ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രത്തിലാദ്യമായി കിരീടം സ്വന്തമാക്കാനുറച്ച് കുതിക്കുന്ന ലീസസ്റ്റര്‍ സിറ്റിക്ക് വീണ്ടും ഒരു ഗോള്‍ വിജയം. തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് അവര്‍ 1-0ന്റെ വിജയം സ്വന്തമാക്കിയത്. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ സതാംപ്ടനോടായിരുന്നു ലീസസ്റ്റര്‍ വിജയം നേടിയത്. കളിയുടെ 38-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വെസ് മോര്‍ഗനാണ് ലീസസ്റ്റിന്റെ വിജയഗോള്‍ നേടിയത്. ക്രിസ്റ്റിയന്‍ ഫുക്ക്‌സിന്റെ ക്രോസാണ് മോര്‍ഗന്‍ വലയിലേക്ക് തിരിച്ചുവിട്ടത്. 11 മാസങ്ങള്‍ക്കിടെ ക്യാപ്റ്റന്‍ മോര്‍ഗന്റെ ആദ്യ ഗോളും.
വിജയത്തോടെ ലീസസ്റ്റര്‍ കിരീടത്തിലേക്കു ഒരു പടി കൂടി അടുത്തു. ആറ് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ ഒന്നാം സ്ഥാനത്തുള്ള ലീസസ്റ്ററിന് ഏഴ് പോയിന്റിന്റെ ലീഡാണുള്ളത്. ലീസസ്റ്റര്‍ 32 കളികളില്‍ നിന്ന് 69 പോയിന്റ് സ്വന്തമാക്കിയപ്പോള്‍ രണ്ടാമതുള്ള ടോട്ടനത്തിന് അത്രയും മത്സരങ്ങളില്‍ നിന്ന് 62 പോയിന്റാണുള്ളത്.
വാശിയേറിയ പോരാട്ടമാണ് ഇരുടീകളും കാഴ്ചവെച്ചതെങ്കിലും പന്തടക്കത്തില്‍ നേരിയ മുന്‍തുക്കം സതാംപ്ടണായിരുന്നു. സതാംപ്ടണ്‍ താരങ്ങള്‍ 54 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയെങ്കിലും ആകെ 10 ഷോട്ടുകളാണ് പായിക്കാന്‍ കഴിഞ്ഞത്. ഇതില്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയത് രെണ്ടണ്ണം മാത്രം. എന്നാല്‍ രണ്ട് തവണയും ലീസസ്റ്റര്‍ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. അതേസമയം ലീസസ്റ്റര്‍ പായിച്ച 11 ഷോട്ടുകളില്‍ നാലെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങി.
35-ാം മിനിറ്റില്‍ സതാംപ്ടണ് മികച്ച അവസരംലഭിച്ചെങ്കിലും ജോസ് ഫോന്റെയുടെ ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ട് ലീസസ്റ്റര്‍ ഗോളി കോര്‍ണറിന് വഴങ്ങി കുത്തിയകറ്റി.
മൂന്നുമിനിറ്റിനുശേഷം ലീസസ്റ്റര്‍ ലീഡ് നേടുകയും ചെയ്തു. ഇതോടെ ആദ്യപകുതിയില്‍ ലീസസ്റ്റര്‍ 1-0ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 71-ാം മിനിറ്റില്‍ ഡാനി സിംപ്‌സന്റെ ഷോട്ട് സതാംപ്ടണ്‍ ഗോള്‍കീപ്പര്‍ ഫ്രേസര്‍ ഫോസ്റ്റര്‍ രക്ഷപ്പെടുത്തി. ഇംഗ്ലണ്ട് ദേശീയ ടീമിനായി രണ്ടു ഗോളടിച്ച് തിരിച്ചെത്തിയ ജയ്‌മി വാര്‍ഡി സതാംപ്ടണ്‍ ബോക്‌സില്‍ ശല്യക്കാരനായെങ്കിലും ഗോളടിക്കാനായില്ല. തുടര്‍ന്ന് സമനില ഗോളിനായി സതാംപ്ടണ്‍ പൊരുതിയെങ്കിലും മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ചയും കൃത്യതയുമുണ്ടായിരുന്നില്ല.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എകപക്ഷീയമായ ഒരു ഗോളിന് എവര്‍ട്ടണെ കീഴടക്കി. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ 54-ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യല്‍ നേടിയ ഏക ഗോളിനാണ് യുണൈറ്റഡ് വിജയം കണ്ടത്. ഒരു ഗോള്‍ നേടിയതോടെ സ്വന്തം ഗ്രൗണ്ടില്‍ 1000 ഗോളുകള്‍ നേടുന്ന ആദ്യ ടീമെന്ന ബഹുമതിയും മാഞ്ചസ്റ്റര്‍ സ്വന്തമാക്കി.
വിജയത്തോടെ 31 കളികളില്‍ നിന്ന് 53 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ ആഴ്‌സണലും മാഞ്ചസ്റ്റര്‍ സിറ്റിയും ഗംഭീര വിജയം സ്വന്തമാക്കി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ആഴ്‌സണല്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് വാറ്റ്‌ഫോര്‍ഡിനെയും സിറ്റി എവേ മത്സരത്തില്‍ 4-0ന് ബേണ്‍മൗത്തിനെയും പരാജയപ്പെടുത്തി.
ലിവര്‍പൂള്‍-ടോട്ടനം പോരാട്ടം 1-1ന് സമനിലയിലും പിരിഞ്ഞു. 31 കളികളില്‍ നിന്ന് 58 പോയിന്റുമായി ആഴ്‌സണല്‍ മൂന്നാമതും 54 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി നാലാം സ്ഥാനത്തും തുടരുന്നു.
















