മുംബൈ: തത്കാലം കാര്‍മേഘമൊഴിഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ഈ സീസണിലെ ആദ്യ പോരാട്ടത്തിന് മുംബൈയിലെ വാംഖ്‌ഡെ സ്റ്റേഡിയം തന്നെ വേദിയാകും. നാളെ രാത്രി എട്ടിന് നിലവിലെ ജേതാക്കളും ആതിഥേയരുമായ മുംബൈ ഇന്ത്യന്‍സും പുതുതായെത്തിയ പൂനെ സൂപ്പര്‍ജയന്റ്‌സുമാണ് ഉദ്ഘാടന മത്സരത്തില്‍ മുഖാമുഖമെത്തുക. കുടിവെള്ള ക്ഷാമം രൂക്ഷമായ സംസ്ഥാനത്ത് ഐപിഎല്‍ മത്സരങ്ങള്‍ നടത്തണമോയെന്ന ബോംബെ ഹൈക്കോടതിയുടെ ചോദ്യമാണ് ആദ്യ മത്സരം ആശങ്കയിലാക്കിയത്. ബുധനാഴ്ചയാണ് കോടതി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.
ഇന്നലെ കേസ് വീണ്ടും പരിഗണിച്ച കോടതി മത്സര നടത്തിപ്പിന് അനുമതി നല്‍കി. കൂടുതല്‍ വാദത്തിനായി കേസ് 12ലേക്കു മാറ്റി.
വിഷയത്തില്‍ ഇന്നലെയും രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. എന്നാല്‍, മത്സരനടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും ഇനി മത്സരം മാറ്റുക ബുദ്ധിമുട്ടെന്നും ബിസിസിഐ കോടതിയെ അറിയിച്ചു. ജനങ്ങള്‍ ടിക്കറ്റ് വാങ്ങിയെന്നും താരങ്ങള്‍ നഗരത്തിലെത്തിയെന്നും ബിസിസിഐ വ്യക്തമാക്കി. ഇതോടെയാണ് ഉദ്ഘാടന മത്സരത്തിന് കോടതി അനുമതി നല്‍കിയത്.
മഹാരാഷ്‌ട്രയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ ഐപിഎല്‍ പോലുള്ള മത്സരങ്ങള്‍ക്ക് വെള്ളം ഉപയോഗിക്കുന്നത് ധൂര്‍ത്തെന്നു ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയുടെ പരാമര്‍ശം. കുടിവെള്ള ദൗര്‍ലഭ്യമില്ലാത്ത സംസ്ഥാനത്തേക്ക് സംസ്ഥാനത്തെ മത്സരങ്ങള്‍ മാറ്റിക്കൂടേയെന്നാണ് കോടതി ചോദിച്ചത്. സംസ്ഥാനത്ത് മുംബൈ, പൂനെ, നാഗ്പ്പൂര്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. കോടതിയുടെ ചോദ്യം മത്സരങ്ങളുടെ നടത്തിപ്പിനെ ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. കുടിവെള്ളമുപയോഗിച്ചല്ല ഗ്രൗണ്ട് നനയ്‌ക്കലും പിച്ച് തയാറാക്കലും മറ്റുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ കോടതിയെ അറിയിച്ചിരുന്നു.
കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനും ക്രിക്കറ്റ് അസോസിയേഷനും കോടതി നിര്‍ദേശവും നല്‍കി.
ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ മുംബൈയിലും എലിമിനേറ്ററും ക്വാളിഫയറുമുള്‍പ്പെടെയുള്ള മത്സരങ്ങള്‍ പൂനെയിലുമാണ് നിശ്ചയിച്ചിട്ടുള്ളത്. മുംബൈ, പൂനെ ടീമുകളുടെ ഹോം മത്സരങ്ങള്‍ക്കും അതത് നഗരങ്ങള്‍ വേദിയാകും. മൂന്നു കളികളാണ് നാഗ്പ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ മൈതാനത്ത് നടക്കുക. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായാണ് നാഗ്പ്പൂരിനെ ഉള്‍പ്പെടുത്തിട്ടുള്ളത്.
ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നു നടക്കും. എട്ടു ടീമുകളാണ് ഇത്തവണയും ടൂര്‍ണമെന്റിനുള്ളത്. കോഴ വിവാദത്തെത്തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും ഒഴിവാക്കിയപ്പോള്‍, പൂനെ സൂപ്പര്‍ജയന്റ്‌സും ഗുജറാത്ത് ലയണ്‍സുമാണ് പകരമെത്തിയത്. പൂനെയെ ചെന്നൈയുടെ നായകനായിരുന്ന എം.എസ്. ധോണി നയിക്കുമ്പോള്‍, ലയണ്‍സ് ചെന്നൈയുടെ കുന്തമുനയായിരുന്ന സുരേഷ് റെയ്‌ന.
















