മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സക്കും കരുത്തരായ ബയേണ്‍ മ്യൂണിക്കിനും കനത്ത വെല്ലുവിളി. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ ബാഴ്‌സയും ബയേണും നേരിയ വിജയം നേടിയിരുന്നു. ബാഴ്‌സലോണ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റികോ മാഡ്രിഡിനെയും ബയേണ്‍ മ്യുണിക്ക് 1-0ന് ബെനഫിക്കയെയും പരാജയപ്പെടുത്തിയിരുന്നു. ബാഴ്‌സക്കും ബയേണിനും സമനില നേടിയാല്‍ സെമിയിലെത്താം. എന്നാല്‍ അത്‌ലറ്റികോ മാഡ്രിഡിനും ബയേണ്‍ മ്യൂണിക്കിനും വിജയം അനിവാര്യം.
ഇന്ന് അത്‌ലറ്റികോയുടെ തട്ടകത്തിലാണ് ബാഴ്‌സ കളിക്കാനിറങ്ങുന്നത്. ആദ്യപാദത്തില്‍ സുവാരസിന്റെ ഇരട്ടഗോളാണ് ബാഴ്‌സക്ക് വിജയം നേടിക്കൊടുത്തത്. മെസ്സി ഗോള്‍ കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്നതാണ് കറ്റാലന്‍ പടയെ വിഷമത്തിലാക്കുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ മെസ്സി ബാഴ്‌സക്കായി ഗോള്‍ നേടിയിട്ടില്ല. അഞ്ച് വര്‍ഷത്തിനുശേഷമാണ് മെസ്സിക്ക് ഇതുപോലൊരു സ്ഥിതി വന്നുചേര്‍ന്നിട്ടുള്ളത്. ഇതോടെ സുവാരസിനും നെയ്‌മര്‍ക്കും ജോലി കൂടുകയാണ്.
മാത്രമല്ല സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായി രണ്ട് പരാജയം ഏറ്റുവാങ്ങിയശേഷമാണ് ബാഴ്‌സലോണ ഇന്ന് എവേ മത്സരത്തിനിറങ്ങുന്നത്. അത്‌ലറ്റികോയുടെ സ്‌റ്റേഡിയത്തില്‍ ചെന്ന് അവരെ പരാജയപ്പെടുത്തുക എന്നത് ബാഴ്‌സക്ക് കനത്ത വെല്ലുവിളിയാണ്. ഒരു എവേ ഗോളിന്റെ ആനുകൂല്യമുള്ളതിനാല്‍ ഇന്നത്തെ പോരാട്ടത്തില്‍ 1-0ന് ജയിച്ചാല്‍ മതി അത്‌ലറ്റികോയ്‌ക്ക് സെമിയിലെത്താന്‍. ആദ്യപാദത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ഫെര്‍ണാണ്ടോ ടോറസിന്റെ ഇന്ന് സേവനം ഇന്ന് അത്‌ലറ്റികോക്ക് ലഭിക്കില്ല. അന്റോണിയോ ഗ്രിസ്മാന്‍, കോകെ എന്നിവരിലാണ് കോച്ച് ഡീഗോ സിമയോണിയുടെ പ്രതീക്ഷകള്‍ മുഴവന്‍.
മറ്റൊരു മത്സരത്തില്‍ ഒരു ഗോളിന്റെ മുന്‍തൂക്കവുമായാണ് ബയേണ്‍ മ്യൂണിക്ക് പോര്‍ച്ചുഗല്‍ ക്ലബ് ബെനഫിക്കക്കെതിരെ കളത്തിലിറങ്ങുന്നത്. ഗമ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന ആദ്യപാദത്തില്‍ അര്‍ട്ടൂറോ വിദാല്‍ നേടിയ ഏക ഗോളാണ് മ്യൂണിക്കിന് വിജയം സമ്മാനിച്ചത്. എന്നാല്‍ സ്വന്തം തട്ടകത്തില്‍ ബെനഫിക്ക ഏറെ കരുത്തരാണ്. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടത്തിനായിരിക്കും ഇന്ന് സാക്ഷ്യം വഹിക്കുക. പോര്‍ച്ചുഗീസ് പ്രീമിയര്‍ ലീഗില്‍ ബെനഫിക്കയും ജര്‍മ്മന്‍ ബുന്ദസ് ലീഗില്‍ ബയേണ്‍ മ്യൂണിക്കും കിരീടം ലക്ഷ്യമാക്കി കുതിക്കുകയാണ്.
















