മുംബൈ: ഐപിഎല്‍ ഒമ്പതാം എഡിഷന്റെ ഉദ്ഘാടന മത്സരത്തില്‍ നവാഗതരായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന് വിജയിക്കാന്‍ 122 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്തു. മുന്‍നിര ബാറ്റ്‌സ്മാന്മാരെല്ലാം രണ്ടക്കം കടക്കാതെ പുറത്തായ മത്സരത്തില്‍ ടോപ് സ്‌കോററായത് ഹര്‍ഭജന്‍ സിങ്. 30 പന്തില്‍ നിന്ന് 7 ഫോറും ഒരു സിക്‌സറുമടക്കം 45 റണ്‍സെടുത്ത ഹര്‍ഭജന്‍ പുറത്താകാതെ നിന്നു. അമ്പാട്ടി റായിഡു (22), വിനയ്‌കുമാര്‍ (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്മാന്മാര്‍.
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടിയാണ് തുടക്കത്തിലേ നേരിട്ടത്. ഇഷാന്ത് ശര്‍മ്മയുടെയും മിച്ചല്‍ മാര്‍ഷിന്റെയും വേഗതയേറിയ പന്തുകള്‍ക്ക് മുന്നില്‍ വിറച്ച മുംബൈക്ക് രണ്ടാം ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടമായി. 7 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ഇഷാന്ത് ശര്‍മ്മ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ലെന്‍ഡല്‍ സിമണ്‍സും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സായപ്പോള്‍ ഈ കൂട്ടുകെട്ടും പിരിഞ്ഞു.
എട്ട് റണ്‍സെടുത്ത സിമണ്‍സിനെ ഇഷാന്ത് ശര്‍മ്മ ബൗള്‍ഡാക്കി. തുടര്‍ന്നായിരുന്നു മിച്ചല്‍ മാര്‍ഷിന്റെ ഊഴം. തന്റെ ആദ്യ ഓവറില്‍ രണ്ട് വിക്കറ്റുകളാണ് മിച്ചല്‍ മാര്‍ഷ് പിഴുതത്. 9 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയെ ധോണി കയ്യിലൊതുക്കിയപ്പോള്‍ റണ്ണൊന്നുമെടുക്കാതിരുന്ന ജോസ് ബട്ട്‌ലറെ അശ്വിന്‍ പിടികൂടി. ഇതോടെ ഒന്നിന് 29 എന്ന നിലയില്‍ നിന്ന് നാലിന് 30 എന്ന നിലയിലേക്ക് മുംബൈ ഇന്ത്യന്‍സ് കൂപ്പകുത്തി. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. പിന്നീട് സ്‌കോര്‍ 40-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത കീറണ്‍ പൊള്ളാര്‍ഡിനെ രജത് ഭാട്ട്യ വിക്കറ്റിന് മുന്നില്‍ കുടുക്കി.
സ്‌കോര്‍ 51-ല്‍ എത്തിയപ്പോള്‍ രണ്ട് റണ്‍സെടുത്ത ശ്രേയസ് ഗോപാലിനെ മുരുകന്‍ അശ്വിന്റെ പന്തില്‍ രഹാനെയും പിടികൂടി. സ്‌കോര്‍ 68-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും നഷ്ടമായി. 27 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത അമ്പാട്ടി റായിഡുവിനെ അശ്വിന്റെ പന്തില്‍ ഡുപ്ലെസിസ് പിടികൂടി. പിന്നീട് എട്ടാം വിക്കറ്റില്‍ ഹര്‍ഭജനും വിനയ്‌കുമാറും ചേര്‍ന്നാണ് മുംബൈ സ്‌കോര്‍ മൂന്നക്കം കടക്കാന്‍ സഹായിച്ചത്. എന്നാല്‍ 12 റണ്‍സെടുത്ത വിനയ്‌കുമാറിനെ ആര്‍.പി. സിങിന്റെ പന്തില്‍ സ്റ്റീവന്‍ സ്മിത്ത് പിടികൂടി. 18.5 ഓവറിലാണ് മുംബൈ സ്‌കോര്‍ 100 കടന്നത്. റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി ഇഷാന്ത് ശര്‍മ്മ, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
















