ചെറിയനാട്: അനധികൃത കൈയേറ്റങ്ങള്‍ മൂലം നീരൊഴുക്കു നിലച്ച ഉത്തരപ്പള്ളിയാറിനെ പുനരുജ്ജീവിപ്പിക്കാന്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുമെന്ന പി.സി.വിഷ്ണുനാഥ് എംഎല്‍എ പ്രഖ്യാപനം നടത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും 12 ഇന കര്‍മ്മ പദ്ധതി നിര്‍ദ്ദേശങ്ങള്‍ കടലാസില്‍ ഒതുങ്ങുന്നു.
2013 ജനുവരി 15 മുതല്‍ മാര്‍ച്ച് 31വരെ രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തുടര്‍ നടപടികളിലൂടെ ഉത്തരപ്പള്ളിയാറിനെ വീണ്ടും ജലസമൃദ്ധമാക്കുമെന്നായിരുന്നു പ്രഖ്യാപനം. ചെങ്ങന്നൂര്‍ ഫെസ്റ്റിനോടനുബന്ധിച്ച് വൈഎംസിഎയില്‍ സംഘടിപ്പിച്ച നദീ സംരക്ഷണ സെമിനാറായിരുന്നു വേദി.
ജനുവരി 15 മുതല്‍ ഒരു റവന്യു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സര്‍വെ ആരംഭിച്ച് ആറ്റുതീരത്തെ കാടു തെളിച്ച് കണ്ടല്‍, മുള, രാമച്ചം എന്നിവ വച്ചുപിടിപ്പിക്കുക, ആറ്റില്‍ ചെളിയും മണ്ണും മൂടി കിടക്കുന്നത് നീക്കം ചെയ്ത് ആഴം കൂട്ടുക, ആറ്റിലേക്ക് അഴുക്കുവെള്ളം ഒഴുക്കി വിടുന്ന വഴി കണ്ടെത്തി പരിഹാര നടപടികള്‍ സ്വീകരിക്കുക, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ശാസ്ത്രീയ ക്രമീകരണങ്ങള്‍ ഉണ്ടാക്കുമെന്നും, വനംവകുപ്പ് , പരിസ്ഥിതി സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ സഹായത്തോടെ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നുമായിരുന്നു പ്രഖ്യാപനം.
ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ കുട്ടംമ്പേരൂര്‍ ആറ്, വരട്ടാര്‍, ആരീത്തോട്, കോലയാറ് എന്നീ നദികളുടെ പുനരുജ്ജീവനത്തിനും ഇതേ കര്‍മ്മ പദ്ധതി ലക്ഷ്യമിട്ടിരുന്നു. അതിനായി കുട്ടനാട് പാക്കേജിന്റെയും പമ്പാ ആക്ഷന്‍ പ്ലാനിന്റെയും ഫണ്ടുകള്‍ ഉപയോഗിക്കുമെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല.
മൂന്നു പതിറ്റാണ്ടുമുന്‍പുവരെ കേവു വള്ളങ്ങള്‍ അടക്കം കടന്നു പോയിരുന്ന ആറിന്റെ പല ഭാഗങ്ങളിലും കൈയേറ്റത്താല്‍ ഇല്ലാതായിരിക്കുന്നു. വെണ്മണി വില്ലേജില്‍ ശാര്‍ങക്കാവ് ക്ഷേത്രത്തിന് പടിഞ്ഞാറ് അച്ചന്‍കോവിലാറ്റിലെ പുത്തനാറ്റില്‍ നിന്നും ആരംഭിച്ച് ആല, ചെറിയനാട്, പുലിയൂര്‍, ബുധനൂര്‍ പഞ്ചായത്തുകളിലൂടെ ഇല്ലിമലയില്‍ എത്തി പമ്പാ നദിയില്‍ എത്തിച്ചേരുന്ന നദിക്ക് 18 കിലോമീറ്റര്‍ നീളമുണ്ട്.
കാര്‍ഷിക മേഖലയ്‌ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ് ഉത്തരപ്പള്ളിയാറിലെ ജലസ്രോതസ്സ്. അഞ്ച് പഞ്ചായത്തുകളില്‍ വ്യാപിച്ചു കിടക്കുന്ന ഏക്കറുകണക്കിന് പാടശേഖരങ്ങളിലെ നെല്‍, പച്ചക്കറി, കരകൃഷികള്‍ക്ക് ഉത്തരപ്പള്ളിയാര്‍് ഉപയോഗപ്രദമായിരുന്നു.
അനധികൃത കൈയ്യേറ്റം മൂലം ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന ആറ്റിലെ വെള്ളം പാരിസ്ഥിതിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. ഈ വെള്ളം ഉറവയായി സമീപത്തെ കിണറുകളില്‍ എത്തുന്നതിനാല്‍ ആരോഗ്യ ഭീഷണിയിലാണ് സമീപവാസികള്‍.
ബന്ധപ്പെട്ട അധികാരികളും ജനപ്രതിനിധികളും ഉത്തരപ്പള്ളിയാറിനെ അവഗണിച്ചപ്പോള്‍ പുനര്‍ജനിക്കായി ക്ഷേത്ര ഉത്സവവേദിയില്‍ കൂട്ടായ്‌മ ഒരുക്കുകയാണ് നടുവരംകോട് മഹാദേവക്ഷേത്ര ഭാരവാഹികള്‍. ഉത്സവത്തിന്റെ നാലാം ഉത്സവദിനമാണ് ഇതിന് വേദിയാകുന്നത്. ഉത്തരപ്പള്ളിയാറിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഈ ഒത്തുചേരലില്‍ പമ്പ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍.കെ. സുകുമാരന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും.
















