കോട്ടയം: ചൂടുപിടിക്കുന്ന തെരഞ്ഞെടുപ്പ് രംഗത്തിന് ചൂടുപകര്‍ന്നുകൊണ്ട് ജില്ലയില്‍ സ്ഥാനാര്‍ത്ഥികളുടെ ചുവരെഴുത്തുകള്‍ തുടങ്ങി. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിലവില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഈ രംഗത്തേക്ക് ഇവര്‍ കടന്നുവന്നിട്ടില്ല. എന്‍ഡിഎ, ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ അവരുടെ ചുവരെഴുത്തുകള്‍ ആരംഭിച്ചുകഴിഞ്ഞു. നേരത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിനാല്‍ ചുവരെഴുത്തുകളില്‍ മുന്നില്‍ എന്‍ഡിഎ, ബിജെപി സ്ഥാനാര്‍ത്ഥികളാണ്. ആധുനിക പ്രചരണ മാധ്യമങ്ങളുടെ തള്ളിക്കയറ്റം ഉണ്ടായിട്ടും ചുവരെഴുത്തുകളുടെ പ്രാധാന്യം ഒട്ടും നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നതാണ് വിവിധയിടങ്ങളിലെ ചുവരെഴുത്തുകള്‍.—
കാലംമാറിയതോടെ ചുവരെഴുത്തുകളുടെ ശൈലിയും മാറി. നീറ്റിയെടുത്ത കക്ക കുമ്മായമാക്കി മതിലില്‍ വെള്ളപൂശുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ ജനതാസവും വൈറ്റ് സിമിന്റുമൊക്കെയാണ് പകരക്കാരായി രംഗത്തുള്ളത്. വെള്ളപൂശുന്നതിന് ഉപയോഗിച്ചിരുന്ന ചകരിയില്‍ തീര്‍ത്തതും പ്ലാസ്റ്റിക് നിര്‍മ്മിതവുമായ ബ്രഷുകളും കളം കാലിയാക്കി. ഇപ്പോള്‍ വെള്ള പൂശുന്നതുപോലും റോളര്‍ ഉപയോഗിച്ചാണ്. എഴുതാന്‍ ഉപയോഗിക്കുന്ന കളറിന്റെ കാര്യത്തിലും മാറ്റമേറെയാണ്. വിവിധ നിറങ്ങളിലുള്ള ഒക്‌സൈഡുകള്‍, നീലം, ടെന്‍മ്പ്രോ പൗഡര്‍ എന്നിവയൊക്കെയാണ് പണ്ടുകാലത്ത് എഴുതാന്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇതിന് പകരമായി ഫഌറസെന്റുകള്‍ സ്ഥാനം പിടിച്ചു. അക്ഷരങ്ങള്‍ക്ക് അല്പം കളര്‍ കൂടുതല്‍ വേണമെങ്കില്‍ പിക്‌മെന്റുകളും ഉപയോഗിക്കുന്നുണ്ട്. ഓക്‌സൈഡുകളേക്കാള്‍ ഫഌറസെന്റുകള്‍ക്ക് അല്പം വിലകൂടുമെങ്കിലും നിലവാരം മെച്ചപ്പടുമെന്നതാണ് ഇവയിലേക്ക് വഴിമാറാനുള്ള കാരണം. ചുവരെഴുത്തില്‍നിന്നും അന്നും ഇന്നും ഒഴിവാക്കാന്‍ കഴിയാതെയുള്ളത് ഡിഡിഎല്‍ പശമാത്രമാണ്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ തന്നെ സാധനങ്ങള്‍ വാങ്ങിനല്‍കി കലാകാരന്മാരെ ദിവസവേതനത്തില്‍ ജോലിചെയ്യിപ്പിക്കുന്ന സ്ഥലങ്ങളുണ്ട്. പ്രധാന കലാകാരന് 1000 രൂപ കൂലി നല്‍കുമ്പോള്‍ സഹായികള്‍ക്ക് 800രൂപവരെയാണ് പ്രതിഫലം നല്‍കുന്നത്. ചതുരശ്ര അടിയുടെ അടിസ്ഥാനത്തില്‍ കരാറെടുത്തും കലാകാരന്മാര്‍ ചുവരഴുതുന്നുണ്ട്. 20മുതല്‍ 30രൂപവരെയാണ് ഒരോ ചതുരശ്ര അടിക്ക് ഇപ്പോഴുള്ള നിരക്ക്. മതിലിന്റെ വലുപ്പമനുസരിച്ച് 1000 മുതല്‍ 5000 രൂപവരെ ഒരോ മതിലിനും ചിലവാകും.
















