മിലാന്‍: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ പരിശീലകന്‍ സെസാര്‍ മാല്‍ദീനി അന്തരിച്ചു. 84 വയസ്സായിരുന്നു. സീരി എ ക്ലബ്ബായ എസി മിലാന്റെ പ്രതിരോധനിരയിലെ കരുത്തനും നായകനുമായിരുന്നു മാല്‍ദീനി. ക്ലബ് കരിയറില്‍ 451 മത്സരങ്ങളില്‍ കളിച്ച ഇതിഹാസതാരം ഇറ്റാലിയന്‍ ദേശീയ ടീമിന് വേണ്ടി 14 മത്സരങ്ങളില്‍ പ്രതിരോധം കാത്തു. 1954 മുതല്‍ 66 വരെ മിലാനില്‍ കളിച്ച മാല്‍ദീനി ഒരു വര്‍ഷം ടോറിനോക്കുവേണ്ടിയും ബൂട്ടണിഞ്ഞു.
1960-ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയായിരുന്നു മാല്‍ദീനി ദേശീയ ടീമിനായി അരങ്ങേറ്റം നടത്തിയത്. 1962-ല്‍ ചിലിയില്‍ നടന്ന ലോകകപ്പിലും പങ്കെടുത്തു. തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് വിരമിച്ചശേഷം മിലാന്റെയും പാര്‍മയുടെയും അണ്ടര്‍ 21 ദേശീയ ടീമിന്റെയും പരിശീകലനായിരുന്നു. നീണ്ട 10 വര്‍ഷം അണ്ടര്‍ 21 ഇറ്റാലിയന്‍ ടീമിനെ മാല്‍ദീനി പരിശീലിപ്പിച്ചു. 1996 മുതല്‍ 98 വരെ ദേശീയ സീനിയര്‍ ടീമിനെയും 2001-02 വര്‍ഷങ്ങളില്‍ പരാഗ്വെ ദേശീയ ടീമിനെയും സെസാര്‍ മാല്‍ദീനി പരിശീലിപ്പിച്ചു.
















