കുന്നത്തൂര്‍: കുന്നത്തൂര്‍ പഞ്ചായത്തിന്റെ നല്ലൊരു ഭാഗവും വെള്ളം കൊണ്ട് സമൃദ്ധമാണെങ്കിലും പൊതുജനത്തിന് അതൊന്നും പ്രയോജനപ്പെടുന്നില്ല. കുടിനീരിനായി പൊതു ടാങ്കറുകളെ കാത്തിരിക്കേണ്ട ദുരവസ്ഥയിലാണ് ഇവിടുത്തെ ജനങ്ങള്‍. പഞ്ചായത്തില്‍ മാത്രം 20 ല്‍പരം ചെറുതും വലുതുമായ ജല സംഭരണികളാണ് ഉള്ളത്. ഉപയോഗ ശൂന്യമായ പാറമടകളും കട്ടകുഴികളുമാണ് ഇത്തരത്തില്‍ ശുദ്ധജല സമൃദ്ധിയുമായി കിടക്കുന്നത്. മാനാമ്പുഴ പനന്തോപ്പ് ഭാഗത്ത് മാത്രമായി ഒമ്പതില്‍പ്പരം ജലസംഭരണികളായ പാറമടകളാണ് ഉള്ളത്.
ഇവയില്‍ പലതും നൂറടിമുതല്‍ താഴ്ചയുള്ളതും പത്തുവര്‍ഷം മുമ്പ് പാറഖനനം നിര്‍ത്തിയ ക്വാറികളുമാണ്. ഇത് കൂടാതെ നെടിയവിള, ഐവര്‍കാല, ചീക്കല്‍കടവ് ഭാഗങ്ങളില്‍ കട്ടയ്‌ക്കായി ചെളിയെടുത്ത് രൂപം കൊണ്ട കുഴികളിലും വെള്ളം കെട്ടി നില്‍ക്കുകയാണ്. ഇത്തരത്തില്‍ പാറക്വാറികളിലേയും ചിറകളിലെയും ജലം കാര്യക്ഷമമായി വിനിയോഗിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ഈ ജലം നിലവില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റുമായി പൊതു ജനങ്ങള്‍ ഉപയോഗിച്ച് വരുന്നുണ്ട്. ഇവിടങ്ങളിലെ ജലം ശുദ്ധീകരിച്ച് കുടിവെള്ളമായി വിതരണം ചെയ്യുന്നതിനായി ആലോചനകള്‍ നടന്നെങ്കിലും അത് എങ്ങുമെത്തിയിട്ടില്ല. ഇത്തരത്തിലുള്ള ജലസം’രണികള്‍ കടുത്ത വേനലില്‍ പോലും വറ്റാത്തവയാണ്. സാമൂഹിക വിരുദ്ധര്‍ ഇത്തരം ജല സംഭരണികള്‍ വേസ്റ്റ് തള്ളുന്നതിനുള്ള കേന്ദ്രമായി മാറ്റിയിരിക്കുകയാണ്. ഉപയോഗ ശൂന്യമായ ഇടം എന്നുള്ള നിലയിലാണ് ഈ പ്രവര്‍ത്തനം. അധികൃതര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചാല്‍ ഈ ജലസംഭരണികള്‍ നാടിന്റെ കുടിനീര്‍ ദാഹമകറ്റാന്‍ ഉപകരിക്കുന്നതാകും.
















