കോട്ടയം: യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ രാമപുരം സ്വദേശി ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ തീവ്രപരിശ്രമത്തിലാണെന്ന് ബിജെപി സംസ്ഥാന വക്താവ് ജെ.പത്മകുമാര്‍ അഭിപ്രായപ്പെട്ടു. ദേശീയ ജനാധിപത്യ സഖ്യം റീജിയണല്‍ മീഡിയ സെന്ററിന്റെ ഉദ്ഘാടനം കോട്ടയം ബിജെപി ഓഫീസില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനീഷ് തിവാരി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വര്‍ഗീയ വിഷം കുത്തിവച്ച് ഈ വിഷയത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ലിബിയയിലെ യുദ്ധഭൂമിയില്‍ അകപ്പെട്ട നൂറുകണക്കിന് നഴ്‌സുമാരെ അവരുടെ ജാതിയോ മതമോ ഏതെന്ന് നോക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ സുരക്ഷിതരായി ഭാരതത്തില്‍ എത്തിച്ചത്.
ഫാ.ടോമിന്റെ മോചനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുഷമസ്വരാജിന്റെ ഇക്കാര്യത്തിലുള്ള പ്രത്യേക ശ്രദ്ധയെ പ്രശംസിച്ചിരുന്നു.
മീഡിയ സെല്‍ കോട്ടയം ജില്ലാ കണ്‍വീനര്‍ അനില്‍തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. കേരള പത്രസപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ.ഡി.ഹരികുമാര്‍, ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്, സംസ്ഥാന മീഡിയ കണ്‍വീനര്‍ പി. ശ്രീകുമാര്‍, ടി.എന്‍. ഹരി, ആര്‍. സന്ദീപ്, എം.ആര്‍.അനില്‍കുമാര്‍, സി.എന്‍. സുഭാഷ്, രവി കുമ്മനം, ബാലചന്ദ്രന്‍ ചീറോത്ത്, ബിനു. ആര്‍. വാര്യര്‍, രമേശ് കല്ലില്‍, അജീഷ് എന്നിവര്‍ പ്രസംഗിച്ചു.
















