മൊഹാലി: ബൗളിങില്‍ ഡ്വെയ്ന്‍ ബ്രാവോയും ബാറ്റിങില്‍ ഓസീസ് താരം ആരോണ്‍ ഫിഞ്ചും ദിനേശ് കാര്‍ത്തികും മിന്നിത്തിളങ്ങിയതോടെ പൂനെ സൂപ്പര്‍ ജയന്റ്‌സിന് പിന്നാലെ ഗുജറാത്ത് ലയണ്‍സും ആദ്യമത്സരം ആഘോഷിച്ചു. അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഗുജറാത്ത് ലയണ്‍സ് നേടിയത്. കിങ്‌സ് ഇലവന്‍ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം 14 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ഗുജറാത്ത് സിംഹങ്ങള്‍ മറികടന്നത്. ട്വന്റി 20യുടെ ചരിത്രത്തിലാദ്യമായി 300 വിക്കറ്റുകള്‍ വീഴ്‌ത്തുന്ന ആദ്യ ബൗളറെന്ന ബഹുമതി ഗുജറാത്ത് ലയണ്‍സിന്റെ വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ സ്വന്തമാക്കി.
47 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളുടെ അകമ്പടിയോടെ 74 റണ്‍സെടുത്ത ഫിഞ്ചാണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്. മാന്‍ ഓഫ് ദി മാച്ചും ഫിഞ്ച് തന്നെ. 26 പന്തുകളില്‍ നിന്ന് 7 ബൗണ്ടറികളോടെ പുറത്താകാതെ 41 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികും മികച്ച ബാറ്റിങാണ് നടത്തിയത്. അക്കൗണ്ട് തുറക്കും മുന്‍പ് ബ്രണ്ടന്‍ മക്കല്ലത്തിനെ നഷ്ടമായെങ്കിലും ഫിഞ്ച് ഒറ്റക്ക് പടനയിക്കുകയായിരുന്നു. റെയ്‌ന 20 റണ്‍സെടുത്ത് മടങ്ങി.
തുടര്‍ന്ന് ക്രീസിലെത്തിയ കാര്‍ത്തികുമൊന്നിച്ച് ഫിഞ്ച് സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തി. സ്‌കോര്‍ 117 ല്‍ വച്ച് ഫിഞ്ച് പുറത്തായെങ്കിലും കാര്‍ത്തിക് ലയണ്‍സിനെ വിജയത്തിലെത്തിച്ചു. പഞ്ചാബിനു വേണ്ടി സന്ദീപ് ശര്‍മ മൂന്ന് ഓവറില്‍ 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ ടോസ് നേടിയ ഗുജറാത്ത് ലയണ്‍സ് പഞ്ചാബിനെ ബാറ്റിംഗിന് അയച്ചു.
പഓപ്പണര്‍മാരായ മുരളി വിജയ് (34 പന്തില്‍ 42), മനന്‍ വോറ (23 പന്തില്‍ 38) എന്നിവര്‍ ഒന്നാം വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും പുറത്തായശേഷം പിന്നീടെത്തിയ മില്ലര്‍ക്കും മാക്‌സ്‌വെല്ലിനും കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. മില്ലര്‍ 15 റണ്‍സിനും മാക്‌സ്‌വെല്‍ 2 റണ്‍സുമെടുത്ത് വിക്കറ്റ് നല്‍കി മടങ്ങി. പിന്നീട് സ്‌റ്റോയിന്‍സം (33) വൃദ്ധിമാന്‍ സാഹയും (20) ചേര്‍ന്നാണ് സ്‌കോര്‍ 161-ല്‍ എത്തിച്ചത്. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടു നല്‍കി ബ്രാവോ നാല് വിക്കറ്റ് വീഴ്‌ത്തി. ജഡേജ രണ്ട് വിക്കറ്റും വീഴ്‌ത്തി.
















