ലാഹോര്‍: പാക്ക് ട്വന്റി 20 ക്രിക്കറ്റ് ടീമിനെ നയിക്കാനുള്ള ഊഴം ഇനി സര്‍ഫ്രാസ് അഹമ്മദിന്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് സര്‍ഫ്രാസ് അഹമ്മദിനെ ട്വന്റി 20 ക്യാപ്റ്റനായി നിയമിച്ചത്. ഏഷ്യാകപ്പിലെയും ലോകകപ്പിലെയും മോശം പ്രകടനത്തെത്തുടര്‍ന്ന് ഷാഹിദ് അഫ്രീദി രാജിവച്ചതിനെത്തുടര്‍ന്നാണ് പുതിയ നായകന്റെ നിയമനം.
ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സര്‍ഫ്രാസ് അഹമ്മദ്. സെപ്റ്റംബര്‍ ഏഴിന് ഇംഗ്ലണ്ടിനെതിരേ ഓള്‍ഡ് ട്രാഫോഡിലാകും നായകനെന്ന നിലയില്‍ സര്‍ഫ്രാസിന്റെ അരങ്ങേറ്റം. പിന്നീട് യുഎഇയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് മത്സരങ്ങളുടെ പരമ്പരയിലും സര്‍ഫ്രാസ് അഹമ്മദ് പാക് ടീമിെന നയിക്കും. കഴിഞ്ഞ ദിവസം അഫ്രീദിക്ക് പിന്നാലെ കോച്ച് വഖാര്‍ യൂനസും രാജിവെച്ചിരുന്നു.
പാക് ടീമിന്റെ പുതിയ നായകനായി തെരഞ്ഞെടുക്കാന്‍ ഏറെ അനുയോജ്യന്‍ സര്‍ഫ്രാസാണെന്ന് പിസിബി ചെയര്‍മാന്‍ ഷെഹര്യാര്‍ ഖാന്‍. രാജ്യത്തെ നയിക്കാനുള്ള ചുമതല ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യമാണെങ്കിലും ക്യാപ്റ്റനെന്ന സ്ഥാനത്തോട് പരമാവധി നീതി പുലര്‍ത്തുന്ന മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്നും സര്‍ഫ്രാസ് പറഞ്ഞു.
21 ട്വന്റി 20കളില്‍ കളിച്ച സര്‍ഫ്രാസ് 291 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് അര്‍ദ്ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. 2006-ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ പാക് ടീമിന്റെ ക്യാപ്റ്റനായിരുന്നു സര്‍ഫ്രാസ്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനെ ഫൈനല്‍ വരെയെത്തിച്ച് സീനിയര്‍ തലത്തിലും സര്‍ഫ്രാസ് നായകമികവ് പ്രകടിപ്പിച്ചിട്ടുണ്ട്.
















