കോട്ടയം: ഗണിതശാസ്ത്ര അവബോധവും പഠനവും മനുഷ്യമുന്നേറ്റത്തിന് അനിവാര്യമാണെന്ന് ഡോ.വി.എന്‍.രാജശേഖരന്‍പിള്ള പറഞ്ഞു. ഗണിതശാസ്ത്ര പരിഷത്തിന്റെ മാത്‌സ് ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ റാങ്ക് നേടിയ കുട്ടികളുടെ അവാര്‍ഡ് ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ സമസ്തമേഖലകളും പ്രാധാന്യമര്‍ഹിക്കുന്ന ഗണിതശാസ്ത്ര പഠനം സ്‌കൂളുകളില്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യം സമൂഹം മനസ്സിലാക്കണം. ശാസ്ത്രരംഗത്ത് ഇന്ന് ഏറ്റവും കൂടുതല്‍ മുന്നേറ്റങ്ങള്‍ നടക്കുന്നത് ജീവശാസ്ത്രമേഖലയിലാണ്. മാനവിക വിഷയങ്ങള്‍, പ്രപഞ്ചത്തിന്റെ അഗാധരഹസ്യങ്ങള്‍ പ്രകൃതി പഠനം ഇവയൊക്കെ പൂര്‍ണ്ണമാകണമെങ്കില്‍ കണക്കിന്റെ അടിത്തറ പൂര്‍ണ്ണമാകണമെന്നും അദ്ദേഹം പറഞ്ഞു. ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച സ്‌കൂളുകള്‍ക്കുള്ള ട്രോഫി രാജശേഖരന്‍പിള്ള ചടങ്ങില്‍ കൈമാറി. ഗണിതശാസ്ത്ര പരിഷത്ത് പ്രസിഡന്റ് ഇ.പി.രാഘവന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ.വി.നായര്‍, മുന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍.സോന തുടങ്ങിയവര്‍ പ്രസംഗിച്ചു.
















