ന്യൂദല്‍ഹി: രാജ്യത്തെ ക്രിക്കറ്റിന്റെ വളര്‍ച്ചയ്‌ക്ക് ബിസിസിഐ ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതി. പരസ്പര സഹായ സഹകരണ സംഘം പോലെയാണ് ബിസിസിഐ പ്രവര്‍ത്തിക്കുന്നതെന്നും കോടതി പറഞ്ഞു. ഐപിഎല്‍ അഴിമതി അന്വേഷിച്ച ജസ്റ്റിസ് ലോധ കമ്മറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ടി.എസ്. താക്കൂറും ജസ്റ്റിസ് എഫ്.എം.ഐ. ഖലീഫുള്ളയുമടങ്ങിയ ബെഞ്ചാണ് ബിസിസിഐക്കെതിരെ കടുത്ത നിരീക്ഷണങ്ങള്‍ നടത്തിയത്.
ലോധ കമ്മറ്റി റിപ്പോര്‍ട്ടിലെ എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി ബിസിസിഐ സുപ്രീം കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് കേസ് വീണ്ടും പരിഗണിച്ചത്.
ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കുള്ള ഫണ്ട് വിതരണത്തില്‍ ക്രമക്കേടുണ്ടെന്നു കോടതി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാന അസോസിയേഷനുകള്‍ക്ക് നല്‍കിയ സാമ്പത്തിക സഹായത്തിന്റെ കണക്കുകള്‍ പരിശോധിച്ച ശേഷം കോടതിയുടെ അഭിപ്രായം. 11 സംസ്ഥാനങ്ങള്‍ക്ക് ഒരു രൂപ പോലും നല്‍കിയിട്ടില്ല. ഒരു വര്‍ഷം 480 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് ബിസിസിഐ നല്‍കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏകദേശം 2,000 കോടി രൂപ നല്‍കിയിട്ടുണ്ടാകും.
നല്‍കിയ പണം കൃത്യമായാണ് വിനിയോഗിക്കുന്നതെന്ന് ബിസിസിഐ ഉറപ്പുവരുത്താറുണ്ടോയെന്നും കോടതി ചോദിച്ചു. ത്രിപുര, നാഗാലാന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷം നല്‍കിയ തുകയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്നും ബിസിസിഐക്ക് കോടതി നിര്‍ദേശം നല്‍കി. ഫണ്ട് വിതരണം യുക്തിക്ക് നിരക്കാത്തതും സുതാര്യതയില്ലാത്തതുമാണ്. ഇത് കൂടുതല്‍ കാര്യക്ഷമവും നീതിപൂര്‍വകവുമാക്കണം. സംസ്ഥാനങ്ങള്‍ യാചിക്കേണ്ടിവരുന്നത് ശരിയല്ല. പ്രാദേശിക ക്രിക്കറ്റ് ബോര്‍ഡിലുള്ളവരുടെ മുഖം നോക്കിയ ശേഷമാണോ പണം അനുവദിക്കുന്നതെന്നും കോടതി ചോദിച്ചു. വേണ്ടപ്പെട്ടവര്‍ക്ക് നിയന്ത്രണമില്ലാതെ ഫണ്ട് നല്‍കുന്നത് അവരെ അഴിമതിക്കാരാക്കുന്നതിനു തുല്യമെന്നും കോടതി.
ലോധ കമ്മറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കരുതെന്ന ബിസിസിഐയുടെ വാദം സുപ്രീംകോടതി നിരസിച്ചു. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കഴിയില്ലെന്ന് പറയരുത്. പ്രായോഗിക വിഷമതകള്‍ ചൂണ്ടിക്കാട്ടി ഒഴിവുകഴിവ് പറയരുതെന്നും കോടതി നിര്‍ദേശിച്ചു. അതിനിടെ, ലോധ കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം നടപ്പാക്കിയ കാര്യങ്ങള്‍ ബിസിസിഐ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ ധരിപ്പിച്ചു. ഓംബുഡ്മാനെ നിയമിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഉയര്‍ന്ന മാനേജ്‌മെന്റ് തസ്തികയിലേക്ക് നിയമനത്തിന് നടപടി തുടങ്ങിയെന്നും വേണുഗോപാല്‍ പറഞ്ഞു.
ചില നിര്‍ദേശങ്ങള്‍ അംഗീകരിക്കുക ബുദ്ധിമുട്ടെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. അത്തരം കാര്യങ്ങളില്‍ ബിസിസിഐയുടെ വാദം കേള്‍ക്കാമെന്നും പരിശോധിക്കാമെന്നും കോടതി പറഞ്ഞു. അതിനു ശേഷം ആവശ്യമെങ്കില്‍ ഇത്തരം വിഷയങ്ങള്‍ വീണ്ടും പരിഗണിക്കാന്‍ ലോധ കമ്മറ്റിയോട് ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
ജനവരി നാലിനാണ് ലോധ കമ്മറ്റി സുപ്രീം കോടതിയില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. 2013ലെ ഐപിഎല്‍ അഴിമതി അന്വേഷിക്കാന്‍ സുപ്രീം കോടതിയാണ് ജസ്റ്റിസ് ലോധ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടക്കം ബിസിസിഐയുടെ തലപ്പത്തു വരാന്‍ പാടില്ലെന്നതടക്കം സുപ്രധാനമായ ഒട്ടേറെ നിര്‍ദേശങ്ങളാണ് ലോധ കമ്മറ്റി സമര്‍പ്പിച്ചത്.
















