പാരീസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഫ്രഞ്ച് ടീം പാരീസ് സെന്റ് ജര്‍മനും തിരിച്ചടി. താരനിബിഡമായ ഫ്രഞ്ച് ടീമിനെ അവരുടെ തട്ടകത്തില്‍ ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ സിറ്റി തളച്ചു (2-2). അടുത്തയാഴ്ച ലണ്ടനിലെത്തുമ്പോള്‍ പിഎസ്ജിക്ക് തിരിച്ചടിയാകുക സിറ്റി നേടിയ രണ്ട് എവേ ഗോളുകള്‍.
അടിച്ചും തിരിച്ചടിച്ചും ആവേശകരമായിരുന്നു മത്സരം. തുടക്കത്തിലേ മുന്നിലെത്താന്‍ അവസരം ലഭിച്ചത് പിഎസ്ജിക്ക്. സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് എടുത്ത പെനല്‍റ്റി സിറ്റി ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ട് തടുത്തിട്ടു. 38ാം മിനിറ്റില്‍ സിറ്റി മുന്നിലുമെത്തി. കെവിന്‍ ഡി ബ്ര്യൂണെയാണ് ഇംഗ്ലീഷ് ടീമിന് ലീഡ് സമ്മാനിച്ചത്. പ്രത്യാക്രമണത്തില്‍നിന്നുള്ള മുന്നേറ്റം വലയിലെത്തിച്ചു ബ്ര്യൂണെ.
സെന്‍ട്രല്‍ സര്‍ക്കിളില്‍ വച്ച് അഡ്രിയാന്‍ റാബിയറ്റില്‍നിന്ന് പന്ത് പിടിച്ചെടുത്ത ഫെര്‍ണാണ്ടോ, ഫെര്‍ണാണ്ടീഞ്ഞൊയ്‌ക്ക് കൈമാറി. ബ്രസീലിയനില്‍നിന്ന് പന്ത് സ്വീകരിച്ച ബ്ര്യൂണെ അനായാസം വലയിലുമാക്കി (0-1). ഫ്രഞ്ച് ടീം ഗോളി കെവിന്‍ ട്രാപ്പ് ഈ സീസണില്‍ വഴങ്ങുന്ന പതിനാലാമത്തെ മാത്രം ഗോളാണിത്.
ലീഡ് നേടിയതിന്റെ ആവേശം മൂന്നു മിനിറ്റ് മാത്രമേ സിറ്റിക്ക് നിലനിര്‍ത്താനയുള്ളു. 41ാം മിനിറ്റില്‍ പെനല്‍റ്റി പാഴാക്കിയതിന്റെ നഷ്ടം ഫീല്‍ഡ് ഗോളിലൂടെ ഇബ്രാഹിമോവിച്ച് നികത്തി. ഫെര്‍ണാണ്ടൊയ്‌ക്ക് സംഭവിച്ച പിഴവാണ് ഗോളിലേക്ക് വഴിതുറന്നത്. ഗോള്‍ കിക്ക് സ്വീകരിച്ച് ഫെര്‍ണാണ്ടോ അലസതയോടെ തട്ടിയ പന്ത് ഇബ്രയുടെ കാലില്‍ തട്ടി വലയില്‍ കയറി (1-1). ജോ ഹാര്‍ട്ടാകട്ടെ പന്ത് തടുക്കാന്‍ പറ്റിയ സ്ഥാനത്തുമായിരുന്നില്ല.
രണ്ടാം പകുതിയില്‍ പിഎസ്ജിയാണ് കൂടുതല്‍ മികവു പുലര്‍ത്തിയത്. 59ാം മിനിറ്റില്‍ റാബിയറ്റ് ഫ്രഞ്ച് ടീമിന് ലീഡ് നല്‍കി. എഡിന്‍സണ്‍ കവാനി ബോക്‌സിലേക്ക് തൊടുത്ത ഹെഡ്ഡര്‍ ഗോളി ജോ ഹാര്‍ട്ട് തട്ടിത്തെറിപ്പിച്ചു. പന്ത് ലഭിച്ച റാബിയറ്റ് പോസ്റ്റിന് മുകള്‍ മൂലയില്‍ ഭദ്രമായി നിക്ഷേപിച്ചു (2-1). 72ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞൊ സിറ്റിക്ക് സമനിലയും സെമി പ്രതീക്ഷയും സമ്മാനിച്ചു.
സാഗ്ന നല്‍കിയ പന്ത് സെര്‍ജിയോ അഗ്വെയ്‌റോയുടെ കാലില്‍ തട്ടി ഗതിമാറി ഫെര്‍ണാണ്ടീഞ്ഞൊയ്‌ക്കാണ് ലഭിച്ചത്. ബ്രസീല്‍ താരത്തിന്റെ ഷോട്ട് അനായാസം വലയില്‍ കയറുമ്പോള്‍ ജയതുല്യമായ സമനില നേടിയ പ്രതീയായി സിറ്റി താരങ്ങള്‍ക്ക്. ബുധനാഴ്ചയാണ് രണ്ടാം പാദം.
















