ലാഹോര്‍: പാക്കിസ്ഥാന്‍ ട്വന്റി 20 ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ മകള്‍ അസ്മര ആശുപത്രിയില്‍. എന്നാല്‍ എന്തുരോഗമാണ് മകള്‍ക്കെന്ന് അഫ്രീദിയോ ഡോക്ടര്‍മാരോ വ്യക്തമാക്കിയിട്ടില്ല. മകള്‍ ആശുപത്രിയിലായതിനാല്‍ ലാഹോറില്‍ നടക്കുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അന്വേഷണ കമ്മിറ്റിയില്‍ ഹാജരാകില്ലെന്ന് അദ്ദേഹം അറിയിച്ചതായി ചില പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകകപ്പ് ട്വന്റി 20 മത്സരത്തിലും ഏഷ്യാ കപ്പിലും മോശം പ്രകടനമാണ് കാഴ്‌ച്ചവെച്ചതെന്ന ആരോപണങ്ങളെത്തുടര്‍ന്നാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് അഫ്രീദിയോട് ഹാജരാവാന്‍ പറഞ്ഞത്.
അഫ്രിദി ആശുപത്രിക്കിടക്കയില്‍ കഴിയുന്ന കുട്ടിയുടെ അടുത്ത് നില്‍ക്കുന്ന ചിത്രം അദ്ദേഹം തന്നെ ട്വിറ്റ് ചെയ്തിരുന്നു. തന്റെ മകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ട്വിറ്റര്‍ സന്ദേശം. ഇതിനിടെ സ്ഥിരമായി അഫ്രീദി പരിശീലനം മുടക്കാറുണ്ടെന്ന് പാകിസ്ഥാന്‍ പരിശീലകനായ വഖാര്‍ യൂനസ് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനിടെയാണ് മകളുമൊത്തുള്ള ചിത്രം അഫ്രിദി പുറത്തുവിട്ടത്.
















