ന്യൂദല്‍ഹി: ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നേവാള്‍ സെമിയില്‍ പുറത്ത്. ഒളിംപിക് ചാമ്പ്യന്‍ ലി സുറേയിയോട് കടുത്ത പോരാട്ടത്തിനൊടുവില്‍ കീഴടങ്ങി സൈന, സ്‌കോര്‍: 20-22, 21-17, 19-21. ഇതോടെ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ സാന്നിധ്യം അവസാനിച്ചു.
ഒപ്പത്തിനൊപ്പം പോരാട്ടം കണ്ട മത്സരത്തില്‍ നേരിയ പിഴവുകള്‍ക്ക് സൈന വില നല്‍കേണ്ടി വന്നു. റാലികളിലൂടെ എതിരാളിയെ വിറപ്പിക്കാന്‍ ഇന്ത്യന്‍ താരത്തിനായെങ്കിലും അതു ഫലവത്തക്കാനായില്ല. ആദ്യ ഗെയിമില്‍ 8-5ന് ലീഡ് നേടിയ സൈനയ്‌ക്ക് പിന്നീട് ആ മികവ് നിലനിര്‍ത്താനായില്ല. 11-9ന് ലീഡ് കുറച്ച ലീ, 16-13ലേക്ക് മുന്നേറി. 18-18ന് ഒപ്പമെത്തിയെങ്കിലും 19-18ന് സൈന വീണ്ടും ലീഡെടുത്തു. എന്നാല്‍, ഒരു പോയിന്റ് കൂടിയേ സൈനയ്‌ക്ക് നേടാനായുള്ളു.
രണ്ടാമത്തേതില്‍ ഇന്ത്യന്‍ താരത്തിന്റെ ആധിപത്യം. 7-1, 11-6 എന്നിങ്ങനെ മുന്നേറിയ സൈന 21-17ന് ഗെയിം കൈവശപ്പെടുത്തി. അവസാനത്തേതില്‍ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും നിര്‍ണായക സമയത്തെ വീഴ്ച ഇന്ത്യന്‍ താരത്തിന് തിരിച്ചടിയായി. ഒരു ഘട്ടത്തില്‍ സൈന 18-16ന് ലീഡ് നേടിയെങ്കിലും സ്വയം വരുത്തിയ പിഴവുകള്‍ എതിരാളിയെ ഒപ്പമെത്തിച്ചു. ഒടുവില്‍ 21-19ന് ഗെയിമും ഫൈനല്‍ ടിക്കറ്റും സ്വന്തമാക്കി ലീ.
















