കോഴിക്കോട്: ശ്രീരാമനവമി രഥയാത്ര ഇന്ന് ജില്ലയില്‍ പ്രവേശിക്കും. ഇന്നും നാളെയും രഥയാത്ര ജില്ലയില്‍ പ്രയാണം നടത്തും.
കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്ര സന്നിധിയില്‍ നിന്നും പ്രയാണം ആരംഭിച്ച യാത്ര ഏപ്രില്‍ 15ന് തിരുവനന്തപുരം ശ്രീരാമദാസ ആശ്രമത്തിലാണ് സമാപിക്കുക.
ശ്രീരാമദാസാശ്രമ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി യാത്ര ഉദ്ഘാടനം ചെയ്തു. ശ്രീരാമ സീതാ ആഞ്ജനേയ തിരുവിഗ്രഹവും നീലകണ്ഠഗുരുപാദര്‍, സ്വാമി സത്യാനന്ദ സരസ്വതി എന്നിവരുടെ ഛായാ ചിത്രങ്ങളും സീതാദേവിയുടെ ചൂഡാരത്‌നവും വഹിച്ചുകൊണ്ടാണ് ശ്രീരാമനവമി രഥം ജില്ലയില്‍ എത്തുന്നത്.
ഇന്ന് രാവിലെ 10ന് തൊട്ടില്‍പ്പാലത്ത് രഥം എത്തിച്ചേരും.
ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ജില്ലാ ഭാരവാഹികള്‍, ആദ്ധ്യാത്മികാചാര്യന്മാര്‍ എന്നിവര്‍ ചേര്‍ന്ന് വാഹനാകമ്പടിയോടെ രഥയാത്രയെ സ്വീകരിക്കും.
തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. വൈകിട്ട് ആറിന് വടകര ഒതയോത്ത് യാത്ര എത്തിച്ചേരും.
അവിടെ നിന്നും രഥയാത്രയെ ശ്രീഭഗവതി കോട്ടക്കല്‍ ക്ഷേത്ര പരിസരത്തേക്ക് ആനയിക്കും.
തുടര്‍ന്ന് നടക്കുന്ന ശ്രീരാമനവമി ഹിന്ദു മഹാസമ്മേളനത്തില്‍ വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികളും ആചാര്യ ശ്രേഷ്ഠന്മാരും പങ്കെടുക്കും.
നാളെ രാവിലെ 8 മണിക്ക് രഥയാത്ര ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം വൈകിട്ട് കാരപ്പറമ്പ് നെല്ലികാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും.
തുടര്‍ന്ന് നടക്കുന്ന ഹിന്ദു മഹാസമ്മേളനത്തോടെ ജില്ലയിലെ പര്യടനം സമാപിക്കും.
















