ഫോട്ടോ വാങ്ങി. കോളേജിന്റെ പേര് കാണുന്ന വിധം ബോര്‍ഡ് വച്ചു. ലക്ഷകണക്കിന് രൂപയുടെ വാട്ടര്‍ ബില്‍ അടക്കാത്തതുമൂലം ഗേള്‍സ് ഹോസ്റ്റലിലെ കണക്ഷന് കട്ട് ചെയ്യുമെന്ന അവസ്ഥയായപ്പോള്‍ മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട മന്ത്രിമാരെയും കണ്ട് അത് റദ്ദ് ചെയ്യിക്കുവാനുള്ള നടപടിയായി. അധ്യാപികയായിരിക്കുമ്പോള്‍ വച്ച പൂവാക മരങ്ങളും, നെല്ലി, തേക്ക് തുടങ്ങി വിവിധ മരങ്ങളും ഇന്ന് വിക്ടോറിയയിലുണ്ട്…
പറയാനുള്ളത്…..
എസ്എഫ്ഐയുടെ ഗുണ്ടായിസമാണ് കോളേജില്‍ നടക്കുന്നത്. ഇങ്ങിനെ പോയാല്‍ ഭാവിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂട്ടി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്കുനല്കേണ്ടി വരും. കോളേജുകളില്‍ സംഘടനകള്‍ക്ക് നിയമപരമായി നിയന്ത്രണം ഏര്‍പ്പെടുത്തണം. അധ്യാപക രാഷ്ട്രീയം അവസാനിപ്പിക്കണം. വന്ദേമാതരവും ദേശീയഗാനവും ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്ക്കാതെയും മറ്റു പ്രവര്‍ത്തികളിലും ഏര്‍പ്പെടുന്നവരാണ് കോളേജിലെ എകെജിഎസ്ടി, എസ്എഫ്ഐ പ്രവര്‍ത്തകര്‍. എന്തുചെയ്യണമെന്നുള്ളത് തങ്ങളുടെ ഫ്രീഡം എന്നാണ് ഇവരുടെ വാദം. രാഷ്ട്രീയമോ, ജാതിയോ, സ്ത്രീ എന്നോ നോക്കാതെ തന്റെ കല്ലറകെട്ടി അപമാനിച്ചവര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം എന്ന നിലയ്ക്ക് കേസെടുക്കണമെന്നാണ് ടീച്ചറുടെ ആവശ്യം.
പാലക്കാട് എന്‍ഡിഎ ജില്ലാ കണ്‍വെന്‍ഷനെത്തിയ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ബിജെപിയുടെ എല്ലാവിധ പിന്തുണയും ഐക്യദാര്‍ഢ്യവും സരസുടീച്ചര്ക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ പാലക്കാടു നിന്നുള്ള ഇടതുപക്ഷ എംപിമാരായ എം.ബി. രാജേഷും, പി.കെ.ബിജുവും ഒരക്ഷരം ഉരിയാടിയിട്ടില്ല. രോഹിത് വെമുലക്കുവേണ്ടിയും മറ്റും ജെഎന്‍യുവില്‍ പോയി ഘോരഘോരം പ്രസംഗിച്ച ഇവര്‍ സ്വന്തം നാട്ടില്‍ ഒരു അധ്യാപിക നേരിട്ട അപമാനം കണ്ടില്ലെന്നു നടിക്കുകയാണ്. വ്യാജദളിത് സ്നേഹം കാട്ടുന്ന ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: